ഭോപ്പാല്‍: ലിഫ്റ്റ് തകര്‍ന്ന് മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി കമല്‍നാഥ് രക്ഷപ്പെട്ടത് തലനാരിഴക്കെന്ന് റിപ്പോര്‍ട്ട്. ഇന്റോറിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മുന്‍ മന്ത്രി രാമേശ്വര്‍ പട്ടേലിനെ സന്ദര്‍ശിക്കാനെത്തിയപ്പോഴായിരുന്നു സംഭവം. കമല്‍നാഥിനൊപ്പം കോണ്‍ഗ്രസ് നേതാക്കളായ സജ്ജന്‍ സിംഗ് വര്‍മ, ജിതു പത്വാരി എന്നിവരും ലിഫ്റ്റില്‍ ഉണ്ടായിരുന്നു.

മൂവരും രാമേശ്വര്‍ പട്ടേലിന്റെ വാര്‍ഡിലെക്കെത്തുന്നതിനായി ലിഫ്റ്റില്‍ കയറിയപ്പോള്‍ മുകളിലേക്ക് പോകുന്നതിന് പകരം ലിഫ്റ്റ് 10 അടി താഴ്ച്ചയിലേക്ക് വീഴുകയായിരുന്നു. ഉടന്‍ അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ കോണിപടി വഴി താഴെ എത്തി ലിഫ്റ്റിന്റെ ഡോര്‍ തള്ളി തുറക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. പിന്നീട് ലിഫ്റ്റ് എന്‍ജിനീയര്‍ എത്തി ഡോര്‍ തകര്‍ത്താണ് മൂവരേയും പുറത്തിറക്കിയത്.

സംഭവത്തിന് പിന്നാലെ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ കമല്‍നാഥിനെ ഫോണില്‍ ബന്ധപ്പെടുകയും അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. ഇക്കാര്യം അദ്ദേഹം ട്വിറ്ററിലൂടെയാണ് പുറത്ത് വിട്ടത്.