columns
ഇരുട്ടിലേക്ക് എറിയപ്പെടുന്ന ജീവിതങ്ങള്‍
‘നമ്മുടെ നാട്ടിലെ പരമോന്നത കോടതികളില്‍ ഞാന്‍ വിശ്വസിച്ചു. ജനാധിപത്യ വ്യവസ്ഥിതിയില്‍ ഞാന്‍ വിശ്വസിച്ചു. ഇന്ന് പക്ഷേ ഭയം തിരികെവന്നിരിക്കുന്നു’. ഭയം തിരികെ നല്‍കുന്ന വ്യവസ്ഥിതി ജനാധിപത്യമല്ല; ഫാസിസമാണ്.
പി.എം.എ സമീര്‍
സലീഹ എന്ന പെണ്‍കുട്ടിയെ കുറിച്ച് കേട്ടിട്ടുണ്ടോ. കേള്‍ക്കാനിടയില്ല. ഗുജറാത്തിലെ ലിംഖേദ താലൂക്കിലെ ചാപര്‍വദ് ഗ്രാമത്തില്‍ ഒരുപറ്റം മനുഷ്യമൃഗങ്ങള്‍ തലോയോട്ടി ചിതറിച്ച് കൊന്നുകളഞ്ഞ മൂന്നു വയസ്സുകാരിയുടെ പേരാണ് സലീഹ. പേരുപോലും ഓര്‍മിക്കപെടാതെ കൊന്നുകുഴിച്ചു മൂടപ്പെട്ട് മറവിയില്‍ ആണ്ടുപോയ അനേകായിരം മനുഷ്യരില്‍ ഒരാളാവുമായിരുന്നു ഈ പൈതലും. സലീഹ പക്ഷേ അങ്ങനെയായില്ല. ഒരു പ്രതീകമായി ജ്വലിച്ചു. അതിനൊരു കാരണമുണ്ടായിരുന്നു. അവള്‍ കൊല്ലപ്പെട്ടതിന് ഒരു സാക്ഷിയുണ്ടായിരുന്നു. ഒരേ ഒരു സാക്ഷി. അവളുടെ ഉമ്മ!. ജനാധിപത്യത്തിലെ നീതിന്യായ വ്യവഹാരങ്ങളില്‍ ആ കുഞ്ഞിന്റെ ചിതറി തെറിച്ച തലച്ചോര്‍ നീതിക്കുവേണ്ടി നിലവിളിച്ചു. ഈ രാജ്യത്തെ മനുഷ്യത്വം മരവിക്കാത്ത കോടാനു കോടി മനുഷ്യര്‍ ആ നിലവിളിയില്‍ തലകുനിച്ച് കാത്തിരുന്നു. ചെറിയൊരു സമാശ്വാസമായി കോടതി ആ നരാധമ കൂട്ടത്തെ അഴിക്കുള്ളിലാക്കി.
സലീഹയുടെ ഉമ്മയെ നാം അറിയും. ബില്‍കീസ് ബാനു. 2002 മാര്‍ച്ച് 3 ന് കലാപകാരികളെ ഭയന്ന് തന്റെ ഗ്രാമത്തില്‍നിന്ന് ജീവനും കൈയ്യിലേന്തി കുഞ്ഞിനെ മാറോടണക്കി രക്ഷതേടി ഓടുമ്പോള്‍ അവര്‍ അഞ്ച് മാസം ഗര്‍ഭിണിയായിരുന്നു. ബില്‍കീസിനൊപ്പം ഉമ്മയും സഹോദരിമാരുമടക്കം പതിനെട്ടുപേരാണ് ഭയചകിതരായി ഒരു ട്രക്കില്‍ അഭയം തേടിയത്. കലാപകാരികള്‍ അവരെ പിന്തുടര്‍ന്നെത്തി. ആക്രമിച്ചു. അലമുറകള്‍ക്കും നിലവിളികള്‍ക്കും ഇടയില്‍ ബില്‍കീസിന്റെ കൈയ്യില്‍ നിന്ന് മകള്‍ സലീഹയെന്ന പിഞ്ചോമനയെ ഒരു നരാധമന്‍ തട്ടിപ്പറിച്ചെടുത്തു. കണ്‍മുന്നില്‍ നിലത്തടിച്ച് കൊന്നു. ബുദ്ധിയുറക്കാത്ത പിഞ്ചു കുഞ്ഞിനെ തലയോട്ടി ചിതറിച്ച് കൊന്ന മനുഷ്യമൃഗങ്ങള്‍ക്കെന്ത് മനുഷ്യത്വം. പിന്നീടങ്ങോട്ട് രക്തം മരവിച്ചുപോകുന്ന അതിനീചമായ ക്രൂരതകള്‍ക്ക് ആ രാത്രി ചപര്‍വദ് ഗ്രാമം സാക്ഷ്യംവഹിച്ചു. അഞ്ചുമാസം ഗര്‍ഭിണിയായ ബില്‍കീസിനെ അവര്‍ മൃഗീയമായി മാനഭംഗപ്പെടുത്തി. ബില്‍കീസിന്റെ ഉമ്മയും സഹോദരിമാരും അടക്കം കൂട്ടമാനഭംഗത്തിന് ഇരകളായി മാരകമായ മുറിവുകളേറ്റ് ബില്‍കീസിന്റെ കണ്മുന്നില്‍ പിടഞ്ഞു പിടഞ്ഞു മരിച്ചു.
‘…..അവര്‍ ആ ട്രക്കില്‍ മറ്റൊരു ഗ്രാമത്തിലേക്ക് അഭയം തേടി പുറപ്പെട്ടതായിരുന്നു. ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുമ്പ് പിടിക്കപ്പെട്ടു. മുപ്പതോളം വരുന്ന കലാപകാരികള്‍ അവരെ ക്രൂരമായി ആക്രമിച്ചു. ബില്‍കീസിന്റെ മൂന്നു വയസ്സുള്ള മകളെ തട്ടിപ്പറിച്ച് കല്ലില്‍ തലയടിച്ച് കൊന്നു. മകള്‍ കൊല്ലപ്പെട്ടു കിടക്കുമ്പോള്‍ കൂട്ടത്തില്‍ മൂന്നുപേര്‍ അഞ്ച് മാസം ഗര്‍ഭിണിയായ ബില്‍കീസിനെ മാറി മാറി ബലാല്‍സംഗം ചെയ്തു. അവരെല്ലാം ബില്‍കീസിന്റെ ഗ്രാമത്തില്‍ നിന്നുള്ള അയല്‍വാസികള്‍ കൂടിയായിരുന്നു. ആ കലാപത്തില്‍ ബില്‍കീസിന്റെ ഉമ്മയടക്കം 14 പേര്‍ ക്രൂരമായ മാനഭംഗത്തിന് ഇരയായി കൊല്ലപ്പെട്ടു’. (ഹര്‍ഷ് മന്ദര്‍ എഴുതിയ ‘ഓര്‍മ്മയ്ക്കും മറവിക്കും ഇടയില്‍: ഗുജറാത്തിലെ കൂട്ടകൊലയും മോദി വര്‍ഷങ്ങളും എന്ന പുസ്തകത്തില്‍ നിന്ന്).
എല്ലാം കഴിഞ്ഞ് മൂര്‍ച്ചയേറിയ തൃശൂലം കൊണ്ട് കുത്തി മുറിവേല്‍പിച്ച് മരിച്ചെന്ന് കരുതി കുറ്റികാട്ടില്‍ ഉപേക്ഷിച്ചതായിരുന്നു ബില്‍കീസിനെ. ഒരു രാത്രി മുഴുവന്‍ രക്തം വാര്‍ന്നും ബോധമറ്റും കിടന്ന് പിറ്റേന്ന് വേച്ച് വേച്ച് ജീവിതത്തിലേക്ക് ചുവടു വെച്ചതാണ് ബില്‍കീസ് ബാനു. നിരക്ഷരയായ ബില്‍കീസ് മൗനത്തിലേക്ക് വീണു പോയിരുന്നെങ്കില്‍ കേട്ടാല്‍ രക്തമുറഞ്ഞുപോകുന്ന (കണ്ടനുഭവിച്ച ബില്‍കീസിനെ ഓര്‍ത്തു നോക്കൂ!) കൊടും നരഹത്യ ഈ രാജ്യം അറിയില്ലായിരുന്നു. ഗുജറാത്തിലെ നരോദാപാട്യയിലടക്കം നടന്ന ക്രൂരഹത്യകള്‍ ഇന്നും പുറം ലോകത്തിന് അജ്ഞമാണ്. ജര്‍മനിയില്‍ നാസികള്‍ ജൂതരെ കൂട്ടകശാപ്പ് ചെയ്തതിനു സമാനമായ വംശഹത്യയായിരുന്നു ഗുജറാത്തില്‍ അരങ്ങേറിയത്. തനിക്കും തന്റെ കുഞ്ഞിനും സഹജീവികള്‍ക്കും വേണ്ടി ബില്‍കീസ് നടത്തിയ പോരാട്ടം ഇന്ത്യയുടെ ചരിത്രത്തില്‍ സമാനതകളില്ലാത്തതാവുന്നത് അതുകൊണ്ട് കൂടിയാണ്. എതിരാളികള്‍ ചില്ലറക്കാരല്ല. വിദ്യാസമ്പന്നരായ ഡോക്ടര്‍മാരും പൊലീസുകാരും ഭരണകൂടവും ഉള്‍പ്പെടെ പണവും പ്രതാപവുമുള്ള അധികാര വര്‍ഗം. വിചാരണ നടക്കുന്ന ആദ്യ രണ്ടു വര്‍ഷങ്ങളില്‍ ഇരുപത് തവണയാണ് ബില്‍കീസിനും കുടുംബത്തിനും വാടക വീടുകള്‍ മാറി മാറി താമസിക്കേണ്ടിവന്നത്. വിഷം കുത്തിവെച്ച് കൊന്നു കളയുമെന്ന് പൊലീസുകാര്‍ ഭീഷണിപെടുത്തി. ഒടുവിലവര്‍ ആ നാടുപേക്ഷിച്ച് ഓടിപ്പോയി. കേസുപേക്ഷിച്ചില്ല. ഗുജറാത്തിന് പുറത്ത് പോരാട്ടം തുടര്‍ന്നു.
ബില്‍കീസ് യാക്കൂബ് റസൂലെന്ന സ്ത്രീയുടെ നീതി തേടിയുള്ള അലച്ചിലിനൊടുവില്‍ കോടതിക്ക് പോലും സഹതപിക്കേണ്ടി വന്നു: ‘ഇന്നത്തെ ലോകത്ത് മുറിവുണക്കാന്‍ പണത്തിന് നല്ലശേഷിയുണ്ട്. എന്നാല്‍ എല്ലാ മുറിവും ഉണക്കാന്‍ പണത്തിന് കഴിയുമോ എന്ന് ഞങ്ങള്‍ക്ക് അറിയില്ല. പക്ഷേ നാമെന്തു ചെയ്യും. നഷ്ടപരിഹാരമായി എത്ര തുക വേണമെങ്കിലും ചോദിച്ചു കൊള്ളുക. ഞങ്ങളത് ഉത്തരവിടാം.’ ഇങ്ങിനെ പറഞ്ഞാണ് കോടതി ബില്‍കീസ്ബാനു കേസിലെ പ്രതികളെ ജീവപര്യന്തം തടവറയിലേക്ക് പറഞ്ഞയച്ചത്. ബില്‍കീസിന്റെ മുറിവുണങ്ങാന്‍ പാകത്തിലുള്ളതല്ലെന്ന് സൂചിപ്പിച്ചുകൊണ്ടുള്ള നീതി നടപ്പാക്കലായിരുന്നു അത്.
ഇത്തവണ പക്ഷേ രാജ്യം സ്വാതന്ത്ര്യത്തിന്റെ അമൃത് നുകരുമ്പോള്‍ ബില്‍കീസ് ബാനുവിന് നല്‍കിയ നീതി അവളില്‍ നിന്ന് പറിച്ചെടുത്തു. ആ കൊലയാളികള്‍ സ്വതന്ത്രരാക്കപ്പെട്ടു. ഭരണകൂടം അവരെ ഗോദ്ര ജയിലിനു പുറത്തേക്ക് ആനയിച്ചു. ഗുജറാത്തിലെ ‘രാജ്യസ്‌നേഹികള്‍’ അവരെ പൂമാലയിട്ട് സ്വീകരിച്ചു. ആഹ്ലാദനൃത്തം ചവിട്ടി. സലീഹയുടെ ചിതറി തെറിച്ച തലച്ചോര്‍ വീണുണങ്ങിയ മണ്ണില്‍ ചവിട്ടി അവര്‍ വീടുകളിലേക്ക് നടന്നുപോയി. രാജ്യസ്‌നേഹികളായി വാഴ്ത്തപെട്ടു. എല്ലാ നിലവിളികള്‍ക്കും മുകളില്‍ രാജ്യസ്‌നേഹത്തെ കുറിച്ചും സ്വാതന്ത്ര്യത്തിന്റെ പുത്തന്‍ പുലരികളെകുറിച്ചും പറയുന്ന മന്‍കിബാത്തുകള്‍ മുഴങ്ങി. പതിവുപോലെ സ്വാതന്ത്ര്യത്തെയും രാജ്യസ്‌നേഹത്തെയും കുറിച്ച് വാചാലമായി സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാര്‍ഷിക ആഘോഷങ്ങളും ആരവങ്ങളും കെട്ടടങ്ങി. ബില്‍കീസിനോട് കോടതിയില്‍ എതിര്‍ വക്കീല്‍ ചോദിക്കുന്നുണ്ട് ഇരുട്ടില്‍ നിങ്ങളെങ്ങനെ ഈ ദൃശ്യങ്ങള്‍ കണ്ടുവെന്ന്. അപ്പോള്‍ അവര്‍ നല്‍കുന്ന മറുപടി: ‘കൈയ്യില്‍ തീ പന്തങ്ങളുമായി വരുന്നവരെ ഇരുട്ടില്‍ നില്‍ക്കുന്നവര്‍ക്ക് കാണാം. വെളിച്ചത്തില്‍ കണ്ണ് മഞ്ഞളിച്ചവര്‍ക്ക് ഇരുട്ടില്‍ നില്‍ക്കുന്നവരെ കാണാനാവില്ല’. ഇപ്പോഴും ബില്‍കീസും കുടുംബവും ഇരുട്ടില്‍ തന്നെയാണ്. ആരെയും അഭിമുഖീകരിക്കാതെ സ്വദേശം വെടിഞ്ഞ് മറ്റെവിടെയോ ജീവിക്കുന്നു. എന്നാല്‍ അവരെ ഇരുട്ടില്‍ തള്ളിയവരെല്ലാം പകല്‍ വെളിച്ചത്തില്‍ വിഹരിക്കുന്നു. സ്വതന്ത്രരായി ജീവിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തില്‍ അവിടുത്തെ പാവം പൗരന്മാര്‍ ഇരുട്ടിലേക്ക് വലിച്ചെറിയപെടുന്നു. അവര്‍ വെളിച്ചത്തിലേക്ക് നോക്കി നെടുവീര്‍പ്പിടുന്നു.
ഇരുപത്തെട്ട് സംസ്ഥാനങ്ങളിലും എട്ട് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി ജീവിക്കുന്ന 138 കോടിയില്‍പരം മനുഷ്യരാണ് ഇന്ത്യയുടെ ആത്മാവ്. ലോകം കണ്ട വലിയ ദാര്‍ശനികരും ക്രാന്തദര്‍ശികളുമായ മഹാത്മാഗാന്ധിക്കും നെഹ്‌റുവിനും അംബേദ്കറിനുമൊക്കെയൊപ്പം ഈ ജനകോടികളുടെ പിതാക്കളും പ്രപിതാക്കളും ചേര്‍ന്ന് സൃഷ്ടിച്ചെടുത്തതാണ് നമ്മുടെ രാജ്യം. മറ്റേതൊരു ആധുനിക സമൂഹത്തെയും പോലെ അന്തസ്സാര്‍ന്നതും സമാധാനപൂര്‍ണവുമായ ജീവിതം നയിക്കാന്‍ നമുക്ക് അര്‍ഹതയുണ്ട്. ആധുനിക നിലവാരത്തിലേക്ക് ഇന്ത്യന്‍ സാമൂഹികാവസ്ഥയെ മാറ്റാന്‍ കെല്‍പ്പുള്ളൊരു ഭരണഘടന, സ്വാതന്ത്ര്യം നേടിയെടുത്തതിന്റെ തൊട്ടുടന്‍ നാം എഴുതിയുണ്ടാക്കിയിട്ടുണ്ട്. ആ ഭരണഘടനയാണ് ബില്‍കീസ് ബാനുവിന് നീതി തേടാന്‍ തുണയായത്. ആ ഭരണഘടനയാണ് ശിക്ഷ വിധിക്കാന്‍ അടിസ്ഥാനമായി നിലകൊണ്ടത്. ആ ഭരണഘടനാ മൂല്യങ്ങളാണ് എന്നാല്‍ ഇവിടെ നിര്‍ദയം കശാപ്പ് ചെയ്യപ്പെടുന്നത്.
‘we the people of India..’ ( ‘നാം ഇന്ത്യക്കാര്‍…’) എന്നു തുടങ്ങുന്ന മനോഹര വാചകത്തിലാണ് ഭരണഘടന ആരംഭിക്കുന്നത്. വിവേചന രഹിതമായ ഭാവി സ്വപ്‌നം കാണുന്ന ഓരോ ഇന്ത്യക്കാരനും ആത്മവിശ്വാസം പകരുന്ന തുടക്കമാണത്. അനേകമനേകം സാംസ്‌കാരിക വൈവിധ്യങ്ങളും മതജാതി സമൂഹങ്ങളും നിറഞ്ഞുനില്‍ക്കുന്ന ഈ വലിയ ദേശത്തെ മുഴുവന്‍ മനുഷ്യരെയും നാം ഇന്ത്യക്കാര്‍ എന്ന തുല്യ പൗരത്വത്തിലേക്ക് ഉയര്‍ത്തുന്ന രാഷ്ട്രീയ പ്രക്രിയയുടെ തുടക്കമാണ് ആ വാചകം. അഥവാ ഭരണഘടന ആദ്യം ഉറപ്പുവരുത്തുന്നത് ഈ രാജ്യത്തെ മുഴുവന്‍ മനുഷ്യര്‍ക്കും തുല്യപൗരത്വമെന്ന നീതിയാണ്. എന്നാല്‍ സ്വാതന്ത്ര്യാനന്തരം നീണ്ട എഴുപത്തഞ്ച് വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും രാജ്യത്തെ മുസ്‌ലിംകളാധി ന്യൂനപക്ഷങ്ങള്‍ തുല്യപരിഗണനകള്‍ക്ക് വേണ്ടി യാചിച്ചു തന്നെ നില്‍ക്കുന്നു. വ്യത്യസ്ത ജനസമൂഹങ്ങളെ ഒന്നിച്ചുനിര്‍ത്താനുള്ള ജനാധിപത്യ ബാധ്യത മറന്നുപോയ ഭരണകൂടത്തിനു കീഴിലാണ് നാമിന്ന് ജീവിക്കുന്നത്. പൗരത്വം തന്നെ നഷ്ടപ്പെടുമെന്ന ഭീതി ചുറ്റും കനത്തുനില്‍ക്കുന്നുണ്ട്. പൗരത്വ നിയമഭേദഗതിക്കെതിരെ ആബാലവൃദ്ധം മനുഷ്യര്‍ രാജ്യമൊട്ടുക്ക് നടത്തിയ സമരം സ്വതന്ത്ര ഇന്ത്യയില്‍ മുസ്‌ലിംകള്‍ നേരിടുന്ന വിവേചന ഭീതിയുടെ നേര്‍സാക്ഷ്യമായിരുന്നു. ആ നാളുകളിലെ ഉത്കണ്ഠകളില്‍ നിന്ന് മുസ്‌ലിംകള്‍ ഇനിയും മോചിതരായിട്ടില്ല. പതിറ്റാണ്ടുകളായി ആശങ്കകളിലും ഭീതിയിലും കഴിയുന്ന ഈ ജനസമൂഹത്തിന് പുരോഗതിയിലേക്ക് ചുവടുവെക്കാന്‍ കഴിയുന്നില്ല. ഭരണകൂടം അവരെ നിത്യ അവഗണനയിലേക്ക് തള്ളിവിട്ടുകൊണ്ടിരിക്കുന്നു. മുന്നിലുള്ള ഏകവഴി രാഷ്ട്രീയ സംഘാടനമാണ്. കേരളവും തമിഴ്‌നാടും പോലെയുള്ള ചില ദേശങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍ മുസ്‌ലിംകളുടെ രാഷ്ട്രീയ പങ്കാളിത്തം രാജ്യത്ത് ഒട്ടും ശുഭകരമല്ല.
ആധുനിക സമൂഹങ്ങളില്‍ മനുഷ്യര്‍ ആര്‍ജിച്ച ആധുനിക മൂല്യങ്ങളാണ് പുരോഗതിയുടെ ആണിക്കല്ല്. നാമാവട്ടെ പൗരാണികമായ യുഗത്തിലേക്ക് ആട്ടിതെളിക്കപെട്ടുകൊണ്ടിരിക്കുന്നു. ഭരണകൂട ഒത്താശയോടെ പൗരന്മാര്‍ അനീതിക്കും അക്രമങ്ങള്‍ക്കും നിരന്തരം ഇരയാക്കപ്പെടുന്നു. രാജസ്ഥാനിലെ ഇന്ദ്രകുമാര്‍ എന്ന 9 വയസ്സുകാരന്‍ ദലിത് വിദ്യാര്‍ഥി ക്ലാസ് മുറിയില്‍ ക്രൂരമായ മര്‍ദ്ദനത്തിനിരയായി കൊലചെയ്യപ്പെട്ടത് ഈ സ്വാതന്ത്ര്യദിന തലേന്നാണ്. ഇന്ദ്രകുമാറിനെ കൊന്നത് അവന്റെ അധ്യാപകന്‍ ചയില്‍സിങ്ങാണ്. കൊല്ലാനുള്ള കാരണമെന്തന്നറിയാമോ?. സവര്‍ണ രാജ്പുത് ജാതിയിലുള്ള ആ അധ്യാപകന്റെ കൂജയിലെ വെള്ളമെടുത്ത് ഈ പിഞ്ചു ബാലന്‍ ദാഹമകറ്റിയതായിരുന്നു. ഇത്രയും പ്രാകൃത ബോധം നിലനില്‍ക്കുന്ന മനുഷ്യര്‍ ഈ ആധുനിക ലോകത്ത് വേറെ എവിടെയുണ്ടാവും. ജനങ്ങളെ ഉയര്‍ന്ന മാനവിക ബോധങ്ങളിലേക്ക് നയിക്കേണ്ട ഭരണകൂടം തന്നെ പ്രാകൃതത്വം പേറുന്നവരായാല്‍ പിന്നെന്തു ചെയ്യും. ഈ രാജ്യത്തെ വലിയൊരു ജനവിഭാഗത്തിന്റെ വേഷം ചൂണ്ടി കാണിച്ച് അവരെ മുഴുവന്‍ അക്രമികളായി മുദ്രകുത്തിയ ഭരണാധികാരിയാണ് നമ്മുടേതെന്ന് ഓര്‍ക്കണം. രാജ്യത്തെ പൗരന്മാരെ വിഭജിച്ച് കാണുകയും അത് പച്ചക്ക് വിളിച്ച്പറയുകയും ചെയ്ത ഒരു പ്രധാനമന്ത്രിയും സ്വതന്ത്ര ഇന്ത്യയില്‍ ഇന്നോളം ഉണ്ടായിട്ടില്ല. 1925 കാലഘട്ടത്തിലാണ് അംബേദ്കര്‍, സവര്‍ണര്‍ ഉപയോഗിക്കുന്ന കിണറ്റിലെ വെള്ളം മുക്കികുടിച്ച് കുടിവെള്ളത്തിലെ അയിത്തത്തിനെതിരെ സമരാഹ്വാനം നടത്തിയത്. ഒരു നൂറ്റാണ്ട് പിന്നിടുമ്പോഴും രാജ്യത്ത് കുടിവെള്ള അയിത്തത്തിന്റെ പേരില്‍ പിഞ്ചുകുഞ്ഞുങ്ങള്‍ പോലും കൊലചെയ്യപ്പെടുന്നു. ജാതി വെറിയും മത വെറിയും ചുരമാന്തി നില്‍ക്കുന്നു.
ഗാന്ധിയും നെഹ്‌റുവും വിഭാവനം ചെയ്ത രാജ്യം ഇതായിരുന്നോ. നമ്മുടെ പൂര്‍വികര്‍ ജീവാര്‍പ്പണം ചെയ്ത് നേടിയെടുത്ത സ്വാതന്ത്ര്യം ഈ നിലയില്‍ വന്നു ഭവിക്കാനുള്ളതാണോ. പ്രതീക്ഷയുടെ വെട്ടം ഭരണഘടനയിലാണ്. ജനാധിപത്യ മൂല്യങ്ങളിലാണ്. പ്രതികളെ വിട്ടയച്ചതറിഞ്ഞ് ബില്‍കീസ് ബാനു പറഞ്ഞത് ഇതായിരുന്നു: ‘നമ്മുടെ നാട്ടിലെ പരമോന്നത കോടതികളില്‍ ഞാന്‍ വിശ്വസിച്ചു. ജനാധിപത്യ വ്യവസ്ഥിതിയില്‍ ഞാന്‍ വിശ്വസിച്ചു. ഇന്ന് പക്ഷേ ഭയം തിരികെവന്നിരിക്കുന്നു’. ഭയം തിരികെ നല്‍കുന്ന വ്യവസ്ഥിതി ജനാധിപത്യമല്ല; ഫാസിസമാണ്.
columns
കേരളീയം എന്ന ധൂര്‍ത്ത് മേള-എഡിറ്റോറിയല്‍
സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്‍ക്കുമ്പോള്‍ കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്.
സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്‍ക്കുമ്പോള്‍ കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ കടബാധ്യതയുമായി, എല്ലാ വകുപ്പുകളിലും കോടികളുടെ കുടിശ്ശിക നിലനില്‍ക്കുന്ന ഒരു സര്‍ക്കാറാണ് കേരളം ഭരിച്ചുകൊണ്ടിരിക്കുന്നത്. ക്ഷേമ പെന്‍ഷനുകള്‍ മുടങ്ങിയിട്ട് മാസങ്ങള്‍ പിന്നിട്ടു, കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പളവും പെന്‍ഷനുമില്ല, സ്‌കൂള്‍ കുട്ടികളുടെ ഉച്ചഭക്ഷണത്തിനു പോലും പണം നല്‍കാനില്ല, നെല്‍കര്‍ഷകരുടെ കുടിശ്ശിക കൊടുത്തുവീട്ടാന്‍ കഴിയുന്നില്ല, കുടിശ്ശിക നല്‍കാത്തതിനാല്‍ സപ്ലൈക്കോയില്‍ വിതരണക്കാര്‍ ടെണ്ടര്‍ എടുക്കുന്നില്ല, ലൈഫ് മിഷന്‍ പദ്ധതിയിലും കാരുണ്യ ഫണ്ടിലുമൊന്നും തുക ലഭ്യമാകുന്നില്ല തുടങ്ങിയ അതി ഗുരുതരമായ സാമ്പത്തിക സാഹചര്യമാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നത്. സാമ്പത്തിക തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയ ഭരണകൂടങ്ങള്‍ പ്രകടമാക്കിയ എല്ലാ തരത്തിലുള്ള അസ്ഥിരതകളും ഈ സര്‍ക്കാര്‍ കാണിച്ചുകൊണ്ടിരിക്കുകയാണ്. ഈ ഘട്ടത്തിലാണ് തകര്‍ച്ചക്ക് ആക്കം കൂട്ടുന്ന രീതിയില്‍ ധൂര്‍ത്തിന്റെ മഹാമേളയായി കേരളീയം തലസ്ഥാന നഗരിയില്‍ അരങ്ങേറുന്നത്. 27 കോടി രൂപ ചിലവഴിച്ച് സര്‍ക്കാര്‍ നടത്തുന്ന ഈ മഹാമഹം ധൂര്‍ത്തിന്റെ മാത്രമല്ല അഴിമതിയുടെയും കൂടിച്ചേരല്‍ കൂടിയാണ്. ടെണ്ടര്‍പോലുമില്ലാതെ ഇഷ്ടക്കാര്‍ക്ക് പരിപാടിയുടെ കരാര്‍ നല്‍കിയതു മുതല്‍ തുടങ്ങുന്നു അഴിമതിയുടെ ഗന്ധം.
കേരളം നിലവില്‍ വന്നതിനു ശേഷമുള്ള മുഴുവന്‍ വികസന പ്രവര്‍ത്തനങ്ങളുടെയും പിതൃത്വം നിര്‍ലജ്ജം തന്റെ പേരിനോട് ചേര്‍ത്തുവെക്കുന്ന മുഖ്യമന്ത്രി അതേ അല്‍പ്പത്തരത്തോടെ തന്നെ കേരളീയവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുടനീളം തന്റെ മുഖം പ്രതിഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. മാധ്യമങ്ങളായ മാധ്യമങ്ങളിലെല്ലാം ബഹുവര്‍ണ ചിത്രങ്ങള്‍ വെച്ചുള്ള പരസ്യം നല്‍കിയിട്ടും മതിവരാഞ്ഞിട്ട് പ്രധാന നഗരങ്ങളില്‍ കോടികള്‍ ചിലവഴിച്ച് ബഹുരാഷ്ട്ര കമ്പനികളുടെ പരസ്യബോര്‍ഡുകളെ വെല്ലുന്ന ഫോള്‍ഡിങ്ങുകള്‍ സ്ഥാപിച്ച് സായൂജ്യമടയുകയാണ്. ജി ട്വന്റി ഉച്ചകോടിയുടെ പേരില്‍ ഡല്‍ഹി നഗരം തന്റെ മാത്രം ചിത്രങ്ങളാല്‍ അലങ്കരിച്ച് ലോക രാഷ്ട്രങ്ങള്‍ക്കു മുന്നില്‍ രാജ്യത്തെ നാണംകെടുത്തിയ പ്രധാനമന്ത്രിയുടെ അതേ പാത പിന്തുടര്‍ന്ന് കേരളീയം നടക്കുന്ന തിരുവനന്തപുരം നഗരത്തെ തന്റെ സ്വന്തമാക്കിമാറ്റിയിരിക്കുകയാണ് മുഖ്യമന്ത്രി. വിവിധ സെഷനുകളില്‍ പങ്കെടുക്കുമ്പോള്‍ സ്വന്തം പേര് പ്രിന്റ് ചെയ്ത മുണ്ടും ഷര്‍ട്ടും കൂടി ധരിക്കാന്‍ ശ്രദ്ധിച്ചാല്‍ പ്രധാനമന്ത്രിയെപോലെ സമ്മേളനത്തെ കൈയ്യിലെടുക്കാന്‍ മുഖ്യമന്ത്രിക്കും സാധിക്കുന്നതേയുള്ളൂ.
ലോക കേരള സഭ പോലെ സംസ്ഥാന സര്‍ക്കാറിന്റെ നേട്ടങ്ങളെ ലോകം മുഴുവന്‍ എത്തിക്കുക എന്നതാണ് പരിപാടിയുടെ പ്രഖ്യാപിത ലക്ഷ്യമായി സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ കോടികള്‍ ചിലവഴിച്ച് നടത്തുന്ന ലോക കേരള സഭകള്‍ സംസ്ഥാനത്തിന് എന്ത് നേട്ടമുണ്ടാക്കി എന്നന്വേഷിക്കുമ്പോഴാണ് ഈ പരിപാടികളുടെ പൊള്ളത്തരം വ്യക്തമാകുന്നത്. വേണ്ടപ്പെട്ടവരെ ആനയിച്ചു കൊണ്ടുവന്ന് തങ്ങളെക്കുറിച്ച് മുഖസ്തുതി പറയിപ്പിക്കുക എന്നതല്ലാതെ ലോക കേരള സഭ വഴി സംസ്ഥാനത്തുണ്ടായ എന്തെങ്കിലുമൊരു നേട്ടം എടുത്തുകാണിക്കാന്‍ സര്‍ക്കാറിന് സാധ്യമല്ല. ഈ സാഹചര്യത്തിലാണ് ഇതേ മാതൃകയില്‍ തന്നെ വിവിധ മേഖലകളിലെ പ്രമുഖരെക്കൊണ്ട് മുഖ്യമന്ത്രിയുടെയും സര്‍ക്കാറിന്റെയും അവതാനങ്ങള്‍ പാടിപ്പുകഴ്ത്തിക്കുകയും അതുകാണിച്ച് ആരാധക വൃന്തത്തെ ആനന്ദലബ്ധിയില്‍ ആറാടിപ്പിക്കുകയും ചെയ്യുന്നത്. തിരഞ്ഞെടുപ്പ് പ്രചരണം പോലെയുള്ള രംഗങ്ങളില്‍ ഈ സംവിധാനങ്ങളെല്ലാം ഉപയോഗപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യവും ഇതിനെല്ലാം പിന്നിലുണ്ടാകാം. നഷ്ടപ്പെട്ടുപോയ ജന പിന്തുണ തിരിച്ചു പിടിക്കാന്‍ പി.ആര്‍ ഏജന്‍സികള്‍ പറഞ്ഞു തരുന്ന എന്ത് ചെപ്പടി വിദ്യകളും ഉപയോഗിക്കാനുള്ള പൂര്‍ണ സ്വാതന്ത്ര്യം പിണറായി വിജയനുണ്ട്. പക്ഷേ അത് സ്വന്തം ചിലവില്‍ ആകണമെന്നു മാത്രം. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് നടത്തിക്കൊണ്ടിരിക്കുന്ന ഈ കോപ്രായങ്ങല്‍ക്കെല്ലാം കാലം മറുപടി പറയിപ്പിക്കുമെന്ന കാര്യം നിസ്സംശയമാണ്.
columns
ഗസ്സ മരണ മുനമ്പാക്കിയത് ആര്
അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന്‍ കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്‌കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ.
റിയാസ് ഹുദവി പുലിക്കണ്ണി
അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന്‍ കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്‌കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ. അയ്യായിരത്തോളം പൗരന്‍മാന്‍ നിഷ്ഠൂരമായി കൊല്ലപ്പെട്ടു, നിരപരാധികളായ ആയിരക്കണക്കിന് കുട്ടികളും സ്ത്രീകളും അവയില്‍ ഉള്‍പ്പെടുന്നുണ്ട്. യുദ്ധത്തിന്റെ സര്‍വ മര്യാദകളും ധാരണകളും ലംഘിച്ച് ഇസ്രാ ഈല്‍ നരനായാട്ട് തുടരുകയാണ്. കഴിവതും വേഗം പ്രശ്‌നങ്ങള്‍ പരിഹരിച്ച് സമാധാനം പുന:സ്ഥാപിക്കേണ്ട ഐക്യരാഷ്ട്ര സഭയും മറ്റു ലോക രാഷ്ട്രങ്ങളും ഇസ്രാ ഈലിന്റെ കിരാതന തേര്‍വാഴ്ചയെ തള്ളിപറയുന്നതിനപ്പുറം കര്‍ക്കശമായ മറ്റൊരു കടുത്ത നിലപാടിലേക്കും കടക്കാതെ കാഴ്ചക്കാരായി നില്‍ക്കുന്നുവെന്നതാണ് ഏറെ ദു:ഖകരം. ഭക്ഷണം, കുടിവെള്ളം, വൈദ്യുതി, ഇന്ധനം തുടങ്ങി സര്‍വ മേഖലയിലും ഉപരോധം ഏര്‍പ്പെടുത്തിയും പാര്‍പ്പിടങ്ങളും സ്‌കൂളുകളും അഭയാര്‍ത്ഥി ക്യാമ്പുകളും ബോബിട്ട് നിലം പരിശാക്കിയും ഫലസ്തീന്‍ ജനതയെ ക്രൂരമായി പീഡിപ്പിച്ചിട്ടും, അക്രമിച്ചിട്ടും യാതൊരു ദാക്ഷിണ്യവുമില്ലാതെ ആയിരക്കണക്കായ പിഞ്ചുകുഞ്ഞുങ്ങളും സ്ത്രീകളും പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ആശുപത്രികള്‍പോലും മനുഷ്യത്വം ഇല്ലാത്ത ഇസ്രാ ഈല്‍ സൈന്യം ബോംബിട്ട് നശിപ്പിച്ചു. പ്രാചീന കാലത്തേക്കാള്‍ ലോകം മനുഷ്യത്വപരമായും ധാര്‍മികമായും വളര്‍ച്ച കൈവരിച്ചുവെന്ന് അവകാശവാദം ഉന്നയിക്കുന്ന പുതിയ കാലത്ത് ഇങ്ങനെയൊക്കെ സംഭവിക്കുന്നുവെന്നത്തന്നെ മനുഷ്യത്വമുള്ളവര്‍ക്ക് ചിന്തിക്കാനും ചെയ്യാനും കഴിയാത്തതാണ്. അത്രമേല്‍ ഭീകരമാണ് ഹമാസിനെ പ്രത്രിരോധിക്കുന്നുവെന്ന പേരില്‍ ഇസ്രാ ഈല്‍ ഗസ്സയിലും ഫലസ്തീനിന്റെ മറ്റു പ്രദേശങ്ങളിലും നടത്തികൊണ്ടിരിക്കുന്ന മനസ്സുലക്കുന്ന കൃത്യങ്ങള്‍.
ഇറാന്‍, ഖത്തര്‍, സഊദി അടക്കമുള്ള അറബ് രാജ്യങ്ങള്‍ ഇസ്രാഈലിന്റ അതിരുകടന്ന അക്രമങ്ങളെയും ഫലസ്തീന്‍ അധിവേശത്തേയും അപലപിച്ചിട്ടും നിലവിലെ ഇസ്രാഈലിന്റെ ഇടപെടലുകള്‍ പശ്ചിമേഷ്യയില്‍ കൂടുതല്‍ രക്ത ചൊരിച്ചിലുകള്‍ക്ക് വഴിവെക്കുമെന്ന് വ്യക്തമാക്കിയിട്ടും തങ്ങളുടെ പ്രഖ്യാപിത നിലപാടില്‍നിന്ന് പിന്നോട്ട് പോകാതെ ഇസ്രാഈല്‍ രക്തരൂക്ഷിതമായ യുദ്ധത്തിനു മുതിരുന്നതിന്റെ പൂര്‍ണ ഉത്തരവാദിത്വം ലോക പൊലിസായി ചമയുന്ന അമേരിക്കക്കു മാത്രമാണ്. കാരണം ഇസ്രാഈലിനെതിരെ ഹമാസിന്റെ അപ്രതീക്ഷിത ആക്രമണം നടന്നപ്പോള്‍ മുമ്പും പിമ്പും നോക്കാതെ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച രാജ്യമാണ് അമേരിക്ക. മാത്രമല്ല, തങ്ങളുടെ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കണ്‍ ഹമാസിന്റെ ആക്രമണത്തെ അപലപിച്ചു നടത്തിയ ആദ്യ പ്രതികരണം താനും ഒരു ജൂതനാണെന്നാണ്. അതോടൊപ്പം നാളിതുവരെ തങ്ങള്‍ ചെയ്ത്‌കൊണ്ടിരിക്കുന്ന കണ്ണില്ലാത്ത ക്രൂരതകളെ മറച്ചുപിടിക്കാനും ലോക രാജ്യങ്ങളുടെ പിന്തുണ നേടാനും ഹമാസിനെ തീവ്രവാദ സംഘടനയായി മുദ്രകുത്താനും ജൂത സൈന്യം പടച്ചുണ്ടാക്കിയ ‘ബന്ദികളായ 40 കുട്ടികളെ ഹമാസ് പോരാളികള്‍ കഴുത്തറത്ത് കൊന്നെന്ന’ കല്ലുവെച്ച നുണകള്‍ അപ്പാടെ നിസ്സംശയം മാധ്യമങ്ങള്‍ക്ക്മുമ്പാകെ ഏറ്റുപറഞ്ഞ് ഇസ്രാഈലിനെ പരസ്യമായി പിന്തുണക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ബൈഡന്റെ കാഴ്ചയും കണ്ടതാണ്. ഫലസ്തീനിലെ നിലവിലെ സാഹചര്യങ്ങളെ കൂടുതല്‍ വഷളാക്കിയത് അമേരിക്കയാണെന്ന് പറയുന്നതായിരിക്കും കൂടുതല്‍ നല്ലത്. റഷ്യ യുക്രെന്‍ യുദ്ധം പൊട്ടി പുറപ്പെട്ടപ്പോള്‍ യൂറോപ്യന്‍ യൂണിയനെ കൂട്ടുപ്പിടിച്ച് റഷ്യക്കെതിരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തി ഇരയോടൊപ്പമാണെന്ന് പ്രസ്താവിച്ച അമേരിക്കയും ബൈഡനും സയണിസ്റ്റ് സൈന്യത്തിന്റെ മിസൈല്‍ ആക്രമണത്തില്‍ ദിനംപ്രതി മരിച്ച് വീഴുന്ന നൂറുകണക്കിനു കുഞ്ഞുങ്ങള്‍ക്കു വേണ്ടിയും തകര്‍ന്നടിഞ്ഞ പാര്‍പ്പിടങ്ങള്‍ക്കിടയില്‍ സര്‍വതും നഷ്ടപ്പെട്ട് നിലവിളിക്കുന്ന നിരപരാധികളായ ആയിരങ്ങള്‍ക്കു വേണ്ടിയും പ്രസ്താവന പോലും നടത്താത്തത്. പിറന്ന മണ്ണില്‍ അധിവസിക്കാന്‍ അധിനിവേശ ശക്തിക്കെതിരെ പോരാട്ടം നടത്തുന്ന ‘ഹമാസിനെ’ ഇസ്‌ലാമിക് സ്റ്റേറ്റിന്റെ അക്രമങ്ങളോട് തുലനം ചെയ്യാനും ഇസ്രാഈലിനെ വെള്ളപൂശാനും അമേരിക്കയും മറ്റു പാശ്ചാത്യശക്തികളും ശ്രമിക്കുന്നത് ജൂതരാഷ്ട്ര പിറവിയുടെ ചരിത്രം അറിയാത്തതു കൊണ്ടോ ഓര്‍മയില്ലാത്തതുകൊണ്ടോയല്ല, മറിച്ച് മുസ്‌ലിം വിരോധത്തിന്റെയും മത വര്‍ഗ വെറിയുടേയും അവര്‍ണ ബോധം ഇപ്പോഴും വെള്ളക്കാരന്റെ മനോമുകുരങ്ങളില്‍ അന്തര്‍ലീനമായി കിടപ്പുണ്ടെന്നതിന്റെ പ്രകടമായ പ്രതീകം കൂടിയാണ്. രണ്ടാം ലോക യുദ്ധാനന്തര ജാരസന്തതിയായി പാശ്ചാത്യ രാജ്യങ്ങളുടെ കുടില തന്ത്രങ്ങളാല്‍ പിറവി കൊണ്ട ജൂത രാഷ്ട്രത്തിന് ഇപ്പോഴും നല്‍കികൊണ്ടിരിക്കുന്ന അകമഴിഞ്ഞ പിന്തുണയും. കൂടാതെ പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ ഇടക്കിടെ യുദ്ധവും ഒടുങ്ങാത്ത ആഭ്യന്തര കലാപങ്ങളും സംഘര്‍ഷങ്ങളും സൃഷ്ടിച്ചു ആയുധ കച്ചവടം പൊടിപൊടിക്കാനും അതിലൂടെ സാമ്പത്തിക നേട്ടം കൊയ്യാനും അമേരിക്കയടങ്ങുന്ന പാശ്ചാത്യന്‍ സാമ്രാജ്യത്വ ശക്തികള്‍ കാലങ്ങളായി നടത്തികൊണ്ടിരിക്കുന്ന മനുഷ്യത്വരഹിതമായ നാടകം കൂടിയാണ് ഇസ്രാഈല്‍ ഫലസ്തീന്‍ വിഷയത്തില്‍ അമേരിക്ക ഇപ്പോള്‍ നടത്തികൊണ്ടിരിക്കുന്ന അനുനയനീക്കങ്ങള്‍ എന്നു കൂടി അനുമാനിക്കാം. അതിനാല്‍ നിലവിലെ ഫലസ്തീന്‍ ഇസ്രാഈല്‍ സംഘട്ടനങ്ങളുടെ താത്കാലിക വിരാമത്തിനുള്ള നയതന്ത്ര നീക്കങ്ങളല്ല ലോക രാജ്യങ്ങളും ഐക്യരാഷ്ട്ര സഭയും നടത്തേണ്ടത്, മറിച്ച് കുടിയിറക്കപ്പെട്ട് ആട്ടിയോടിക്കപ്പെട്ട ഒരു വിഭാഗം ജനതക്ക് അധിവസിക്കാനൊരിടം അനുവദിച്ചതിന്റെ പേരില്‍ സൈ്വര്യമായ ഉറക്കവും സുരക്ഷിതമായ പാര്‍പ്പിടവും സ്വരാജ്യംതന്നെയും കാലങ്ങളായി നഷ്ടപ്പെട്ട ഫലസ്തീനികള്‍ക്ക് സ്വതന്ത്രമായൊരു രാജ്യം സാക്ഷാത്കരിച്ച് കൊടുക്കുകയെന്നതാണ് സുതാര്യമായ പരിഹാരം. എങ്കിലേ നിരന്തരം ഉയരുന്ന ഗസ്സയിലെ പതിനായിരങ്ങളുടെ രോദനം എന്നെന്നേക്കുമായി നിലച്ച് സമാധാനത്തിന്റെ പുതിയ സൂര്യോദയങ്ങള്‍ ഉദയം ചെയ്യൂ.
columns
പ്രവാചക നാമത്തിൻ്റെ പൊരുൾ
ലോകത്ത് വളരെ കൂടുതൽ ഉച്ചരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു.
പാണക്കാട് സയ്യിദ് മുനവ്വറലി
ശിഹാബ് തങ്ങൾ
ലോകത്ത് വളരെ കൂടുതൽ ഉച്ഛരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു .തിരുനബിയുടെ നാമകരണ ചടങ്ങിൽ പ്രപിതാവായ അബ്ദുൽ മുത്തലിബിനോട് ബന്ധുക്കളായ ഖുറൈശികൾ ചോദിക്കുന്നുണ്ട്: കൊച്ചു മകനെ എന്ത് പേരാണ് വിളിക്കുന്നത്? അദ്ദേഹം മറുപടി നൽകി: പ്രിയങ്കരനായ പേര് മുഹമ്മദ് .ലോകാലോകങ്ങളിൽ ഉള്ളവർ അവനെ അനുധാവനം ചെയ്യണമെന്ന് ആഗ്രഹിക്കുന്നു.” വന്ധ്യവയോധികനായ ഉപ്പൂപ്പയുടെ ആഗ്രഹത്തിന് പടച്ചവൻ ഉത്തരം നൽകി. മണ്ണിൽ മനുഷ്യരും ആകാശത്ത് മാലാഖമാരും ആ പേര് ഉൾപ്പുള്കത്തോടെ ഉരുക്കഴിക്കുന്നു .തിരുനബിയുടെ നാമകീർത്തനം പാഠവത്കരിക്കുകയും അത് വിശ്വാസിയുടെ ഉത്തരവാദിത്തമാണെന്ന് നിർദ്ദേശിക്കുകയും ചെയ്ത ഖുർആൻ ഇങ്ങനെ പ്രഖ്യാപിച്ചു :നബിയുടെ മേൽ അല്ലാഹു അനുഗ്രഹം വർഷിക്കുന്നു, മലക്കുകൾ പ്രാർത്ഥിക്കുന്നു, സത്യവിശ്വാസികളെ നബിക്ക് അനുഗ്രഹം. സമാധാന വർഷത്തിനായി നിങ്ങളും പ്രാർത്ഥിക്കുക.
56 തലമുറകളിലൂടെ തുടരുന്ന ഈ മുഹമ്മദീയ പ്രകീർത്തനത്തിൻറെ പൊരുൾ എന്താണ് ?അനുയായികളാൽ ആപാദചൂഢം പിന്തുടരുന്ന ഒന്നായി മുഹമ്മദ് എന്ന നാമവും നബിയുടെ ചര്യകളും മാറുന്നതെന്തുകൊണ്ട് എന്നത് വിമർശകരെ പോലും വിസ്മയിപ്പിക്കുന്നതാണ്. കൗമാരപ്രായത്തിൽ കേട്ട മുഹമ്മദ് എന്ന നാമത്തിന്റെ സൗന്ദര്യത്തിന് പിന്നാലെ സഞ്ചരിക്കുകയും ചരിത്രത്തിലും കവിതയിലും നാടകത്തിലും ആവർത്തിക്കുന്ന ആ പേരിൻറെ ആവിഷ്കാരങ്ങളെ നാലു പതിറ്റാണ്ടുകളിലൂടെ നീളം പഠിക്കുകയും ചെയ്ത ജർമൻ ഓറിയന്റലിസ്റ്റ് ആൻമേരി ഷിമ്മൽ രചിച്ച ‘ മുഹമ്മദ് ദൈവത്തിൻറെ തിരുദൂതർ ‘എന്ന പുസ്തകം പ്രസിദ്ധമാണ്. മധ്യകാലത്ത് നിലനിന്ന നബിനിന്ദക്കുള്ള പണ്ഡിതോചിതമായ പ്രായശ്ചിത്തമായി വേണം ഈ പുസ്തകത്തെ കണക്കാക്കാൻ. സെമറ്റിക്പാരമ്പര്യത്തിലും ആഫ്രിക്കാൻ പാശ്ചാത്യ പൗരസ്ത്യ ദേശങ്ങളിലും നബി ചരിത്രരചനയുടെയും കീർത്തനങ്ങളുടെയും കുത്തൊഴുക്ക് വലിയൊരു പഠന മേഖലയാണ് തോമസ് കാർലൈൽ 19-)0 നൂറ്റാണ്ടിന്റെ ആദ്യത്തിൽ ലണ്ടനിൽ നടത്തിയ മൂന്നു പ്രഭാഷണങ്ങളിൽ ഒന്ന് ഹീറോ ആസ് എ പ്രോഫറ്റ് ‘ എന്ന തലവാചകത്തിൽ മുഹമ്മദ് നബിയെ കുറിച്ചായിരുന്നു .അതുവരെ പ്രചരിക്കപ്പെട്ടിരുന്ന എല്ലാ ആരോപണങ്ങൾക്കും വസ്തുതകൾ അപഗ്രഥിച്ച് യുക്തിസഹമായി മറുപടി പറഞ്ഞു .ഇസ്ലാം വാളുകൊണ്ട് പ്രചരിപ്പിക്കപ്പെട്ട മതമാണെന്ന വിമർശനത്തിന് അദ്ദേഹം നൽകിയ മറുപടി പ്രസക്തമാണ്. കാറിൽ പറയുന്നു ,ഏതൊരു രാഷ്ട്രീയവും ഒരാളുടെ മനസ്സിൽ ആണല്ലോ ആദ്യമായി ഉദിക്കുക.മുഹമ്മദിന് ലഭിച്ച ഇസ്ലാം എന്ന ആശയം പ്രചരിപ്പിക്കാൻ ലോകത്ത് അപ്പോൾ മുഹമ്മദ് മാത്രമേയുള്ളൂ .തന്റെ കയ്യിൽ ഒരു വാളും. ഈ അവസ്ഥയിൽ എങ്ങനെയാണ് മുഹമ്മദിന് ലോകം കീഴടക്കാൻ സാധിക്കുക? വാളുകൊണ്ട് പ്രചരിപ്പിക്കാൻ ആണെങ്കിൽ വേണ്ടത്ര വാളുകളും പ്രയോഗിക്കാൻ അനുയായികളും വേണം. മുഹമ്മദിന് അതിനായി അനുയായികൾ ഉണ്ടായേ പറ്റൂ. ഈ വസ്തുത തെളിയിക്കുന്നത് വാളുകൊണ്ടല്ല ഇസ്ലാം പ്രചരിച്ചത് എന്ന സത്യമാണ് .തിരുനബിനൽകിയ രണ്ട് സന്ദേശങ്ങൾ എടുത്തു പറയേണ്ടതാണ്. ഒന്ന് ,ഐഹികവും പാരത്രികവുമായ അഥവാ ഭൗതികവും ആധ്യാത്മവുമായ രണ്ട് തലങ്ങൾ ഉൾച്ചേർന്നതാണ് ജീവിതം എന്ന കാഴ്ചപ്പാട്. മതമെന്നത് പ്രാർത്ഥനകളുടെയും ആരാധനകളുടെയും (സഷ്ടാവുമായുള്ള കെട്ടുപാടുകളുടെയും കേവലസംഹിതം മാത്രമല്ല, മറിച്ച് നാഗരിക രാഷ്ട്രീയ നിർമാണത്തിന്റെ ബഹുപാOങ്ങൾ ചേർത്ത് സർഗാത്മകവും സാമൂഹികോ ന്മുഖവുമാക്കേണ്ടതാണെന്ന് തിരുനബി പഠിപ്പിച്ചു. ഇത് കൂടുതൽ ജനപ്രിയമായ ഒരു മതത്തിന്റെയും ജനോപകരമായ ജീവിത പദ്ധതിയുടെയും ഉയർപ്പിന് കാരണമായി.അബ്ബാസിയ ഖിലാഫത്തിൻ്റെയും സ്പാനിഷ് മുസ്ലിം ഭരണത്തിന്റെയും കാലത്ത് തുടക്കം കുറിച്ച വൈജ്ഞാനിക പുരോഗതിയുടെയും നാഗരിക വളർച്ചയുടെയും പാരമ്പര്യം ഈ സാമൂഹിക കാഴ്ചപ്പാടിന്റെ ഭാഗമായിരുന്നു. നവോത്ഥാനകാലത്ത് ഉയർന്നു വരാൻ യൂറോപ്പിന് സകല സാധ്യതയും നൽകിയതിൽ തിരുനബിയുടെ പിന്തുണക്കാരിലൂടെ വളർന്ന വൈജ്ഞാനിക വിപ്ലവത്തിന് ചെറുതല്ലാത്ത പങ്ക് ഉണ്ടായിരുന്നു .ഇസ്ലാം തുടങ്ങിയത് പൂർത്തീകരിക്കുക അല്ലാതെ യൂറോപ്പിന് മറ്റൊന്ന് ചെയ്യാൻ ഉണ്ടായിരുന്നില്ല എന്ന് ഫിലിപ് കെ ഹിറ്റി ഈ ചരിത്രത്തെ പറ്റി എഴുതുന്നുണ്ട് .ഇത്തരത്തിൽ ആഘോഷിക്കപ്പെട്ട ഒരു ജനകീയ പ്രവാചകൻ ലോകത്തിനു മുമ്പിൽ ഉണ്ട്. അതിലൂടെയാണ് മുഹമ്മദ് എന്ന സ്തുതിക്കപ്പെട്ട നബി രൂപപ്പെട്ടുവന്നത്. രണ്ടാമതായി എടുത്തു പറയേണ്ടത്, സഹിഷ്ണുത എന്ന വലിയ മൂല്യത്തെ യാഥാർത്ഥ്യമാക്കുന്നതിലും ജനകീയമാക്കുന്നതിലും മുഹമ്മദ് നബി വഹിച്ച പങ്കാണ് പതിറ്റാണ്ടുകൾ യുദ്ധത്തിൽ ഏർപ്പെട്ടുപോകുന്ന ഗോത്രങ്ങളെ തമ്മിലടുപ്പിക്കിയും സഹോദര മതക്കാരെ വിശ്വാസത്തിൽ എടുത്തും മദീനയിൽ നിർമ്മിച്ച രാഷ്ട്രത്തിൻറെ അത്ഭുതം എടുത്തു പറയേണ്ടതാണ് .വിടവാങ്ങൽ പ്രസംഗത്തിൽ ലോക മനസ്സാക്ഷിക്ക് നൽകിയ സമഭാവനയുടെ ഉൾക്കാഴ്ചകൾ അവസാനമില്ലാത്തതാണ്. ഇത്തരത്തിൽ ഇന്ന് കാണുന്ന ലോകത്തെ സമാധാനപൂർണ്ണമായ നിലനിർത്തുന്നതിൽക്കുള്ള പങ്കാളിത്തത്തിന്റെ പേരിൽ കൂടിയാണ് മുഹമ്മദ് സ്തുതിക്കപ്പെട്ടവൻ എന്ന പേര് അർത്ഥപൂർണ്ണം ആകുന്നത്
(മലയാള മനോരമ ദിനപത്രത്തിൽ 28-09-2023 ന് പ്രസിദ്ധീകരിക്കപ്പെട്ടത് )
-
kerala2 days agoയുഡിഎഫില്‍ വിശ്വാസം അര്‍പ്പിച്ച കേരള ജനതയ്ക്ക് സല്യൂട്ട്; രാഹുല്‍ ഗാന്ധി
-
kerala3 days agoഅമ്മയില്‍ ദിലീപിനെ തിരിച്ചെടുക്കുന്നതില്‍ യാതൊരു ചര്‍ച്ചയും നടന്നിട്ടില്ല; ശ്വേത മേനോന്
-
india1 day agoവസ്ത്രമൂരി മതം നിര്‍ണയിച്ചു; ചെവി മുറിച്ചു, ബിഹാറില്‍ ആള്‍കൂട്ട ആക്രമണത്തില്‍ 50 വയസ്സുകാരന്‍ മരിച്ചു
-
india21 hours ago‘മനുസ്മൃതിയും ആർഎസ്എസ് ആശയങ്ങളും രാജ്യത്തെ നശിപ്പിക്കും’; വോട്ട് മോഷ്ടാക്കളെ പുറത്താക്കണമെന്ന് മല്ലികാർജുൻ ഖാർഗെ
-
kerala3 days agoനീതി ലഭിച്ചില്ലെന്ന് അതിജീവിത പറയുമ്പോള്‍, നീതി ലഭിച്ചു എന്ന് നമുക്കെങ്ങനെ പറയാന്‍ കഴിയും; പ്രേംകുമാര്‍
-
india20 hours agoബി.ജെ.പി എം.എൽ.എയുടെ ഇടപെടൽ; ജമ്മു–കശ്മീരിലെ 850 മെഗാവാട്ട് ജലവൈദ്യുത പദ്ധതിയിൽ നിന്ന് പിൻമാറാൻ സാധ്യത
-
kerala2 days agoകണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകരുടെ അക്രമാസക്ത പ്രകടനം; വടിവാള്‍ വീശി ഭീകരാന്തരീക്ഷം
-
kerala2 days agoയു.ഡി.എഫിനെ വിശ്വസിച്ചതിന് കേരളജനതയ്ക്ക് നന്ദി; പ്രിയങ്കാ ഗാന്ധി
