അരാരിയ (ബിഹാര്‍): തോട്ടത്തി ല്‍ നിന്നും മാങ്ങ പറിച്ചെന്നാരോപിച്ച് എട്ടു വയസുകാരിയെ ക്രൂരമായി തല്ലിക്കൊന്നു. ബിഹാറിലെ അരാരിയ ജില്ലയില്‍ തീണ്ടിക്രി ഗ്രാമത്തിലാണ് മന:സാക്ഷിയെ നടുക്കിയ സംഭവം അരങ്ങേറിയത്. അമേരുന്‍ ഖാതൂന്‍ എന്ന ബാലികയാണ് ചെറിയ പെരുന്നാള്‍ തലേന്ന് തോട്ടമുടമയുടെ ക്രൂരതക്കിരയായത്. പിതാവ് ഇബ്രാഹിം സാഫിയോടൊപ്പം പെരുന്നാളിനുള്ള സാധനങ്ങള്‍ വാങ്ങി വീട്ടിലേക്ക് തിരിച്ച് വരുന്നതിനിടെയാണ് അടുത്ത് കണ്ട തോട്ടത്തില്‍ നിന്ന് മാങ്ങ പറിക്കാനായി അമേരുന്‍ മാവില്‍ കയറിയത്. പെട്ടെന്ന് തിരിച്ച് വരുമെന്ന് കരുതി ഇബ്രാഹിം സാഫി മകളെ കാത്തിരിക്കാതെ വീട്ടിലേക്ക് തിരിച്ച് പോവുകയും ചെയ്തു. എന്നാല്‍ ഏറെ സമയം കഴിഞ്ഞിട്ടും തിരിച്ച് വരാത്തതിനെ തുടര്‍ന്ന് അന്വേഷിച്ച് ചെന്നപ്പോഴാണ് മകള്‍ തോട്ടത്തിനടുത്ത് രക്തത്തില്‍ കുളിച്ച് മരിച്ച് കിടക്കുന്നതായി നാട്ടുകാര്‍ ഇയാളെ അറിയിച്ചത്. ദേഹമാസകലം മുറിവേറ്റ നിലയിലും ഷോക്കേറ്റ് വികൃതമായ നിലയിലുമായിരുന്നു പെ ണ്‍കുട്ടിയുടെ മൃതദേഹം. മകളെ തോട്ടമുടമയായ സഞ്ജയ് മേത്തയും സഹായിയും ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തുകായിരുന്നുവെന്നാണ് ഇബ്രാഹിം സാഫി പൊലീസിനോട് പറഞ്ഞു. ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയായ തീണ്ടിക്രി, തലസ്ഥാനമായ പട്‌നയില്‍ നിന്നും 300 കിലോമീറ്റര്‍ അകലെയാണ്. പിതാവിന്റെ പരാതിയില്‍ കേസെടുത്ത് അന്വേഷണം തുടങ്ങിയതായി ബസ്മതിയ പൊലീസ് സ്‌റ്റേഷന്‍ ഇന്‍ ചാര്‍ജ് സദാനന്ദ് സാഹ് അറിയിച്ചു.