മുംബൈ: പാലില്‍ മായം ചേര്‍ക്കുന്നത് ജാമ്യമില്ലാ കുറ്റമാക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ നീക്കം തുടങ്ങി. മൂന്ന് വര്‍ഷം വരെ തടവ് ലഭിക്കുന്ന കുറ്റമാക്കാനാണ് സര്‍ക്കാര്‍ ആലോചല്‍ ആറ് മാസം തടവാണ് ശിക്ഷ. ഈ നിയമപ്രകാരം ജാമ്യം കിട്ടാനും വകുപ്പുണ്ട്. ഇത് ഭേദഗതി ചെയ്ത് ശിക്ഷ കഠിനമാക്കാനാണ് സര്‍ക്കാര്‍ നീക്കം. സംസ്ഥാന ഭക്ഷ്യ-സിവില്‍ സപ്ലൈസ് മന്ത്രി ഗിരീഷ് ബാപത് നിയമസഭയിലാണ് ഇക്കാര്യമറിയിച്ചത്.

എന്നാല്‍ പാലില്‍ മായം ചേര്‍ക്കുന്നത് ജീവപര്യന്തം തടവ് ലഭിക്കുന്ന കുറ്റമാക്കണം എന്നായിരുന്നു ഭൂരിഭാഗം അംഗങ്ങളുടേയും ആവശ്യം. ജീവപര്യന്തം തടവിന് വേണ്ടി നിയമം മാറ്റിയെഴുതാന്‍ നിയമതടസ്സങ്ങളുണ്ടെന്നായിരുന്നു മന്ത്രിയുടെ മറുപടി. പാലിന്റെ ഗുണനിലവാരം പരിശോധിക്കുന്നതില്‍ സര്‍ക്കാറിന് വീഴ്ച പറ്റിയെന്ന് മന്ത്രി നിയമസഭയില്‍ സമ്മതിച്ചു. നേരത്തെ മുംബൈയില്‍ മാത്രം വിതരണം ചെയ്യുന്ന പാലില്‍ 30 ശതമാനവും മായം കലര്‍ന്നതാണെന്ന് കണ്ടെത്തിയിരുന്നു.