Connect with us

Culture

പുസ്തകങ്ങള്‍ ലോകകമ്പോളത്തില്‍ എത്തിക്കാന്‍ ലോബിയിങ് നടത്തണം: എം.മുകുന്ദന്‍

Published

on

കോഴിക്കോട്: മലയാളകൃതികള്‍ മറ്റു രാജ്യങ്ങളിലെ വായനക്കാരുടെ കൈയിലെത്തിക്കാന്‍ ശക്തമായ ലോബിയിങ് നടത്തേണ്ട സാഹചര്യമാണ് ഉള്ളതെന്ന് എം. മുകുന്ദന്‍ അഭിപ്രായപ്പെട്ടു. കേരള ലിറ്റററി ഫെസ്റ്റിവലില്‍ മലയാള നോവല്‍ മൊഴിമാറ്റുമ്പോള്‍ എന്ന സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മലയാളകൃതികളുടെ വിവര്‍ത്തനങ്ങള്‍ പെന്‍ഗ്വിന്‍ ബുക്‌സ് വഴിയാണ് പ്രധാനമായും പുറത്തെത്തുന്നത്. അതുപോര, പെന്‍ഗ്വിന്‍ ഇന്റര്‍നാഷണല്‍ വഴി പുസ്തകങ്ങള്‍ പുറംരാജ്യങ്ങളില്‍ എത്തിക്കാന്‍ കഴിയണം. പല ചെറുരാജ്യങ്ങളും ഇ്ക്കാര്യത്തില്‍ മുന്‍പന്തിയിലാണ്. അവര്‍ മത്സരബുദ്ധിയോടെ പ്രവര്‍ത്തിക്കുമ്പോള്‍ നാം ഇന്നും ലജ്ജാശീലത്തോടെ മാറി നില്‍ക്കുകയാണ് ചെയ്യുന്നത്. മുകുന്ദന്‍ പറഞ്ഞു.

മലയാള പുസ്തകങ്ങളുടെ ഇംഗ്ലീഷ് വിവര്‍ത്തനം ഇന്ത്യയിലുള്ള വായനക്കാര്‍ക്ക് മാത്രമെ വായിച്ചാസ്വദിക്കാന്‍ കഴിയൂ എന്നൊരു പരിമിതി പറഞ്ഞു കേള്‍ക്കുന്നുണ്ട്. ഇതും പരിഹരിക്കേണ്ട പ്രശ്‌നമാണ്. മലയാളത്തിലെ കൃതികളുടെ വിവര്‍ത്തനം കിട്ടുന്നില്ല എന്ന പരാതി പുറത്ത് ഉയരുന്നുണ്ട്. ഇത് ശ്രദ്ധിക്കേണ്ട കാര്യമാണ്.
മലയാളകൃതികള്‍ പുറംരാജ്യങ്ങളില്‍ എത്താത്തതുപോലെ ഇന്ത്യയിലെ മറ്റു ഭാഷകളിലും വേണ്ടപോലെ എത്തുന്നില്ലെന്ന് സേതു പറഞ്ഞു.

ഒരു കാലത്ത് ഇന്ത്യന്‍ ഭാഷകളിലെ കൃതികളുമായി നമുക്ക് സമ്പന്നമായ കൊടുക്കല്‍ വാങ്ങലുകള്‍ ഉണ്ടായിരുന്നു. യശ്പാല്‍, മുല്‍ക്ക് രാജ് ആനന്ദ്,ആശപൂര്‍ണാദേവി, ബിമല്‍മിത്ര തുടങ്ങിയവരുടെ കൃതികള്‍ മലയാളരചനകളെ പോലെ നാം വായിക്കുകയുണ്ടായി. എന്നാല്‍ ഇപ്പോള്‍ അത്തരത്തില്‍ കൊടുക്കല്‍ വാങ്ങല്‍ നടക്കുന്നുണ്ടോ എന്ന കാര്യം സംശയമാണ്. സേതു പറഞ്ഞു. പാണ്ഡവപുരം ഹിന്ദിയിലേക്ക് തര്‍ജ്ജമ ചെയ്തപ്പോള്‍ ജാരന്‍ എന്ന വാക്ക് പ്രശ്‌നമായി. ജാര്‍ എന്നാണ് വിവര്‍ത്തകനായ യു.കെ.എസ് ചൗഹാന്‍ മൊഴിമാറ്റിയത്. ഒരു വാക്കിന്റെ പ്രശ്‌നം ചിലപ്പോള്‍ നോവലിനെ തകര്‍ക്കും-സേതു പറഞ്ഞു.

പുസ്തകത്തിന്റെ പ്രമോഷനുവേണ്ടി എന്തെങ്കിലും ചെയ്യുന്നത് മഹാ അപരാധവും അധമവുമായി കാണുന്ന പ്രവണത മലയാളത്തില്‍ മാത്രമാണെന്ന് ബെന്യാമിന്‍ പറഞ്ഞു. പുസ്തകത്തിന്റെ കവര്‍ നേരത്തെ പ്രസിദ്ധീകരിച്ചതിന്റെ പേരില്‍പോലും പഴി കേള്‍ക്കേണ്ടിവരുന്ന എഴുത്തുകാര്‍ മലയാളത്തില്‍ മാത്രമേ ഉണ്ടാവുകയുള്ളു. ഇത് പുസ്തകത്തിന്റെ പ്രചാരണത്തിനും വില്‍പനക്കും തടസ്സമായി മാറുന്നുണ്ട്്്. വിവര്‍ത്തനത്തിന്റെ ഇതാണ് സംഭവിക്കുന്നത്. വിപണി ആവശ്യപ്പെടുന്ന പിന്തുണ പുസ്തകത്തിന് നല്‍കേണ്ടത് അനിവാര്യമാണ്. അതൊരു മോശം പ്രവൃത്തിയായി കാണേണ്ടതില്ല. ബെന്യാമിന്‍ പറഞ്ഞു. വിവര്‍ത്തകനെ അഥവാ വിവര്‍ത്തകയെ രണ്ടാംനിരക്കാരായി കാണുന്ന പ്രവണതയാണ് ഇവിടെയുള്ളതെന്ന് സുഭാഷ് ചന്ദ്രന്റെ മനുഷ്യന് ഒരു ആമുഖം എന്ന നോവല്‍ ഇംഗ്ലീഷിലേക്ക് തര്‍ജ്ജ ചെയ്ത ഇ.വി ഫാത്തിമ പറഞ്ഞു. സുഭാഷ് ചന്ദ്രന്‍, റൂബിന്‍ ഡിക്രൂസ് എന്നിവരും പ്രസംഗിച്ചു.

Culture

ഒ വി വിജയന്‍ സ്മൃതിദിന പരിപാടികള്‍ മാര്‍ച്ച് 30 ന് തസ്രാക്കില്‍ നടക്കും

എഴുത്തുകാരിയും കേരള സാഹിത്യ അക്കാദമി മുൻ വൈസ് പ്രസിഡണ്ടുമായ ഖദീജ മുംതാസ് ഉത്ഘാടനം ചെയ്യും

Published

on

സാഹിത്യകാരൻ ഒ ,വി,വിജയൻറെ സ്മൃതിദിന പരിപാടികള്‍ മാര്‍ച്ച് 30 ന് പാലക്കാട്ടെ തസ്രാക്ക് ഒ.വി.വിജയൻ സ്മാരകത്തിൽ നടക്കും. ‘ചിതലിയിലെ ആകാശം’ എന്ന പേരിലാണ് പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്. എഴുത്തുകാരിയും കേരള സാഹിത്യ അക്കാദമി മുൻ വൈസ് പ്രസിഡണ്ടുമായ ഖദീജ മുംതാസ് ഉത്ഘാടനം ചെയ്യും.വിവിധ സെഷനുകളില്‍ അശോകന്‍ ചരുവില്‍, കെ എം അനില്‍, എം എം നാരായണന്‍, സുജ സൂസന്‍ ജോര്‍ജ്, സി അശോകന്‍, സി പി ചിത്രഭാനു, കെ ഇ എന്‍ തുടങ്ങിയവർ സംസാരിക്കും. ഭാരതത്തിന്‍റെ സാംസ്കാരിക വര്‍ത്തമാനം എന്ന സംവാദമുണ്ടാകും.

ഖസാക്കിന്‍റെ തമിഴ് വിവര്‍ത്തനം നടത്തിയ യുമ വാസുകി പങ്കെടുക്കും. ഖസാക്കിന്‍റെ ഇതിഹാസം – നൂറ് കവര്‍ചിത്രങ്ങളുടെ പ്രദര്‍ശനവും, ഹ്രസ്വനാടകങ്ങളും ഉണ്ടാകും. പാലക്കാടന്‍ പുതുതലമുറയിലെ കലാ, സാഹിത്യപ്രതിഭകളെ അനുമോദിക്കുന്ന സദസ്സും സംഘടിപ്പിച്ചിട്ടുണ്ട്.

Continue Reading

Art

നാടകാചാര്യന്‍ വിക്രമന്‍ നായര്‍ അന്തരിച്ചു

തിങ്കളാഴ്ച രാത്രി കോഴിക്കോട്ടെ സ്വകാര്യാശുപത്രിയിലായിരുന്നു അന്ത്യം

Published

on

നാടക എഴുത്തുകാരനും അഭിനേതാവുമായ വിക്രമന്‍ നായര്‍ (78) അന്തരിച്ചു. ആറുപത് വര്‍ഷത്തോളം നാടകജീവിതത്തിനൊപ്പം തന്നെ സിനിമ, സീരിയല്‍ രംഗങ്ങളിലും അദ്ദേഹം തിളങ്ങി. തിങ്കളാഴ്ച രാത്രി കോഴിക്കോട്ടെ സ്വകാര്യാശുപത്രിയിലായിരുന്നു അന്ത്യം.

ജനനംകൊണ്ട് മണ്ണാര്‍ക്കാട്ടുകാരനാണെങ്കിലും കോഴിക്കോട് സെയ്ന്റ് ജോസഫ് ഹൈസ്‌കൂളിലെ വിദ്യാഭ്യാസകാലമാണ് വിക്രമന്‍നായരെ നാടകതത്പരനാക്കുന്നത്. 16 വയസ്സുമുതല്‍ കോഴിക്കോട്ടെ കലാസമിതിപ്രവര്‍ത്തകരുമായി സഹകരിച്ചുപോന്നിരുന്നു. കെ.ടി. മുഹമ്മദടക്കമുള്ള നാടകാചാര്യന്മാരോടൊപ്പം നാടകരംഗത്ത് തന്റേതായ കൈയൊപ്പ് പതിപ്പിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു.

Continue Reading

Film

ഇന്നസെന്റിന്റെ സംസ്‌കാരം ഇന്ന്

പ്രിയതാരത്തിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ഇന്നലെ പതിനായിരങ്ങളാണ് കൊച്ചിയിലും ഇരിങ്ങാലക്കുടയിലും എത്തിയത്

Published

on

അന്തരിച്ച സിനിമാ താരവും മുന്‍ എംപിയുമായ ഇന്നസെന്റിന്റെ സംസ്‌കാരം ഇന്ന് രാവിലെ പത്ത് മണിക്ക് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ പള്ളി സെമിത്തേരിയില്‍ നടക്കും. പ്രിയതാരത്തിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ഇന്നലെ പതിനായിരങ്ങളാണ് കൊച്ചിയിലും ഇരിങ്ങാലക്കുടയിലും എത്തിയത്.

മുഖ്യമന്ത്രി പിണറായി വിജയന്‍ ഇരിങ്ങാലക്കുടയിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു. മന്ത്രിമാരായ ആര്‍.ബിന്ദു, കെ രാധാകൃഷ്ണന്‍, എംബി രാജേഷ് തുടങ്ങിയവര്‍ എല്ലാം ഇരിങ്ങാലക്കുട ടൗണ്‍ ഹാളിലെത്തി അന്ത്യാഞ്ജലി അര്‍പ്പിച്ചു. പ്രിയ സുഹൃത്തിനെ അവസാനമായി ഒരുനോക്ക് കാണാന്‍ സിനിമാ പ്രവര്‍ത്തകരും ആരാധകരും രാത്രി വൈകിയും എത്തിക്കൊണ്ടിരുന്നു.

ഇന്നസെന്റിനെ അവസാനമായി ഒരുനോക്ക് കാണാന്‍ മോഹന്‍ലാല്‍ എത്തി. ഇരിങ്ങാലക്കുടയിലെ വീട്ടിലെത്തിയാണ് മോഹന്‍ലാല്‍ അന്ത്യോപചാരം അര്‍പ്പിച്ചത്. രാജസ്ഥാനില്‍ ഷൂട്ടിങ്ങിലായിരുന്ന മോഹന്‍ലാല്‍ ഇന്നസെന്റിന് അന്ത്യാഞ്ജലി അര്‍പ്പിക്കാനാണ് കേരളത്തിലെത്തിയത്. ഇരിങ്ങാലക്കുട ടൗണ്‍ഹാളിലെ പൊതുദര്‍ശനത്തിന് ശേഷമാണ് ഇന്നസെന്റിന്റെ മൃതദേഹം വീട്ടിലേക്ക് കൊണ്ടുവന്നത്.

Continue Reading

Trending