X
    Categories: Video Stories

മലബാർ കൂട്ടത്തോടെ പോളിങ് ബൂത്തിൽ, വോട്ടിങ് ശതമാനം ഉയരും

കോഴിക്കോട്: പൊതുതെരഞ്ഞെടുപ്പ് പോളിങ് പാതിവഴി പിന്നിട്ടപ്പോൾ മലബാറിലെങ്ങും കനത്ത പോളിങ്. ഉച്ചക്ക് രണ്ടരക്ക് കണ്ണൂരിൽ 55 ശതമാനവും കാസർകോട്ട് 50 ശതമാനവും വടകരയിൽ 49 ശതമാനവും വോട്ട് രേഖപ്പെടുത്തി. മലപ്പുറം, പൊന്നാനി മണ്ഡലങ്ങളിൽ 48 ശതമാനത്തോളം പോളിങ് രേഖപ്പെടുത്തിയപ്പോൾ ആലത്തൂരിൽ ഇതിനകം 49 ശതമാനം വോട്ടർമാർ സമ്മതിദാനാവകാശം വിനിയോഗിച്ചു.

മുതിർന്ന കോൺഗ്രസ് നേതാവ് കെ. സുധാകരൻ ജനവിധി തേടുന്ന കണ്ണൂർ റെക്കോർഡ് പോളിങിലേക്കടുക്കുന്ന സൂചനയാണ് ലഭിക്കുന്നത്. രാവിലെ മുതൽ വൻ ജനക്കൂട്ടമാണ് പോളിങ് സ്‌റ്റേഷനുകളിൽ കാണപ്പെട്ടത്. സമാപിക്കുംമുമ്പ് 80 മുതൽ 85 ശതമാനം വരെ വോട്ടുകൾ രേഖപ്പെടുത്തുമെന്നാണ് സൂചന. പോളിങ് ശതമാനം ഉയരുന്നത് കെ. സുധാകരന്റെ വിജയസാധ്യത വർധിപ്പിക്കും.

കൊലപാതകം അടക്കമുള്ള ക്രിമിനൽ കേസുകളിൽ പ്രതിയായ സി.പി.എം നേതാവ് പി. ജയരാജനെതിരെ കെ. മുരളീധരൻ മത്സരിക്കുന്ന വടകര മണ്ഡലത്തിൽ ഇടതുക്യാമ്പിനെ ഞെട്ടിക്കുന്ന വിധത്തിലാണ് രാവിലെ മുതൽക്കുള്ള പോളിങ്. 40-ലേറെ സ്ഥലങ്ങളിൽ വോട്ടിങ് യന്ത്രങ്ങൾ കേടായെങ്കിലും ജനങ്ങൾ ക്ഷമയോടെ വോട്ടുചെയ്യാനെത്തി. കനത്ത വെയിൽ വകവെക്കാതെ ഉച്ചക്കും വോട്ടിങ് കേന്ദ്രങ്ങൾക്കു മുന്നിൽ വരി തുടരുകയാണ്. 77-80 ശതമാനം പോളിങ് നടന്നേക്കുമെന്നാണ് സൂചന.

യു.പി.എയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥി രാഹുൽ ഗാന്ധി ജനവിധി തേടുന്ന വയനാട്ടിൽ തരംഗം ഏകപക്ഷീയമാണെങ്കിലും ആവേശകരമായ പോളിങ്ങാണ് നടക്കുന്നത്. ഉച്ചയോടെ വയനാട്ടിലെ പോളിങ് നില 50 ശതമാനം പിന്നിട്ടു. പ്രധാനമന്ത്രി സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യാൻ ജനങ്ങൾ കൂട്ടത്തോടെ എത്തുന്നതിനാൽ രാഹുൽ ഗാന്ധി റെക്കോർഡ് ഭൂരിപക്ഷം നേടാനാണ് സാധ്യത.

മത്സരം ഏകപക്ഷീയമാണെങ്കിലും മുസ്ലിം ലീഗ് സ്ഥാനാർത്ഥികൾ മത്സരിക്കുന്ന മലപ്പുറം, പൊന്നാനി മണ്ഡലങ്ങളിൽ പോളിങ് ആവേശകരമാണ്. പ്രചരണ ഘട്ടത്തിൽ യു.ഡി.എഫ് പ്രവർത്തകരിലുണ്ടായിരുന്ന ആവേശം പോളിങ്ങിലും പ്രതിഫലിക്കുന്നുണ്ട്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: