ന്യൂഡല്‍ഹി: നോട്ട് നിരോധന വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ആഞ്ഞടിച്ച് മുന്‍ പ്രധാനമന്ത്രിയും സാമ്പത്തിക വിദഗ്ധനുമായ മന്‍മോഹന്‍സിങ് രംഗത്ത്. നോട്ട് നിരോധനം രാജ്യത്തെ തകര്‍ത്തുവെന്ന് മന്‍മോഹന്‍സിങ് പറഞ്ഞു. രാജ്യത്തെ ജിഡിപി 6.6ശതമാനത്തിലേക്ക് കൂപ്പുകുത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നോട്ട് നിരോധനം രാജ്യത്തെ തകര്‍ത്തു. ഓരോ ദിവസം ചെല്ലുന്തോറും രാജ്യത്തിന്റെ അവസ്ഥ മോശമായിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഏറ്റവും മോശമായ അവസ്ഥ ഇനി വരാനിരിക്കുന്നതേയുള്ളൂവെന്നും മന്‍മോഹന്‍സിങ് പറഞ്ഞു. നോട്ട് നിരോധനം സമ്പദ് വ്യവസ്ഥയില്‍ വലിയ സ്വാധീനമാണ് ചെലുത്തിയിരിക്കുന്നത്. ജിഡിപി 6.6ശതമാനത്തിലേക്ക് കൂപ്പുകുത്തിയെന്നാണ് ചില റേറ്റിങ് ഏജന്‍സികള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്. ഇത് താന്‍ നേരത്തേയും പാര്‍ലമെന്റില്‍ സൂചിപ്പിച്ചിട്ടുള്ളത് തന്നെയാണ്. ജിഡിപി കുറഞ്ഞാല്‍ തൊഴില്‍ മേഖലയിലും ഉല്‍പാദനത്തിലും കുറവുണ്ടാകും. കാര്‍ഷിക വരുമാനത്തിലും ഇടിവുണ്ടാകുമെന്നും മന്‍മോഹന്‍സിങ് പറഞ്ഞു. വലിയൊരു ദുരന്തമാണ് രാജ്യം നേരിടുന്നത്. വലിയൊരു തകര്‍ച്ചക്കുള്ള തുടക്കമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.

നേരത്തെ മോദിയുടെ നടപടിക്കെതിരെ പാര്‍ലമെന്റില്‍ മന്‍മോഹന്‍സിങ് രൂക്ഷവിമര്‍ശനം നടത്തിയിരുന്നു. ചരിത്രപരമായ മണ്ടത്തരമെന്നാണ് നോട്ടുനിരോധനത്തെ അദ്ദേഹം പരാമര്‍ശിച്ചത്. ജിഡിപിയില്‍ ഇടിവുണ്ടാകുമെന്നും രാജ്യത്തെ സമ്പദ് വ്യവസ്ഥക്ക് കനത്ത ആഘാതമായിരിക്കും ഇതെന്നും അദ്ദേഹം വിമര്‍ശിച്ചിരുന്നു.