മുംബൈ: ദീര്‍ഘനാളത്തെ ദാമ്പത്യ ജീവിതത്തിനു ശേഷം കുഞ്ഞുണ്ടായതിന്റെ സന്തോഷത്തില്‍ മുലപ്പാല്‍ വിതരണം ചെയ്ത് യുവതി. നിര്‍മാതാവായ നിധി പര്‍മര്‍ ഹിരനന്ദിനിയും ഭര്‍ത്താവ് തുഷാറുമാണ് കുഞ്ഞിനു നല്‍കിയ ശേഷമുള്ള മുലപ്പാല്‍ ആവശ്യമുള്ള മറ്റു കുഞ്ഞുങ്ങള്‍ക്ക് നല്‍കാമെന്ന വാഗ്ദാനം നല്‍കിയത്. ഒമ്പതു വര്‍ഷത്തെ വിവാഹ ജീവിതത്തിനു ശേഷം 2020 ഫെബ്രുവരി 20നാണ് ഇവര്‍ക്ക് ആണ്‍കുഞ്ഞു പിറന്നത്. യുവതിയുടെ മുലപ്പാല്‍ നല്‍കാനുള്ള തീരുമാനത്തില്‍ കയ്യടിക്കുകയാണ് സോഷ്യല്‍ മീഡിയ.

‘കുഞ്ഞിന് ആവശ്യത്തിനു നല്‍കിയ ശേഷവും മുലപ്പാല്‍ ഒഴുകിക്കൊണ്ടിരുന്നു. അപ്പോഴാണ് ഞാന്‍ ഇങ്ങനെ ഒരു തീരുമാനം എടുത്തത്. മുലപ്പാല്‍ എടുത്ത് റഫ്രിജറേറ്ററില്‍ സൂക്ഷിച്ചാല്‍ മൂന്നോ നാലോ മാസം ഉപയോഗിക്കാമെന്ന് ഇന്റര്‍നെറ്റില്‍ നോക്കിയപ്പോള്‍ മനസ്സിലായി. അങ്ങനെയാണ് മുലപ്പാല്‍ ശേഖരിച്ച് സൂക്ഷിക്കാന്‍ തുടങ്ങിയത്. എന്നാല്‍ കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ ഫ്രീസര്‍ നിറഞ്ഞു. അപ്പോള്‍ വീണ്ടും ആശങ്കയിലായി. ഇന്റര്‍നെറ്റില്‍ നോക്കിയപ്പോള്‍ ഫേസ്പാക്കായും മറ്റും മുലപ്പാല്‍ ഉപയോഗിക്കുന്നതായി കണ്ടു. മാത്രമല്ല, മുലപ്പാല്‍ കുഞ്ഞിനെ കുളിപ്പിക്കാനും കാല്‍ കഴുകാനുമെല്ലാം ഉപയോഗിക്കുമെന്ന് എന്റെ ചില സുഹൃത്തുക്കള്‍ പറഞ്ഞു. പക്ഷേ, എന്തുകൊണ്ടോ എനിക്ക് അതിനോട് യോജിക്കാനായില്ല. അത് ക്രൂരതയാണെന്ന് എനിക്ക് തോന്നി. അങ്ങനെയാണ് മുലപ്പാല്‍ വില്‍ക്കാന്‍ തീരുമാനിച്ചത്-നിധി പറഞ്ഞു.

മുംബൈയിലെ സൂര്യ ആശുപത്രിയിലേക്കാണ് നിധി തന്റെ മുലപ്പാല്‍ നല്‍കുന്നത്. 15-20 ദിവസത്തെ ഇടവേളയില്‍ നിധി പാല്‍ നല്‍കും. 40 ലിറ്ററില്‍ അധികം പാല്‍ ഇതിനോടകം നല്‍കി. 2021 ഫെബ്രുവരി വരെ മുലപ്പാല്‍ നല്‍കാന്‍ സാധിക്കുമെന്നാണ് കരുതുന്നതെന്നും നിധി വ്യക്തമാക്കുന്നു.