ഡല്‍ഹി: കോവിഡ് കേസുകള്‍ അധികരിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനങ്ങള്‍ ചില നഗരങ്ങളിലും ജില്ലകളിലും ലോക്ഡൗണിന് സമമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തുടങ്ങിയിട്ടുണ്ട്. അതേസമയം, രാജ്യം പ്രതിദിന കോവിഡ് കേസുകളുടെ എണ്ണത്തില്‍ സര്‍വകാല റെക്കോഡും ഇന്ന് സൃഷ്ടിച്ചു.

ഇപ്പോള്‍ തുടരുന്ന സാഹചര്യം പരിഗണിച്ച് നിയന്ത്രണങ്ങള്‍ പുനഃസ്ഥാപിച്ചതും ഏത്രയും പെട്ടന്ന് സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ സാധ്യതയുള്ളത് അഞ്ച് സംസ്ഥാനങ്ങളാണ്. മഹാരാഷ്ട്ര, ഡല്‍ഹി, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, കര്‍ണാടക എന്നിവയാണ് ഈ സംസ്ഥാനങ്ങള്‍

മഹാരാഷ്ട്രയില്‍ സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ ഏര്‍പ്പെടുത്താതെ രക്ഷയില്ലെന്നാണ് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ സമഗ്ര കക്ഷി അവലോകന യോഗത്തിന് ശേഷം മുന്നറിയിപ്പ് നല്‍കിയത്. അത് സംബന്ധിച്ച തീരുമാനം ഒരു ദിവസത്തിനകം പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഡല്‍ഹിയില്‍ അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള ദില്ലി സര്‍ക്കാര്‍ ശനിയാഴ്ച വൈകിട്ട് പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. എല്ലാ സാമൂഹിക, രാഷ്ട്രീയ, കായിക, വിനോദ, സാംസ്‌കാരിക, മതപരമായ ഒത്തുചേരലുകള്‍ മറ്റൊരു മുന്നറിയിപ്പ് വരുന്നത് വരെ നിരോധിച്ചിരിക്കുകയാണ്.

ഉത്തര്‍പ്രദേശില്‍ കോവിഡ് വ്യാപനം തടയാനായി ഉത്തര്‍പ്രദേശിലെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ മീററ്റ്, ഗാസിയാബാദ്, നോയിഡ, വാരണാസി, കാണ്‍പൂര്‍, പ്രയാഗ്‌രാജ്, ബറേലി ജില്ലകളില്‍ രാത്രി കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. കൂടാതെ, ആരാധനാലയങ്ങളില്‍ ഒരേസമയം അഞ്ചില്‍ കൂടുതല്‍ പേര്‍ പ്രവേശിക്കുന്നത് നിരോധിക്കാനും തീരുമാനിച്ചിട്ടുണ്ട്.

മധ്യപ്രദേശ് സര്‍ക്കാര്‍ 11 ജില്ലകളിലായി വാരാന്ത്യ ലോക്ക്ഡൗണ്‍ നീട്ടിയിരിക്കുകയാണ്. ഏപ്രില്‍ 19 വരെ, ബര്‍വാനി, രാജ്ഗഡ്, വിദിഷ, ഇന്‍ഡോര്‍ സിറ്റി, റൗ നഗര്‍, മാഹു നഗര്‍, നര്‍സിംഗ്പുര്‍, ഷാജാപുര്‍, ഉജ്ജൈന്‍ എന്നിവിടങ്ങളില്‍ ഏര്‍പ്പെടുത്തിയ ലോഡ്കൗണ്‍ നീട്ടി.

കര്‍ണാടകയില്‍ രാവിലെ 10 മുതല്‍ പുലര്‍ച്ചെ അഞ്ച് മണി വരെ ബെംഗളൂരു, മൈസൂരു, മംഗളൂരു, കലബുറഗി, ബിദാര്‍, തുംകുരു, ഉഡുപ്പി, മണിപ്പാല്‍ എന്നിവയുള്‍പ്പെടെ കര്‍ണാടകയിലെ ഏഴ് ജില്ലകളില്‍ 10 ദിവസത്തെ കൊറോണ നൈറ്റ് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഏപ്രില്‍ 10 മുതലാണ് ഇത് നടപ്പിലാക്കിയിരിക്കുന്നത്. ഏപ്രില്‍ 20 വരെ നിയന്ത്രണങ്ങള്‍ നിലനില്‍ക്കും.