Madhav Godbole Idea Exchange.(Loksatta). Express Photo by Ganesh Shirsekar. 10.09.2014. Mumbai.

india

പള്ളി അഞ്ച് മണിക്കൂറില്‍ തകര്‍ത്തതിന് പിന്നില്‍ ആസൂത്രണവുമില്ലായിരുന്നുവെന്ന് വിശ്വസിക്കാന്‍ കഴിയില്ല; പ്രതികരണവുമായി നരസിംഹറാവുവിന്റെ ആഭ്യന്തര സെക്രട്ടറി

By chandrika

September 30, 2020

ന്യൂഡല്‍ഹി: ബാബരി മസ്ജിദ് തകര്‍ത്ത കേസിലെ പ്രതികളെ വെറുതെ വിട്ട കോടതിവിധിയില്‍ പ്രതികരണവുമായി പി.വി നരസിംഹറാവു പ്രധാനമന്ത്രിയായിരുന്ന കാലത്തെ ആഭ്യന്തര സെക്രട്ടറി മാധവ് ഗോഡ്‌ബോലെ. കോടതിവിധി ഞെട്ടിപ്പിക്കുന്നതാണെന്ന് മാധവ് ഗോഡ്‌ബോലെ പറഞ്ഞു. ബാബരി മസ്ജിദ് തകര്‍ക്കുമ്പോള്‍ പി.വി നരസിംഹറാവുവായിരുന്നു പ്രധാനമന്ത്രി.

‘അത്രയും വലിയ ഒരു പള്ളി അഞ്ച് മണിക്കൂറില്‍ തകര്‍ന്നുവീണതിന് പിന്നില്‍ ഒരു ആസൂത്രണവുമില്ലായിരുന്നു എന്ന് വിശ്വസിക്കാന്‍ കഴിയുന്നതല്ല. വിധി ഭയപ്പെടുത്തുന്നതാണ്’. വിധിക്കെതിരെ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ സുപ്രീംകോടതിയില്‍ പോകണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കിലും രണ്ടിടങ്ങളിലും ഭരിക്കുന്നത് ബി.ജെ.പി ആയതിനാല്‍ സാധ്യതയില്ലെന്നും അദ്ദേഹം പറഞ്ഞു. പള്ളി തകര്‍ത്തത് ക്രിമിനല്‍ കുറ്റമാണെന്ന് സുപ്രീംകോടതി തന്നെ നിരീക്ഷിച്ചതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പള്ളി തകര്‍ത്തതില്‍ ആര്‍ക്കെതിരേയും തെളിവില്ലെന്ന് വിശ്വസിക്കാന്‍ വ്യക്തിപരമായി ബുദ്ധിമുട്ടാണെന്നും ഗോഡ്‌ബോലെ പറഞ്ഞു. വിധിയുടെ പൂര്‍ണ്ണരൂപം വായിച്ചിട്ട് കൂടുതല്‍ പ്രതികരിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിധിക്കെതിരെ കോണ്‍ഗ്രസും രംഗത്തെത്തിയിട്ടുണ്ട്. അപ്പീല്‍ പോകണമെന്ന് കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സുര്‍ജേവാല പറഞ്ഞിരുന്നു.

ബാബറി മസ്ജിദ് വിധിക്കെതിരെ കോടതി വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് ഉത്തര്‍പ്രദേശ് വഖഫ് ബോര്‍ഡ് അറിയിച്ചിട്ടുണ്ട്. മസ്ജിദ് തകര്‍ത്ത കേസില്‍ എല്ലാ പ്രതികളെയും കോടതി വെറുതെ വിട്ടിരുന്നു. പ്രത്യേക കോടതി ജഡ്ജ് സുരേന്ദ്രകുമാര്‍ യാദവാണ് സുപ്രധാന വിധി പ്രസ്താവം നടത്തിയത്.

രണ്ടായിരം പേജ് വരുന്നതാണ് വിധി. പള്ളി തകര്‍ത്തത് ആസൂത്രിതമല്ല എന്ന് ചൂണ്ടിക്കാട്ടിയാണ് വിധി. പ്രതികള്‍ക്കെതിരെയുള്ള തെളിവുകള്‍ ശക്തമല്ല എന്നും മസ്ജിദ് തകര്‍ക്കാന്‍ മുന്‍കൂട്ടി ആസൂത്രണം ഉണ്ടായിരുന്നില്ല എന്നുമാണ് കോടതിയുടെ നിരീക്ഷണം.

വിധി കേള്‍ക്കാന്‍ പ്രതികളായ എല്‍കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, കല്യാണ്‍ സിങ്, ഉമാഭാരതി, സതീഷ് പ്രധാന്‍, നൃത്യ ഗോപാല്‍ ദാസ് എന്നിവര്‍ ആരോഗ്യകാരണങ്ങളാല്‍ കോടതിയില്‍ ഹാജരായിരുന്നില്ല. ഇവര്‍ വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് വിധി കേട്ടത്. ഫൈസാബാദ് എംപി ലല്ലു സിങ്, ഉന്നാവോ എംപി സാക്ഷി മഹാരാജ്, കൈസര്‍ഗഞ്ച് എംപി ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്, രാമക്ഷേത്ര ട്രസ്റ്റ് അംഗം ചംപത് റായ് തുടങ്ങിയവര്‍ ഹാജരായിരുന്നു. മൊത്തം 32 പ്രതികളില്‍ 26 പേരാണ് ഹാജരായിരുന്നത്.