Connect with us

News

കര്‍ണാടകയിലേക്ക് നോക്കൂ

EDITORIAL

Published

on

എന്തിനും ഏതിനും നിങ്ങള്‍ ബംഗാളിലേക്ക് നോക്കൂ എന്ന് നിര്‍ദ്ദേശിക്കുന്ന ഒരു കാലമുണ്ടായിരുന്നു കേരളത്തിലെ സി.പി.എമ്മിന്. എന്നാല്‍ ആര്‍.എസ് എസിനെതിരായ സിദ്ധരാമയ്യ സര്‍ക്കാറിന്റെ അതിശക്തമായ നീക്കങ്ങള്‍ കാണുന്ന കേരളത്തിലെ ജനങ്ങള്‍ നിങ്ങള്‍ കര്‍ണാടകയിലേക്ക് നോക്കൂ എന്ന് പിണറായി സര്‍ക്കാറിനോട് പറയുന്ന സാഹചര്യമാണ് നിലവിലുള്ളത്. പ്രത്യേകിച്ച് സംസ്ഥാന ഐ.ടി മന്ത്രിയും കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന ഖാര്‍ഗെയുടെ മകനുമായ പ്രയങ്ക് ഖാര്‍ഗെയുടെ നിലപാടുകള്‍ കാരണം. മന്ത്രിയുടെ മണ്ഡലമായ ചിറ്റാപൂരില്‍ ആര്‍.എസ്.എസ് റൂട്ട് മാര്‍ച്ചിന് നിഷേധിച്ചതാണ് ഏറ്റവും പുതിയ സംഭവം. ഞായറാഴ്ച്ച നടത്താന്‍ നിശ്ചയിച്ചിരുന്ന ആര്‍. എസ്.എസ് പഥസഞ്ചലനത്തിനായിരിന്നു ക്രമസമാധാന പ്രശ്നം ചൂണ്ടിക്കാട്ടി തഹസില്‍ദാര്‍ നാഗയ്യഹിര്‍മത് അനുമതി നിശേധിച്ചിരുന്നത്. ഭീം ആര്‍മിയുടെയും ദളിത് പാന്തേഴ്സിന്റെയും നേതൃത്വത്തില്‍ ഇതേ ദിവസം റോഡ് ഷോ നടക്കുന്നതിനാല്‍ ആര്‍.എസ്.എസ് റൂട്ട് മാര്‍ച്ചിന് അനുമതി നല്‍കാന്‍ കഴിയില്ലെന്നും ക്രമസമാധാന ഭീഷണിയുള്ളതിനാല്‍ അനുമതി നല്‍കരുതെന്ന് പോലീസ് അറിയിച്ചതായി തഹസില്‍ദാര്‍ ആര്‍.എസ്.എസിനെ അറിയിക്കുകയായിരുന്നു. സംസ്ഥാനത്തെ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും സ്‌കൂളുകളിലും ആര്‍.എസ്.എസ് പ്രവര്‍ത്തനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് പ്രിയങ്ക് ഖാര്‍ഗെ മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് കത്ത് നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് തമിഴ്നാട് മാതൃകയില്‍ നടപടികള്‍ സ്വീകരിക്കാനുള്ള സാധ്യതകള്‍ പഠിക്കാന്‍ മുഖ്യമന്ത്രി ചീഫ് സെക്രട്ടറിക്കു നിര്‍ദേശം നല്‍കുകയും ചെയ്തു. ഇതില്‍ പ്രകോപിതരായാണ് പ്രിയങ്ക് ഖാര്‍ഗെയുടെ തട്ടകമായ ചിറ്റാപൂരില്‍ ശക്തിപ്രകടനമായി വിജയദശമി ദിനാഘോഷ റൂട്ട് മാര്‍ച്ച് നടത്താന്‍ ഹിന്ദുത്വര്‍ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി വലിയ സന്നാഹങ്ങളും പഥസഞ്ചലന പരിപാടിക്ക് ഒരുക്കിയിരുന്നു. ചിറ്റാപൂരിലെ പ്രധാന റോഡുകളിലെ സ്ഥലങ്ങളില്‍ കാവി പതാകകളും കൂറ്റന്‍ കട്ടൗട്ടുകളും സ്ഥാപിച്ച് ശക്തി പ്രകടിപ്പിക്കാനായിരുന്നു നീക്കം. എന്നാല്‍ ഇതെല്ലാം സര്‍ക്കാര്‍ തടഞ്ഞു. അനുമതിയില്ലാതെയാണ് നഗരത്തില്‍ ബാനറുകളും പോസ്റ്ററുകളും കട്ടൗട്ടുകളും സ്ഥാപിച്ചതെന്ന് ചൂണ്ടികാട്ടി പോലീസ് എല്ലാം എടുത്തെറിയുകയും ചെയ്തു.

ആര്‍.എസ്.എസ് അടക്കമുള്ള സമാന സംഘടനകളുടെ പരിപാടികളില്‍ പങ്കെടുക്കുന്നതില്‍ നിന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും ജീവനക്കാരെയും കര്‍ശനമായി വിലക്കണമെന്നായിരുന്ന ഖാര്‍ഗെ നേരത്തെ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നത്. കര്‍ണാടക സിവില്‍ സര്‍വീസ് ചട്ടങ്ങള്‍ ഉദ്ധരിച്ചാണ് അദ്ദേഹം ഈ ആവശ്യം മുന്നോട്ടുവെച്ചത്. ഇതിന് അനുബന്ധമായി സ്വകാര്യ ആവശ്യങ്ങള്‍ക്കായി ഗവ. സ്‌കൂളുകളും മൈതാനങ്ങളും ഉപയോഗിക്കുന്നത് വിലക്കുന്ന പഴയ ഉത്തരവ് ഇക്കഴിഞ്ഞ വ്യാഴാഴ്ച സര്‍ക്കാര്‍ വീണ്ടും പുറത്തിറക്കുകയും ചെയ്തു. 2013 ഫെബ്രുവരി മാസത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് ഇറക്കിയ സര്‍ക്കുലറിലായിരുന്നു അക്കാദമിക പരിപാടികള്‍ക്കല്ലാതെ സ്‌കൂളുകളോ മൈതാനങ്ങളോ വളപ്പുകളോ ഉപയോഗിക്കാന്‍ പാടില്ലെന്ന് വ്യക്തമാക്കിയിരുന്നത്. ആര്‍.എസ്. എസ് എന്ന സംഘടന സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളിലും പൊതു മൈതാനങ്ങളിലും ശാഖകള്‍ നടത്തുന്നുണ്ടെന്നും അവിടെ മുദ്രാവാക്യങ്ങള്‍ വിളിക്കുകയും കുട്ടികളുടെയും യുവാക്കളുടെയും മനസ്സില്‍ നിഷേധാത്മകമായ കുത്തിവെക്കുകയും ചെയ്യുന്നതായി ഖാര്‍ഗെ തുറന്നടിച്ചിരുന്നു. ആര്‍.എസ്.എസിനെതിരായ ശക്തമായ നിലപാടിന്റെ പേരില്‍ തനിക്ക് വധഭീഷണിയും സന്ദേശങ്ങളും ലഭിച്ചതായി അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. ധൈര്യമുണ്ടെങ്കില്‍ ആര്‍. എസ്. എസിനെ നിരോധിക്കൂ എന്ന വെല്ലുവിളിയായിരുന്നു ബി.ജെ.പിയുടെ ഭാഗത്തുനിന്നുണ്ടായിരുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending