മുംബൈ: കോവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന മഹാരാഷ്ട്രയില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ ആലോചന. ശനിയാഴ്ച മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ ഇതിനുള്ള ആലോചനകള്‍ നടന്നു. സമ്പൂര്‍ണ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നതിന് അനുകൂല സമീപനമാണ് ഉദ്ധവ് താക്കറെ സ്വീകരിച്ചതെന്നാണ് റിപ്പോര്‍ട്ട്.

രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പ്രതിദിന കോവിഡ് കേസുകളില്‍ പകുതിയും മഹാരാഷ്ട്രയിലാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി അമ്പതിനായിരത്തിന് മുകളിലാണ് സംസ്ഥാനത്തെ രോഗികളുടെ എണ്ണം.
സര്‍വകക്ഷി യോഗത്തില്‍ പങ്കെടുത്ത ബിജെപി പ്രതിനിധികളും ഒരു വിഭാഗം ശിവസേന-കോണ്‍ഗ്രസ്-എന്‍സിപി പ്രതിനിധികളും ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നതിന് അനുകൂലമായ നിലപാടല്ല സ്വീകരിച്ചത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നത് അത്യാവശ്യമാണെന്നും ആവശ്യമെങ്കില്‍ ഇളവുകള്‍ മാത്രം നല്‍കാമെന്നും ഉപമുഖ്യമന്ത്രി അശോക് ചവാന്‍ അഭിപ്രായപ്പെട്ടു.

ഒരാഴ്ചയായി കോവിഡ് വ്യാപനം രൂക്ഷമായ മഹാരാഷ്ട്രയില്‍ വെള്ളിയാഴ്ച 58,993 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 301 പേരുടെ മരണവും സ്ഥിരീകരിച്ചു. മുംബൈയില്‍ മാത്രം 9327 കേസുകളാണ് ശനിയാഴ്ച ഉണ്ടായത്. കോവിഡ് ബാധിച്ച് 50 പേരുടെ മരണവും സ്ഥിരീകരിച്ചിട്ടുണ്ട്.