സ്പാനിഷ് ലീഗില്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ബാര്‍സലോണക്ക് സമനില. എവേ മത്സരത്തില്‍ റയല്‍ സോഷ്യദാദിനോടാണ് ബാര്‍സ 1-1 സമനിലയില്‍ പിരിഞ്ഞത്. ഗോളൊഴിഞ്ഞ ആദ്യ പകുതിക്കു ശേഷം 53-ാം മിനുട്ടില്‍ വില്ല്യന്‍ ജോസ് റയല്‍ സോഷ്യദാദിനെ മുന്നിലെത്തിച്ചു. 59-ാം മിനുട്ടില്‍ നെയ്മറിന്റെ പാസില്‍ നിന്ന് ലയണല്‍ മെസ്സിയാണ് സമനില ഗോള്‍ നേടിയത്.

മറ്റൊരു മത്സരത്തില്‍ അത്‌ലറ്റികോ മാഡ്രിഡ് എതിരില്ലാത്ത മൂന്ന് ഗോളിന് ഒസാസുനയെ തകര്‍ത്തു. ഡീഗോ ഗോദിന്‍, ഗമീറോ, കറാസ്‌കോ എന്നിവരായിരുന്നു സ്‌കോറര്‍മാര്‍.

ലീഗിലെ കഴിഞ്ഞ മത്സരത്തില്‍ മലാഗയുമായി ഗോളടിക്കാതെ പിരിഞ്ഞ ബാര്‍സ സോഷ്യദാദിനെതിരായ സമനിലയോടെ പോയിന്റ് ടേബിളില്‍ റയല്‍ മാഡ്രിഡിനേക്കാള്‍ ആറ് പോയിന്റ് പിറകിലായി. ശനിയാഴ്ച റയല്‍ സ്‌പോര്‍ട്ടിങ് ഗിയോണിനെ 2-1 ന് വീഴ്ത്തിയിരുന്നു. ക്രിസ്റ്റിയാനോ റൊണാള്‍ഡോ ആണ് റയലിന്റെ രണ്ടു ഗോളും നേടിയത്.

13 മത്സരങ്ങളില്‍ നിന്ന് 33 പോയിന്റോടെ റയല്‍ ആണ് ടേബിളില്‍ മുന്നില്‍. ബാര്‍സലോണക്കും സെവിയ്യക്കും 27 വീതം പോയിന്റുണ്ട്. ഗോള്‍ വ്യത്യാസത്തില്‍ മുന്‍തൂക്കം ബാര്‍സക്കാണ്. 24 പോയിന്റോടെ അത്‌ലറ്റികോ മാഡ്രിഡ് ആണ് നാലാം സ്ഥാനത്ത്.