kerala

തദ്ദേശ തെരഞ്ഞെടുപ്പ്; 2020 നേക്കാള്‍ പോളിംഗ് ശതമാനം കുറവ്, അന്തിമ പോളിംഗ് ശതമാനം പുറത്തുവിട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍

By webdesk18

December 12, 2025

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് ഘട്ടങ്ങളിലായി നടന്ന തദ്ദേശ തെരഞ്ഞെടുപ്പിലെ അന്തിമ പോളിംഗ് കണക്ക് പുറത്ത് വിട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍. തദ്ദേശ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് 73.68 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. 2020 ല്‍ ഇത് 75. 95 ശതമാനമായിരുന്നു. സംസ്ഥാനത്ത് ആകെ 2,10,79,021 പേര്‍ വോട്ട് രേഖപ്പെടുത്തി. ആദ്യഘട്ട തെരഞ്ഞെടുപ്പ് നടന്ന ഡിസംബര്‍ 9ന് 70.9 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. ഡിസംബര്‍ 11ന് നടന്ന രണ്ടാംഘട്ട തെരഞ്ഞെടുപ്പില്‍ 76.08 ശതമാനം പോളിംഗും രേഖപ്പെടുത്തി.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളിലായിരുന്നു ഡിസംബര്‍ ഒന്‍പതിന് ആദ്യഘട്ട തെരഞ്ഞെടുപ്പ് നടന്നത്. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് രണ്ടാം ഘട്ട പോളിംഗ് നടന്നത്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പോളിംഗ് രേഖപ്പെടുത്തിയത് വയനാട് ജില്ലയിലാണ്. ഇവിടെ 78.29 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. ഇവിടെ ആകെ 6,47,378 പേരില്‍ 5,06,823 പേര്‍ വോട്ട് രേഖപ്പെടുത്തി. ഏറ്റവും കുറവ് വോട്ട് രേഖപ്പെടുത്തിയത് പത്തനംതിട്ടയിലാണ്. പത്തനംതിട്ടയില്‍ 66.78 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയത്. ഏറ്റവും ഉയര്‍ന്ന പോളിംഗില്‍ രണ്ടാമത് മലപ്പുറം ജില്ലയാണ്. ഇവിടെ 77.37 ശതമാനം പോളിംഗാണ് രേഖപ്പെടുത്തി. ആകെ 36,18,851 പേരില്‍ 28,000,48 പേര്‍ വോട്ട് ചെയ്തു. മൂന്നാമതായി കോഴിക്കോട് ജില്ലയാണ്. ജില്ലയില്‍ 77.27 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. 26,82,682 വോട്ടര്‍മാരില്‍ 20,72,992 പേര്‍ വോട്ട് രേഖപ്പെടുത്തി.

കണ്ണൂര്‍, പാലക്കാട് ജില്ലകളാണ് തൊട്ടുപിന്നില്‍. കണ്ണൂര്‍ ജില്ലയില്‍ 76.77 ശതമാനവും പാലക്കാട് 76.27 ശതമാനം വോട്ടും രേഖപ്പെടുത്തി. കാസര്‍കോട് 74.89 ശതമാനം പോളാണ് രേഖപ്പെടുത്തിയത്. എറണാകുളത്ത് 74.57 ശതമാനം വോട്ട് രേഖപ്പെടുത്തി. തൊട്ടുപിന്നില്‍ ആലപ്പുഴയാണ്. 73.82 ശതമാനം പോളാണ് ജില്ലയില്‍ രേഖപ്പെടുത്തിയത്. തൃശൂര്‍ ജില്ലയില്‍ 72.48 ശതമാനവും ഇടുക്കിയില്‍ 71.78 ശതമാനവും വോട്ട് രേഖപ്പെടുത്തി. കൊല്ലമാണ് ഇതിന് പിന്നില്‍. കൊല്ലത്ത് 70.35 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയത്. കോട്ടയത്ത് 70.86 ശതമാനവും തിരുവനന്തപുരത്ത് 67.78 ശതമാനം വോട്ടും രേഖപ്പെടുത്തി. ഏറ്റവും കുറവ് വോട്ട് രേഖപ്പെടുത്തിയത് പത്തനംതിട്ടയിലാണ്. പത്തനംതിട്ടയില്‍ 66.78 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയത്.