മലപ്പുറം: പാസ്‌പോര്‍ട്ട് ഓഫീസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ അധ്യക്ഷതയില്‍ ബുധനാഴ്ച്ച ഡല്‍ഹിയില്‍ ചേരുന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലേക്ക് പി.കെ കുഞ്ഞാലിക്കുട്ടി എം.പിക്ക് ക്ഷണം.

മലപ്പുറം പാസ്‌പോര്‍ട്ട് ഓഫീസ് സംബന്ധമായ വിഷയം വിദേശകാര്യ മന്ത്രിയെ ബോധ്യപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണ്  ബുധനാഴ്ച്ച  വൈകുന്നേരം 5.10ന് ഡല്‍ഹി ജവഹര്‍ ഭവനില്‍ ചേരുന്ന യോഗത്തിലേക്ക് സ്ഥലം എം.പി കൂടിയായ പി.കെ കുഞ്ഞാലിക്കുട്ടിയെ ക്ഷണിച്ചത്. വിദേശ കാര്യ വകുപ്പുമായി ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥരാണ് യോഗത്തില്‍ പങ്കെടുക്കുന്നത്. ഏറെ പ്രവാസികളുള്ള മലപ്പുറത്തെ പാസ്‌പോര്‍ട്ട് ഓഫീസ് നിലനിര്‍ത്തണമെന്ന് ആവശ്യപ്പെടുമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു.

നേരത്തെ മലപ്പുറത്തെ കോഴിക്കോട് മേഖലാ ഓഫീസുമായി ലയിപ്പിച്ചിരുന്നു. എന്നാല്‍ പി.കെ കുഞ്ഞാലിക്കുട്ടിയടക്കം മുസ്‌ലിംലീഗ് എം.പിമാരുടെ ശക്തമായ പ്രതിഷേധത്തെതുടര്‍ന്ന് മലപ്പുറത്ത് തന്നെ പ്രവര്‍ത്തനം പുനരാരംഭിച്ചിരുന്നു. എങ്കിലും പാസ്‌പോര്‍ട്ട് ഓഫീസിന്റെ ഭാവി സംബന്ധിച്ച ആശങ്ക നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മുസ്‌ലിംലീഗ് എം.പിമാര്‍ വീണ്ടും കേന്ദ്രത്തെ സമീപിച്ചത്.