കൊച്ചി: ലുലുമാളില്‍ വച്ച് യുവനടിയെ അപമാനിച്ച കേസിലെ പ്രതികള്‍ പിടിയില്‍. കീഴടങ്ങാന്‍ അഭിഭാഷകനോടൊപ്പം എത്തുന്നതിനിടെ കളമശേരി പൊലീസാണ് കസ്റ്റഡിയിലെടുത്തത്.

മലപ്പുറം കടന്നമണ്ണ സ്വദേശികളായ റിന്‍ഷാദ്, ആദില്‍ എന്നിവരാണ് നടിയെ അപമാനിക്കാന്‍ ശ്രമിച്ച കേസിലെ പ്രതികള്‍. ഇവരെ അറസ്റ്റ് ചെയ്യാന്‍ കളമശേരി സിഐയും സംഘവും പെരിന്തല്‍മണ്ണയിലെത്തിയിരുന്നു. എന്നാല്‍ പ്രതികളുടെ അഭിഭാഷകനായ ബെന്നി തോമസും കുടുംബവും കളമശേരിയിലേക്ക് പുറപ്പെടുകയായിരുന്നു. അതോടെ അന്വേഷണ സംഘവും കളമശേരിയിലേക്ക് തന്നെ തിരിച്ചു.

കൊച്ചിയിലെ മാളില്‍ വ്യാഴാഴ്ച വൈകുന്നേരം 7 മണിക്കാണ് യുവനടിയെ അപമാനിക്കാന്‍ ശ്രമിച്ചത്. സംഭവശേഷം മെട്രോയില്‍ കയറിയ പ്രതികള്‍ നോര്‍ത്ത് റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് മലബാറിലേക്ക് ട്രെയിന്‍ കയറിയത്. സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ് ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് പ്രതികളുടെ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്.