പെരുമ്പിലാവ്: പ്രമുഖ സിനിമാ സംവിധായകന്‍ മേജര്‍ രവിയുടെ സഹോദരന്‍ കണ്ണന്‍ പട്ടാമ്പി അറസ്റ്റില്‍. വാട്ടര്‍ അതോറിറ്റി ജീവനക്കാരനെയും ദമ്പതികളെയും ഓടിച്ചിട്ടു മര്‍ദ്ദിച്ച സംഭവത്തിലാണ് നടപടി. കണ്ണന്‍ പട്ടാമ്പിയുടെ രണ്ട് സുഹൃത്തുക്കളെയും പൊലീസ് അറസ്റ്റു ചെയ്തു.
പെരുമ്പിലാവ് പട്ടാമ്പി റോഡില്‍ പൈപ്പ്‌ലൈന്‍ അറ്റകുറ്റ പണികള്‍ നടക്കുന്നതിനിടെ പ്രദേശത്ത് ഗതാഗത നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു. ഒരു ദിശയിലേക്കുള്ള വാഹനങ്ങള്‍ തടഞ്ഞ ജല അതോറിറ്റി ജീവനക്കാരന്‍ മാര്‍ട്ടിനെതിരെയാണ് ആക്രമണമുണ്ടായത്. വാഹനം തടഞ്ഞിട്ടതില്‍ പ്രകോപിതരായ കണ്ണന്‍ പട്ടാമ്പിയും സംഘവും ജീവനക്കാരനെ മര്‍ദിക്കുകയായിരുന്നു. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച മാര്‍ട്ടിനെ പിന്തുടര്‍ന്ന് മര്‍ദിച്ചു. സമീപത്തെ വീട്ടിലേക്ക് ഓടിക്കയറിയതോടെ മാര്‍ട്ടിനെ ഇറക്കി വിടാന്‍ വീട്ടുകാരോട് ആവശ്യപ്പെട്ടു. പിന്നീട് വീട്ടില്‍ കയറി ദമ്പതികളെയും സംഘം മര്‍ദിക്കുകയായിരുന്നു. വീട്ടിലെ ട്യൂബ് ലൈറ്റുകളും മീറ്റര്‍ ബോര്‍ഡും സംഘം അടിച്ചു തകര്‍ത്തു.