ഒരു ജില്ലാ കലക്ടറുടെ വിനയം എത്രത്തോളമാവാമെന്ന് തെളിയിച്ചിരിക്കുകയാണ് അകോല കളക്ടര്‍ ജി. ശ്രീകാന്ത്. ഔദ്യോഗിക ജോലിയില്‍ നിന്നും വിരമിച്ചു പോകുന്ന തന്റെ ഡ്രൈവര്‍ക്കുവേണ്ടി ഏതൊരാളും വിസ്മയിച്ചു പോവുന്ന യാത്രയയപ്പ് നല്‍കിയാണ് മഹാരാഷ്ട്രയിലെ ഈ ജില്ലാ കളക്ടര്‍ വ്യത്യസ്തനായത്.
35 വര്‍ഷത്തോളം കളക്ടര്‍മാരുടെ ഡ്രൈവറായി സേവനമനുഷ്ടിച്ച ഡ്രൈവര്‍ക്ക് കലക്ടര്‍ തന്നെ കാറോടിച്ചു യാത്രയാക്കുന്ന യാത്രയയപ്പ്.

അകോല കളക്ടര്‍ ജി. ശ്രീകാന്ത് തന്റെ ഡ്രൈവറായ ദിഗംബര്‍ താക്കിന് കാറില്‍ കയറ്റി യാത്രയാക്കിയപ്പോള്‍ അത് ഒരു ഡ്രൈവര്‍ക്ക് ലഭിക്കാവുന്ന ഏറ്റവും ഉചിതവും അവിസ്മരണീയവുമായ യാത്രയപ്പായി മാറി.

ബീക്കണ്‍ ലൈറ്റ് പിടിപ്പിച്ച ഔദ്യോഗിക വാഹനത്തിന്റെ പിന്‍സീറ്റില്‍ ദിഗംബര്‍ താക് ഇരുന്നു. ഡ്രൈവര്‍ സീറ്റില്‍ കളക്ടറും. ഒരു കല്യാണ വണ്ടി പോലെ പൂക്കളാല്‍ അലങ്കരിച്ച കാറില്‍ യൂണിഫോം അണിഞ്ഞ ഡ്രൈവറെ പിന്നില്‍ കയറ്റി കാറോടിച്ചു പോകുന്ന കളക്ടറെ കണ്ടവരെല്ലാം അമ്പരന്നുപോയി.

‘ദിഗംബര്‍ തന്റെ 35 വര്‍ഷത്തെ ഡ്രൈവര്‍ ജോലിയാല്‍ തന്റെ നാടിനെ സേവിച്ചു. ഓരോ ദിവസവും തന്റെ നാടിന്റെ കളക്ടര്‍മാരെ സുരക്ഷിതരായി അവരുടെ ജോലിസ്ഥലങ്ങളിലെത്തിക്കാന്‍ അദ്ദേഹം ചെയ്ത സേവനം വിലമതിക്കുന്നതാണ്. അതിനാല്‍ തന്നെ ഈ യാത്രയയപ്പു വേള ഒരു നന്ദിപ്രകടനമായി തീരണമെന്ന് ഞാന്‍ തീരുമാനിച്ചു’- കളക്ടര്‍ ശ്രീകാന്ത് പറഞ്ഞു.

കളക്ടര്‍ ഓടിച്ച കാറിലാണ് ദിഗംബര്‍ ഓഫീസില്‍ നടന്ന യാത്രയയപ്പ് സമ്മേളനത്തിന് എത്തിയത്. സഹപ്രവര്‍ത്തകര്‍ക്കെല്ലാം അതൊരു പുതിയ കഴ്ചയായിരുന്നു. 18 കളക്ടര്‍മാരുടെ ഡ്രൈവറായി പ്രവര്‍ത്തിച്ച ദിഗംബര്‍ താക്കിന് ലഭച്ച അനുയോജ്യസമ്മാനം തൊഴിലിന്റെ മഹത്വം അംഗീകരിക്കുന്ന ഉദ്യോഗസ്തര്‍ക്കു മുന്നില്‍ ഒരു നല്ല മാതൃകയുമായി മാറി.