ന്യൂഡല്‍ഹി: 2019-ലെ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയുടെ റോളിലേക്ക് താങ്കളെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി വീണ്ടും ക്ഷണിച്ചോ എന്ന ചോദ്യത്തിന് പ്രതികരണവുമായി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ഡല്‍ഹിയില്‍ പ്രതിപക്ഷ നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ച്ചക്ക് ശേഷമായിരുന്നു മമതയുടെ പ്രതികരണം.
‘ആദ്യം കാര്യങ്ങള്‍ സംഭവിക്കാന്‍ അനുവദിക്കൂ. ബി.ജെ.പിയെ തോല്‍പ്പിക്കട്ടെ. എന്നിട്ട് ഇക്കാര്യങ്ങള്‍ ഇരുന്ന് തീരുമാനിക്കാം’ മമത പറഞ്ഞു. പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ആരേയും നിശ്ചയിച്ചിട്ടില്ലെന്നാണ് മമതയുടെ പ്രതികരണത്തിലുള്ളത്. നേരത്തെ, മമത സംസ്ഥാന രാഷ്ട്രീയത്തില്‍ നിന്നും അകലുകയാണെന്നും ദേശീയ രാഷ്ട്രീയത്തില്‍ ചുവടുറപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ നേരിടാന്‍ തങ്ങള്‍ തയ്യാറാണെന്ന് പ്രഖ്യാപിച്ച് കൊല്‍ക്കത്തയില്‍ മഹാറാലി സംഘടിപ്പിക്കാനൊരുങ്ങുകയാണ് പ്രതിപക്ഷം. അടുത്ത വര്‍ഷം ജനുവരി 19നാണ് റാലി. മമതാ ബാനര്‍ജിയാണ് റാലിയുടെ സംഘാടനത്തിന് മേല്‍നോട്ടം വഹിക്കുന്നത്. ഇതിന് യു.പി.എ അധ്യക്ഷ സോണിയാ ഗാന്ധിയെ റാലിയിലേക്ക് ക്ഷണിക്കുന്നതിനായാണ് മമത ഡല്‍ഹിയിലെത്തിയത്. ഇന്ന് മമത സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും. എന്‍.സി.പി അധ്യക്ഷന്‍ ശരത് പവാര്‍, അദ്ദേഹത്തിന്റെ മകള്‍ സുപ്രിയ, മോദി വിരുദ്ധരായ രാം ജത്മലാനി, യശ്വന്ത് സിന്‍ഹ, ശത്രുഘ്‌നന്‍ സിന്‍ഹ തുടങ്ങിയവരുമായി മമത കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു.
നാല് ദിവസത്തെ സന്ദര്‍ശനത്തിനായാണ് മമത ഡല്‍ഹിയിലെത്തിയത്. സോണിയാ ഗാന്ധിക്ക് പുറമെ അരവിന്ദ് കെജ്‌രിവാള്‍ അടക്കമുള്ള പ്രതിപക്ഷ നേതാക്കളുമായും മമത കൂടിക്കാഴ്ച നടത്തും. അതേസമയം, നേതാക്കളെ കാണുന്നതില്‍ സന്തോഷവതിയാണെന്ന് മമത പ്രതികരിച്ചു.
Be the first to write a comment.