ന്യൂഡല്‍ഹി: 500, 1000ന്റെയും നോട്ടുകള്‍ മാറ്റിക്കൊടുക്കാവുന്നതിന്റെ പരിധി കേന്ദ്രസര്‍ക്കാര്‍ വെട്ടിക്കുറച്ചു. 4500ല്‍ നിന്ന് 2000 രൂപയായാണ് സര്‍ക്കാര്‍ കുറച്ചിരിക്കുന്നത്. വെള്ളിയാഴ്ച മുതലാണ് പുതിയ പരിഷ്‌കരണം നടപ്പിലാവുക. കൂടുതല്‍ ആളുകള്‍ക്ക് പണം ലഭിക്കുന്നതിന് വേണ്ടിയാണ് പുതിയ നീക്കമെന്നാണ് ഇതിന് സര്‍ക്കാര്‍ കണ്ടെത്തുന്ന ന്യായീകരണം. ഇന്ന് വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സാമ്പത്തിക കാര്യ സെക്രട്ടറി ശക്തികാന്ത് ദാസാണ് ഇക്കാര്യം വ്യക്തമാക്കിയത്.

അതേസമയം കല്യാണത്തിന്‍ ഒരു എക്കൗണ്ടില്‍ നിന്ന് 2.5 ലക്ഷം പിന്‍വലിക്കാമെന്നും കര്‍ഷകര്‍ക്ക് ആഴ്ചയില്‍ 25000 രൂപ വരെ പിന്‍വലിക്കാമെന്നും അദ്ദേഹം പറഞ്ഞു. കല്യാണം നടക്കുന്ന കുടുംബത്തില്‍ ഒരാളുടെ എക്കൗണ്ടില്‍ നിന്നാണ് പണം അനുവദിക്കുക. ഇതിനായി വ്യക്തമായ രേഖകള്‍ സമര്‍പ്പിക്കേണ്ടിവരും. പുറമെ വ്യാപാരികള്‍ക്കും ഉളവ് നല്‍കിയിട്ടുണ്ട്. രജിസ്‌ട്രേഷനുള്ള വ്യാപാരികള്‍ക്ക് 50000 രൂപ വരെ പിന്‍വലിക്കാമെന്നും ശക്തികാന്ത് ദാസ് വ്യക്തമാക്കി.

നോട്ടുമാറ്റാവുന്നതിന്റെ പരിധി നേരത്തെ 4000 രൂപയായിരുന്നത് 4500 രൂപയായി ഉയര്‍ത്തിയിരുന്നു. ദിവസങ്ങള്‍ പിന്നിടുന്നതിനനുസരിച്ച് നോട്ട് മാറ്റാവുന്നതിന്റെ പരിധി ഉയര്‍ത്തുമെന്ന് പറഞ്ഞ സര്‍ക്കാര്‍ 500 രൂപ ഉയര്‍ത്തിയെന്നല്ലാതെ ഒറ്റയടിക്ക് കുറക്കുകയും ചെയ്തത് പൊതുജനങ്ങള്‍ക്ക് തിരിച്ചടിയായി.