പെരിന്തല്‍മണ്ണ: മേലാറ്റൂര്‍ എടയാറ്റൂരില്‍ നിന്ന് കാണാതായ മുഹമ്മദ് ഷഹീന്റെ തിരോധാനത്തില്‍ അന്വേഷണവും നടപടികളും വേഗത്തിലാക്കണമെന്ന് പെരിന്തല്‍മണ്ണ മണ്ഡലം മുസ്‌ലിംലീഗ്. സംഭവവുമായി ബന്ധപ്പെട്ട് പിതൃസഹോദരന്‍ അറസ്റ്റിലായ സാഹചര്യത്തില്‍ വിശദമായ അന്വേഷണം നടത്തണം. കൂടുതല്‍ പേര്‍ക്ക് സംഭവത്തില്‍ പങ്കുണ്ടെങ്കില്‍ മുഴുവന്‍ പേരെയും നിയമത്തിന് മുമ്പില്‍ കൊണ്ട് വരണം. കുട്ടിയെ കാണാതായത് മുതല്‍ മേലാറ്റൂര്‍ പൊലീസ് കാര്യമായ പരിഗണന കേസില്‍ നല്‍കിയില്ല. മഞ്ഞളാംകുഴി അലി എം.എല്‍.എ, മുസ്‌ലിംലീഗ്, കര്‍മസമിതി എന്നിവരുടെ ആവശ്യപ്രകാരം ഡി.വൈ.എസ്പി അന്വേഷണം ഏറ്റെടുത്തതോടെയാണ് കേസില്‍ പുരോഗതി ഉണ്ടായത്. കുട്ടിയെ കണ്ടെത്തുന്നതിന് അടിയന്തര നടപടി ആവശ്യപ്പെട്ട് കര്‍മ സമിതി നടത്തിയ സമരത്തോട് വിരുത്തരവാദപരമായാണ് മേലാറ്റൂര്‍ പൊലീസ് പരുമാറിയത്. കര്‍മസമിതി പ്രവര്‍ത്തകരോട് അപമര്യാതയായി പെരുമാറുകയും പ്രവര്‍ത്തകര്‍ക്കെതില്‍ കള്ള കേസെടുക്കകയും ചെയ്തു.

പൊലീസിന്റെ ഈ നിലപാട് അപലപനീയമാണ്. കേസന്വേഷണത്തില്‍ വീഴ്ച വരുത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടിയുണ്ടാവണം. കുട്ടിക്കായി കടലുണ്ടി പുഴയില്‍ നടത്തുന്ന തെരച്ചില്‍ കൂടുതല്‍ കാര്യക്ഷമമാക്കണം. കൂടുതല്‍ ആള്‍ ബലവും സംവിധാനങ്ങളും ബന്ധപ്പെട്ടവര്‍ തിരച്ചിലിനായി ഉപയോഗപ്പെടുത്തണം. അന്വേഷണം ഏറ്റെടുത്ത് ദിവസങ്ങള്‍ക്കകം കേസില്‍ വഴിത്തിരുവുണ്ടാക്കിയ പെരിന്തല്‍മണ്ണ ഡി.വൈ.എസ്.പിയുടെ സേവനം ആശാവഹമാണ്. മാതാപിതാക്കളുടെ ആശങ്കയകറ്റാന്‍ ഇത്തരം കേസുകളില്‍ പൊലീസിന്റെ ഭാഗത്ത് നിന്ന് ചടുലമായ നീക്കങ്ങളും കോടതി നടപടികളുമുണ്ടാകണമെന്നും മുസ്‌ലിംലീഗ് ആവശ്യപ്പെട്ടു. കേസന്വേഷണത്തിന്റെ പുരോഗതി എം.എല്‍.എയും മണ്ഡലം മുസ്‌ലിംലീഗ് നേതാക്കളും ഡി.വൈ.എസ്.പിയില്‍ നിന്നും ആരാഞ്ഞു. തുടര്‍ന്ന് അടിയന്തര യോഗം ചേര്‍ന്ന് സാഹചര്യം വിലയിരുത്തി. മഞ്ഞളാംകുഴി അലി എം.എല്‍.എ യോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം മുസ്‌ലിംലീഗ് പ്രസിഡന്റ് എ.കെ മുസ്തഫ അധ്യക്ഷത വഹിച്ചു. മണ്ഡലം മുസ്ലിംലീഗ് സെക്രട്ടറി അഡ്വ. എസ് അബ്ദുസലാം, ട്രഷറര്‍ പി.കെ അബൂബക്കര്‍ ഹാജി, എ.കെ നാസര്‍, കൊളക്കാടന്‍ അസീസ്, നാലകത്ത് ഷൗക്കത്ത്, കളപ്പാടന്‍ ഹുസൈന്‍, തുടങ്ങിയവര്‍ പങ്കെടുത്തു.