കൊല്ലം: കൊല്ലത്ത് തൂങ്ങിമരിക്കാന്‍ ശ്രമിച്ച യുവാവ് കിണറ്റില്‍ വീണുമരിച്ചു. കിണറിന്റെ പാലത്തില്‍ തൂങ്ങിമരിക്കാന്‍ ശ്രമിച്ച യുവാവ് കയറുപൊട്ടി കിണറ്റില്‍ വീഴുകയായിരുന്നു. ഞായറാഴ്ച്ച രാവിലെയാണ് സംഭവം നടന്നത്. പുലര്‍ച്ചയോടെയാണ് യുവാവ് മരിച്ചതെന്നാണ് നിഗമനം.

കൊല്ലം ആനക്കോട്ടൂര്‍ അഭിലാഷ് ഭവനില്‍ ചന്ദ്രശേഖരന്‍ പിള്ളയുടെയും ഷൈലജയുടെയും മകന്‍ സി.അഭിലാഷ്(35) ആണ് മരിച്ചത്. ഞായറാഴ്ച്ച രാവിലെ വീട്ടില്‍ കാണാതിരുന്ന അഭിലാഷിനായി വീട്ടുകാര്‍ തിരച്ചില്‍ നടത്തുകയായിരുന്നു. കിണറിന്റെ സമീപത്ത് അഴിച്ച് വെച്ച നിലയില്‍ ചെരുപ്പ് കണ്ടെത്തി. തുടര്‍ന്നാണ് കിണറ്റില്‍ മരിച്ച നിലയില്‍ അഭിലാഷിനെ കണ്ടെത്തിയത്.

കഴുത്തില്‍ കയറിന്റെ കുരുക്ക് കണ്ടെത്തിയെങ്കിലും കയറ് മുറുകിയതിന്റെ അടയാളങ്ങളൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ കിണറിന്റെ മുകളിലുളള മരത്തടിയില്‍ കയറിന്റെ അഗ്രഭാഗം കെട്ടിയിട്ടുണ്ടായിരുന്നു. ഇത് പൊട്ടിയാണ് അഭിലാഷ് കിണറ്റിലേക്ക് വീണതെന്നാണ് നിഗമനം. മൃതദേഹം സംസ്‌കരിച്ചു. ടെലിവിഷന്‍ മെക്കാനിക്കാണ് മരിച്ച അഭിലാഷ്.