കോഴിക്കോട്: മടവൂര്‍ സി.എം സെന്റര്‍ സ്‌കൂള്‍ വിദ്യാര്‍ഥി കുത്തേറ്റു മരിച്ച സംഭവത്തില്‍ ദൂരൂഹതയുണ്ടെന്ന് നാട്ടുകാരും ബന്ധുക്കളും. വയനാട് മാനന്തവാടി സ്വദേശി അബ്ദുല്‍ മാജിദ് എന്ന വിദ്യാര്‍ത്ഥിയുടെ കൊലപാതകത്തിലാണ് ദുരൂഹതയുണ്ടെന്ന് ആരോപണവുമായി മാതാപിതാക്കളും നാട്ടുകാരുമെത്തിയത്. ഇതുമായി ബന്ധപ്പെട്ട പരാതി മുഖ്യമന്ത്രിക്കും കോഴിക്കോട് പൊലീസ് കമ്മീഷണര്‍ക്കും നല്‍കിയതായി പിതാവ് മമ്മൂട്ടി സഖാഫിയും ബന്ധുക്കളും കോഴിക്കോട്ട് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. കുട്ടിയുടെ മരണത്തിലും തുടര്‍ നടപടികളിലും ദുരൂഹതയുണ്ടെന്നും നിലവിലെ അന്വേഷണത്തില്‍ സംതൃപതിയില്ലെന്നും ഡി.വൈ.എസ്.പി റാങ്കിലുള്ള പൊലീസ് ഉദ്യോഗസ്ഥരെ കൊണ്ട് കേസ് അന്വേഷിപ്പിക്കണമെന്നും പിതാവ് സിറ്റി പൊലീസ് കമ്മീഷണര്‍ എസ്. കാളിരാജ് മഹേഷ്‌കുമാറിന് നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
മരണത്തിലും തുടര്‍ന്നുണ്ടായ സംഭവങ്ങളിലും പ്രതിയുടെ നടപടികളിലും ദുരൂഹതയുണ്ടെന്നാണ് ആരോപണം. കൊലപാതകവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അന്വേഷിക്കാന്‍ വിദ്യാര്‍ഥിയുടെ ബന്ധുക്കളും മഹല്ലു അധികൃതരും കഴിഞ്ഞ ദിവസം മടവൂരിലെ സി.എം സെന്ററില്‍ എത്തിയിരുന്നു. രാവിലെ ഏഴുമണിക്കു കുത്തേറ്റിട്ടും ഒമ്പതു മണിക്കു ശേഷമാണ് വിദ്യാര്‍ഥിയെ ആശുപത്രിയിലെത്തിച്ചതെന്നും സ്ഥാപനവുമായി ബന്ധപ്പെട്ടവരുടെ നിരുത്തരവാദപരമായ കാരണങ്ങളാണ് കുട്ടിയുടെ മരണത്തിലേക്ക് നയിച്ചതെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. സ്ഥാപനത്തിലുള്ള ജീവനക്കാരോ മറ്റോ വിദ്യാര്‍ഥികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കുന്നുണ്ടെന്നും ഇതു പുറത്തു പറയുമെന്ന് ഭയന്ന ആരോ തന്റെ മകനെ ഇല്ലാതാക്കാന്‍ ശ്രമിച്ചതായി സംശയിക്കുന്നുവെന്നും ഇതു ആന്വേഷിക്കണമന്നും പരാതിയില്‍ പറയുന്നു.
കൊല്ലപ്പെട്ട ദിവസവും തലേ ദിവസവും നടന്ന സംഭവങ്ങളില്‍ ദൂരൂഹതയുണ്ട്. മകന്റെ പെരുമാറ്റത്തിലും സംസാരത്തിലും അവന്‍ പഠിക്കുന്ന മടവൂരിലെ സി.എം സെന്ററില്‍ തുടര്‍ന്നു പഠിക്കാന്‍ താത്പര്യമില്ലെന്നു മനസ്സിലായിരുന്നു. കൊല്ലപ്പെടുന്നതിന്റെ തലേ ദിവസം മകന്‍ എന്നേയും ഭാര്യയേയും വിളിച്ചിരുന്നു. എനിക്കു ഇവിടെ തുടരാനാവുന്നില്ലെന്നും ബക്കറ്റുമായി വീണ് നെഞ്ചില്‍ മുറിവ് പറ്റിയെന്നും എത്രയും പെട്ടെന്ന് കൂട്ടികൊണ്ടു പോവണമെന്നും അല്ലെങ്കില്‍ അവന്‍ ബസ് കയറി വരുമെന്നും ഫോണില്‍ പറഞ്ഞിരുന്നു. ഇതു പ്രകാരം അടുത്ത ദിവസം അവനെ കൂട്ടികൊണ്ടു വരാനായി തീരുമാനിച്ചപ്പോഴാണ് രാവിലെ ഒമ്പതര മണിക്ക് മകന്റെ ക്ലാസ് അധ്യാപകന്‍ വിളിച്ചത്. മകനു ചെറിയ പരിക്കു പറ്റിയിട്ടുണ്ടെന്നും മെഡിക്കല്‍ കോളേജില്‍ എത്തണമെന്നും അറിയിച്ചു. ഇതു പ്രകാരം ഞാന്‍ മെഡിക്കല്‍ കോളേജില്‍ എത്തിയപ്പോഴേക്കും എന്റെ മകന്‍ മരിച്ചിരുന്നുവെന്നും സഖാഫി പരാതിയില്‍ പറയുന്നു. മകനു സംഭവിച്ച ദുര്‍ഗതി മറ്റൊരു വിദ്യാര്‍ത്ഥിക്കും വരരുതെന്നും അതിനാല്‍ ഈ കേസ് സത്യസന്ധമായി അന്വേഷിക്കണമെന്നും പരാതിയില്‍ പറയുന്നു.
പൊലീസ് നടപടിയില്‍
വൈരുദ്ധ്യങ്ങള്‍

കോഴിക്കോട്: മടവൂര്‍ സി.എം സെന്ററിലെ കൊലപാതക കേസില്‍ തുടര്‍ നടപടികളില്‍ ദുരൂഹത. പ്രതിയായി പൊലീസും സ്ഥാപന അധികാരികളും പറയുന്ന കാസര്‍ക്കോട് സ്വദേശി ശംസുദ്ദീന്‍ എന്ന വ്യക്തിയുടെ നടപടികളിലും അധികൃതരുടെ നിലപാടുകളിലും വൈരുദ്ധ്യങ്ങള്‍ ധാരാളമുണ്ടെന്നാണ് ബന്ധുക്കളുടെയും നാട്ടുകാരുടെയും ആരോപണം. ഇയാള്‍ സെന്ററിലെ സ്ഥാപനങ്ങളിലെ നിത്യ സന്ദര്‍ശകനായിരുന്നു. ഒരു മാസത്തോളമായി ഇയാള്‍ ഇവിടെയാണ് താമസിക്കുന്നത്. സ്ഥാപന അധികൃതര്‍ ഇയാള്‍ക്കു മാനസിക രോഗമുണ്ടെന്ന് പറയുന്നുണ്ടെങ്കില്‍ എത്രത്തോളം വാസ്തവമാണ് കാര്യങ്ങളെന്നത് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
വയനാട് മാനന്തവാടി സ്വദേശി അബ്ദുല്‍ മാജിദ് എന്ന വിദ്യാര്‍ത്ഥി കഴിഞ്ഞ വെള്ളിയാഴ്ചയാണ് കൊലപ്പെടുത്തിയത്. കുളിച്ചുകൊണ്ടിരിക്കുകയായിരുന്ന വിദ്യാര്‍ത്ഥിയെ യാതൊരു പ്രകോപനവുമില്ലാതെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. എന്നാല്‍ കുത്തേറ്റ സമയവും ആസ്പത്രിയില്‍ ചികിത്സക്കായി എത്തിച്ച സമയവുമായി വളരെയേറ വ്യത്യാസമുണ്ടെന്നത് സംശയം ജനിപ്പിക്കുന്നതാണ്. ഇത് സമീപ വാസികള്‍ ചൂണ്ടിക്കാണിക്കുകയും ചെയ്തിട്ടുണ്ട്. സ്ഥാപനവുമായി ബന്ധമില്ലാത്ത ഒരു വ്യക്തിക്ക് എങ്ങനെ സ്ഥാപനത്തിനകത്ത് നിരന്തരം പ്രവേശിക്കാന്‍ സാധിക്കുന്നു എന്നുള്ളതും ദുരൂഹതയുണ്ടാക്കുന്നു. വ്യക്തിയും സ്ഥാപനവും തമ്മിലുള്ള ബന്ധം കൃത്യമായി അന്വേഷിക്കണം. ഇപ്പോള്‍ പിടിക്കപ്പെട്ടിട്ടുള്ള വ്യക്തി തന്നെയാണ് പ്രതി എന്ന കാര്യത്തിലും സംശയങ്ങളുണ്ട്. യഥാര്‍ത്ഥ പ്രതിയെ രക്ഷിക്കുന്നതിന് ഇയാളെ പ്രതിയാക്കി മാറ്റിയതാകാമെന്നും സംശയം നിലനില്‍ക്കുന്നുണ്ട്. കുട്ടികള്‍ താമസിക്കുന്ന സ്ഥലത്തും ശുചിമുറിയിലും പ്രതി എത്തിയത് എങ്ങനെയാണെന്ന് അന്വേഷിക്കേണ്ടതുണ്ടെന്നും സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയില്‍ പിതാവ് ആവശ്യപ്പെട്ടിട്ടുണ്ട്.
കൈയ്യുടെ ഞെരമ്പ് മുറിച്ച് മരിക്കുമെന്നും വാഹനത്തിനു മുമ്പില്‍ ചാടി ജീവനൊടുക്കുമെന്നും അല്ലെങ്കില്‍ ഇവിടെ നിന്ന് രക്ഷിക്കണമെന്നും മകന്റെ കൂടെ പഠിക്കുന്ന വിദ്യാര്‍ഥികളില്‍ ചിലര്‍ പറഞ്ഞതായി ഒരിക്കല്‍ മകന്‍ അബ്ദുല്‍ മാജിദ് വിളിച്ചു പറഞ്ഞിരുന്നുവെന്നും ഈ കാര്യവും അന്വേഷണത്തിന്റെ പരിധിയില്‍ കൊണ്ടുവരണമെന്ന് പരാതിയില്‍ പറയുന്നുണ്ട്.
മകന്റെ കഴുത്തിന് താഴെ പഞ്ഞിവെച്ചതായി കണ്ടിരുന്നുവെന്നും അവന്റെ ചൂണ്ട് വെളുത്ത് വിളറിയ നിലയിലാണ് കാണപ്പെട്ടിരുന്നത്. ഇതു മരിച്ച ശേഷം മണിക്കൂറുകള്‍ കഴിഞ്ഞ ശേഷമാണ് മയ്യിത്ത് ആശുപ്രതിയിലേക്ക് കൊണ്ടു പോയതെന്നതിന്റെ തെളിവാണെന്നും ഇവര്‍ ആരോപിക്കുന്നു. പിതാവിനൊപ്പം ബന്ധുക്കളായ വി മുജീബ്, മൊയ്തു മലബാരി, ഇബ്രാഹീം എന്നിവരും പരാതി നല്‍കാന്‍ എത്തിയിരുന്നു.