രാജ്‌സമന്ത്: ലൗജിഹാദെന്ന് ആരോപിച്ച് യുവാവിനെ വെട്ടിക്കൊന്ന് കത്തിച്ചു. രാജസ്ഥാനിലെ രാജ്‌സമന്തിലാണ് മുഹമ്മദ് അഫ്‌റസുല്‍ എന്ന യുവാവിനെ മഴുകൊണ്ട് വെട്ടിക്കൊന്ന് കത്തിച്ചത്. ഇതിനുശേഷം ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ ഷാംബുലാല്‍ റെഗര്‍ എന്നയാളെ പോലീസ് അറസ്റ്റുചെയ്തു.

പശ്ചിമബംഗാളിലെ മാല്‍ഡ സ്വദേശിയാണ് കൊല്ലപ്പെട്ട മുഹമ്മദ് അഫ്‌റസുല്‍. രാജസ്ഥാനിലെ രാജ്‌സമന്തില്‍ കരാര്‍ തൊഴിലാളിയായി താമസിച്ചുവരികയായിരുന്നു. ജോലിയുണ്ടെന്ന് പറഞ്ഞ് അഫ്‌റസുലിനെ മറ്റൊരു സ്ഥലത്തെത്തിച്ച് മഴുകൊണ്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. അതിനുശേഷം കത്തിക്കുകയും ചെയ്തു. ഒരാള്‍ ഇതിന്റെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയെന്നും സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. ഷാംബുലാലിന്റെ സഹോദരിയുമായി അഫ്‌റസുലിന് പ്രണയബന്ധമുണ്ടായിരുന്നുവെന്ന് പോലീസ് പറയുന്നു. ഇതിന്റെ പേരിലുള്ള ലൗജിഹാദ് കൊലപാതകമാണെന്നാണ് പോലീസ് ഭാഗം. സംഭവസ്ഥലത്തുനിന്ന് പകുതി കത്തിക്കരിഞ്ഞ മൃതദേഹത്തൊടൊപ്പം മഴുവും ബൈക്കും പോലീസ് കണ്ടെടുത്തു. മരിച്ച അഫ്‌റസുല്‍ കുടുംബത്തോടൊപ്പമാണ് താമസിക്കുന്നത്.

പ്രതികളെ പിടികൂടുന്നതിന് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുമെന്ന് രാജസ്ഥാന്‍ ആഭ്യന്തരമന്ത്രി ഗുലാബ് ചന്ദ് കതരിയ പറഞ്ഞു. കൊലപാതകം വര്‍ഗ്ഗീയകലാപം ലക്ഷ്യംവെച്ചുകൊണ്ടുള്ള പ്രവര്‍ത്തിയാണെന്നും സംഭവത്തില്‍ മുഖ്യപ്രതി ഷാംബുലാല്‍ റെഗറിനെ അറസ്റ്റു ചെയ്‌തെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഐ.പി.സി 302,201വകുപ്പു പ്രകാരം പ്രതികള്‍ക്കെതിരെ കേസെടുത്തുവെന്ന് രാജ്‌നഗര്‍ പോലീസ് അറിയിച്ചു. കൂടുതല്‍ പ്രതികള്‍ക്കുവേണ്ടിയുള്ള അന്വേഷണം നടത്തുകയാണെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.