ഫറ്റോര്‍ഡ: ഇന്ത്യന്‍ സൂപ്പര്‍ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് വിജയ തുല്യമായ സമനില. എഫ്‌സി ഈസ്റ്റ് ബംഗാളിനെതിരെയുള്ള മത്സരത്തില്‍ ഇഞ്ച്വറി ടൈമില്‍ ജീക്‌സണ്‍ സിങ് നേടിയ ഗോളാണ് ബ്ലാസ്‌റ്റേഴ്‌സിന് സമനില സമ്മാനിച്ചത്. ഒന്നാം പകുതിയില്‍ ഡിഫന്‍ഡര്‍ ബകാരി കോനയുടെ സെല്‍ഫ് ഗോളിലൂടെയാണ് ഈസ്റ്റ് ബംഗാള്‍ മുമ്പിലെത്തിയത്.

മത്സരത്തിന്റെ 13ാം മിനിറ്റിലായിരുന്നു ഈസ്റ്റ് ബംഗാളിന്റെ ഗോള്‍. മുഹമ്മദ് റഫീക്കിന്റെ ക്രോസ് ഡിഫന്‍ഡ് ചെയ്യാനുള്ള ശ്രമത്തിനിടെ കോനെയുടെ കാലില്‍ തട്ടി പന്ത് വലയില്‍ കയറുകയായിരുന്നു.

രണ്ടാം പകുതിയില്‍ കൂടുതല്‍ ഉണര്‍ന്നു കളിക്കുന്ന ബ്ലാസ്റ്റേഴ്‌സാണ് കളത്തില്‍ ഉണ്ടായിരുന്നത്. എന്നാല്‍ ഫൈനല്‍ തേഡില്‍ ഭാവനാ സമ്പന്നമായ നീക്കങ്ങള്‍ മെനയുന്നതില്‍ മിഡ്ഫീല്‍ഡര്‍മാര്‍ പരാജയപ്പെട്ടു. ഈസ്റ്റ് ബംഗാള്‍ പ്രതിരോധം പിളര്‍ത്തുന്ന പാസുകള്‍ സ്‌ട്രൈക്കര്‍മാര്‍ക്ക് കൈമാറുന്നതില്‍ പല തവണ അറ്റാക്കിങ് മിഡ്ഫീല്‍ ഫക്കുണ്ടോ പരേര പരാജയപ്പെട്ടു.

എന്നാല്‍ രണ്ടാം പകുതിയില്‍ പകരക്കാരനായി ഇറങ്ങിയ സഹല്‍ അബ്ദുല്‍ സമദിന്റെ ചിപ് ക്രോസില്‍ തലവച്ചാണ് ജീക്‌സണ്‍ ഗോള്‍ നേടിയത്. സീസണിലെ ആദ്യജയത്തിലേക്കെന്ന് തോന്നിച്ച ഈസ്റ്റ്ബംഗാള്‍ അവസാന നിമിഷം ഇടറി വീണു.

ആറു മത്സരങ്ങളില്‍ നിന്ന് മൂന്നു പോയിന്റുമായി ഒമ്പതാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ്. മൂന്നു തോല്‍വിയും മൂന്നു സമനിലയും. എഫ് സി ഈസ്റ്റ് ബംഗാളിന് ഇത്രയും മത്സരത്തില്‍ നാലു പരാജയവും രണ്ട് സമനിലയും മാത്രം.