kerala

മലയാറ്റൂര്‍ ചിത്രപ്രിയ കൊലപാതകം; സിസിടിവി ദൃശ്യങ്ങളിലുളളത് ചിത്രപ്രിയയല്ലെന്ന് കുടുംബം

By webdesk18

December 12, 2025

കൊച്ചി: എറണാകുളം മലയാറ്റൂരിലെ ചിത്രപ്രിയ കൊലപാതകത്തില്‍ സിസിടിവി ദൃശ്യങ്ങളിലുളളത് ചിത്രപ്രിയയല്ലെന്ന് കുടുംബം. കാണാതാവുമ്പോഴുണ്ടായിരുന്ന വേഷമല്ല സിസിടിവിയിലുളളതെന്ന് ബന്ധു ശരത് ലാല്‍ പറഞ്ഞു. പൊലീസിന്റെ പല വാദങ്ങളും തെറ്റാണ്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ഇതുവരെ കിട്ടിയിട്ടില്ല. പൊലീസ് തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിച്ചുവെന്നും കുടുംബത്തിന്റെ ആരോപണം.

കേസില്‍ ആണ്‍സുഹൃത്ത് അലന്‍ കുറ്റം സമ്മതിച്ചിരുന്നു. കൂട്ടുകാരന് പെണ്‍സുഹൃത്തില്‍ തോന്നിയ സംശയം കൊലപാതകത്തിലേക്ക് നയിക്കുകയായിരുന്നു. കൊലപാതകം മദ്യലഹരിയില്‍ ആയിരുന്നെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു.

ബംഗളൂരുവില്‍ ഏവിയേഷന്‍ ഡിഗ്രി പഠിക്കുകയായിരുന്ന ചിത്രപ്രിയ വീട്ടില്‍ നിന്നും കടയിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്നിറങ്ങിയതെന്ന് കുടുംബം പറഞ്ഞു. അലനുമായി പലപ്പോഴും തര്‍ക്കങ്ങളുണ്ടായിരുന്നെന്നും ചിത്രപ്രിയ ഫോണെടുക്കാത്തതിനെ ചൊല്ലി സംശയം നിലനിന്നിരുന്നുവെന്നും ചോദ്യംചെയ്യലില്‍ അലന്‍ മൊഴി നല്‍കി. ബംഗളൂരുവില്‍ ചിത്രപ്രിയ പഠിച്ചുകൊണ്ടിരിക്കുന്ന കോളജില്‍ മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തിലാണ് താന്‍ ചിത്രപ്രിയയെ കൊലപ്പെടുത്തിയതെന്ന് അലന്‍ പൊലീസിന് മൊഴി നല്‍കിയതായാണ് സൂചന.

മലയാറ്റൂര്‍ മുണ്ടങ്ങാമറ്റം തുരുത്തിപ്പറമ്പില്‍ ഷൈജുവിന്റെയും ഷിനിയുടെയും മകളാണ് ചിത്രപ്രിയ. അടുത്തുള്ള കടയില്‍ സാധനം വാങ്ങാനായി വീട്ടില്‍ നിന്നിറങ്ങിയ ചിത്രപ്രിയ പിന്നീട് തിരിച്ചുവരാഞ്ഞതിന് പിന്നാലെ കുടുംബം കാലടി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് പൊലീസ് നടത്തിയ വ്യാപകമായ തെരച്ചിലിനിടെ ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം.