മോഹന്‍ലാലിന്റെ പുതിയ ചിത്രമായ പുലിമുരുകന്‍ മെഗാസ്റ്റാര്‍ മമ്മുട്ടിയും കണ്ടു. നടന്‍ കുഞ്ചനൊപ്പമാണ് ആഴ്ച്ചകള്‍ക്കുമുമ്പ് മമ്മുട്ടി പുലിമുരുകന്‍ കണ്ടത്. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിലാണ് മമ്മുട്ടിക്കൊപ്പം പുലിമുരുകന്‍ കണ്ടതിനെക്കുറിച്ച് കുഞ്ചന്‍ പറഞ്ഞത്.

കൊച്ചിയിലെ പനമ്പള്ളി നഗറില്‍ മമ്മുട്ടിയുടെ അയല്‍വാസിയാണ് കുഞ്ചന്‍. പുതുതായിറങ്ങുന്ന ശ്രദ്ധേയമായ ചിത്രങ്ങളുടെ പ്രത്യേക പ്രദര്‍ശനങ്ങള്‍ മമ്മുട്ടിയുടെ വീട്ടിലെ സ്വകാര്യ തീയ്യേറ്ററില്‍ നടക്കാറുണ്ട്. അവിടെ നിന്നാണ് ചിത്രം കണ്ടതെന്ന് കുഞ്ചന്‍ പറഞ്ഞു. മമ്മുട്ടിക്കൊപ്പം തന്റെ കുടുംബവും ഉണ്ടായിരുന്നുവെന്ന് കുഞ്ചന്‍ പറയുന്നു.

‘ചിത്രത്തെക്കുറിച്ചുള്ള മമ്മൂക്കയുടെ അഭിപ്രായം അദ്ദേഹം തന്നെയാണ് പറയേണ്ടത്. പക്ഷേ പടം അദ്ദേഹത്തിന് വളരെയിഷ്ടപ്പെട്ടു. വളരെ നല്ല റെസ്‌പോണ്‍സ് ആയിരുന്നു കണ്ടിരിക്കുമ്പോള്‍. ഇത് ലാലിനെക്കൊണ്ടേ പറ്റൂ എന്ന് അദ്ദേഹം പറഞ്ഞു’-കുഞ്ചന്‍ പറഞ്ഞു. മമ്മുട്ടിയുടെ തോപ്പില്‍ ജോപ്പനും ലാലിന്റെ പുലിമുരുകനും ഒരുമിച്ചാണ് തിയ്യേറ്ററില്‍ എത്തിയത്. വൈശാഖാണ് പുലിമുരുകന്റെ സംവിധായകന്‍.