മലപ്പുറം: മലപ്പുറത്ത് ആസിഡ് ആക്രമണത്തില്‍ വ്യാപാരി മരിച്ച സംഭവത്തില്‍ ഭാര്യ അറസ്റ്റില്‍. മലപ്പുറത്ത് ലൈറ്റ് ആന്റ് സൗണ്ട് കട നടത്തുന്ന ബഷീറാണ്(52) കൊല്ലപ്പെട്ടത്. കുടുംബ വഴക്കാണ് കൊലക്ക് കാരണമായതെന്ന് പൊലീസ് പറയുന്നു.

ഭര്‍ത്താവിന് മറ്റ് സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നുവെന്നും പലതവണ അപേക്ഷിച്ചിട്ടും പിന്തിരിയാതെ വന്നതോടെയാണ് കടുത്ത നടപടിക്ക് മുതിര്‍ന്നതെന്ന് ഭാര്യ സുബൈദ പൊലീസിന് മൊഴി നല്‍കി. മാര്‍ച്ച് 21 ന് രാത്രി കിടന്നുറങ്ങിയ ബഷീറിന് നേരെ പുറത്ത് നിന്ന് അജ്ഞാതര്‍ ആസിഡ് ഒഴിക്കുകയായിരുന്നെന്നാണ് ഭാര്യ ആദ്യം വെളിപ്പെടുത്തിയത്. സാഹചര്യത്തെളിവുകള്‍ ഇതിനെതിരെ ആയതോടെ പൊലീസ് ഭാര്യയെ വിശദമായി ചോദ്യം ചെയ്യുകയായിരുന്നു. അന്വേഷണത്തില്‍കൂടെയുണ്ടായിരുന്ന ഇവരെ സംശയനിഴലിലാക്കുന്ന മൊഴികളും പൊലീസിന് നേരത്തേ ലഭിച്ചിരുന്നു. ബഷീറിന്റെ ഫോണ്‍കോള്‍ വിവരങ്ങളും പൊലീസ് പരിശോധിച്ചിരുന്നു. മുഖത്തും നെഞ്ചത്തും ഉള്‍പ്പെടെ ശരീരത്തില്‍ 45 ശതമാനത്തിലധികം പൊള്ളലേറ്റ ബഷീറിനെ ഉടന്‍ മലപ്പുറത്തെ സ്വകാര്യ ആസ്പത്രിയിലും തുടര്‍ന്നു കോഴിക്കോട് മെഡിക്കല്‍ കോളജ് ആസ്പത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.

മെഡിക്കല്‍ കോളജില്‍ വച്ചാണ് ബഷീര്‍ മരിച്ചത്. മെഡിക്കല്‍ കോളജ് പൊലീസ് നല്‍കിയ വിവരത്തെത്തുടര്‍ന്നാണ് മലപ്പുറം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്. തൃശൂരില്‍ നിന്നുള്ള സയന്റിഫിക് വിഭാഗരും വിരലടയാള വിദഗ്ധരും ഡോഗ് സ്വക്വാഡും അടക്കം മുണ്ടുപറമ്പില്‍ ബഷീര്‍ താമസിച്ചിരുന്ന വാടകവീട്ടിലെത്തി തെളിവെടുത്തിരുന്നു. എന്നാല്‍ പുറത്ത് നിന്നുളള സാന്നിധ്യങ്ങളൊന്നും കണ്ടെത്താനാവാത്തതിനെ തുടര്‍ന്ന് സംശയം ഭാര്യയിലേക്ക് നീളുകയായിരുന്നു.