ന്യൂഡല്‍ഹി: യു.പി.എ സര്‍ക്കാരിന്റെ കാലത്ത് ഒന്നിലധികം സര്‍ജിക്കല്‍ സ്‌ട്രൈക്കുകള്‍ നടത്തിയിട്ടുണ്ടെന്നും എന്നാല്‍ ഇതിനെ വോട്ടു നേടാനായി ഉപയോഗിച്ചിട്ടില്ലെന്നും മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. മുംബൈ ഭീകരാക്രമണ പശ്ചാത്തലത്തില്‍ പാകിസ്താനെതിരെ ആക്രമണം നടത്തുന്നതിനു പകരം നയതന്ത്രപരമായി പാകിസ്താന്‍ തീവ്രവാദത്തിന്റെ കേന്ദ്രമാണെന്ന് തുറന്നു കാട്ടാനും ഒറ്റപ്പെടുത്താനുമാണ് യുപിഎ സര്‍ക്കാര്‍ ശ്രമിച്ചത്. മുംബൈ ഭീകരാക്രമണം നടന്ന് 14 ദിവസങ്ങള്‍ക്കകം ഹാഫിസ് സയീദിനെ ആഗോള തീവ്രവാദിയായി പ്രഖ്യാപിക്കാന്‍ ചൈനയെ സമ്മതിപ്പിക്കാന്‍ ഞങ്ങള്‍ക്ക് സാധിച്ചു. പാകിസ്താന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ലഷ്‌കറെ തൊയ്ബ നേതാവ് ഹാഫിസിന്റെ തലക്ക് ഒരു കോടി ഡോളര്‍ അമേരിക്ക വിലയിട്ടു. ഇതിനു ചുക്കാന്‍ പിടിച്ചത് യു.പി.എ സര്‍ക്കാരാണെന്ന് മന്‍മോഹന്‍ സിംഗ് പറഞ്ഞു.

രാജ്യസുരക്ഷയും സൈനിക നേട്ടങ്ങളും ഭീകരാക്രമണങ്ങളും ഉപയോഗിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുമ്പോഴാണ് മന്‍മോഹന്‍ സിംഗിന്റെ പ്രസ്താവന. മോദി സര്‍ക്കാരിന്റെ കാലത്ത് നടന്ന രണ്ട് സര്‍ജിക്കല്‍ സട്രൈക്കുകളും ബി.ജെ.പി നേതൃത്വം ഏറെ ആവേശത്തോടെ പരസ്യമാക്കുകയും, തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇത് വ്യാപകമായി ഉപയോഗിക്കുകയും ചെയ്തിരുന്നു. പുല്‍വാമയില്‍ സൈനികര്‍ കൊല്ലപ്പെട്ടത് ദേശ സുരക്ഷയിലുണ്ടായ വീഴ്ച മൂലമാണ്. ഇത് അംഗീകരിക്കാനാവില്ല. വിമാനത്തില്‍ സൈനികരെ കൊണ്ടു പോകണമെന്നു അപേക്ഷ നല്‍കിയിട്ടും മോദി സര്‍ക്കാര്‍ അനുമതി നല്‍കിയില്ല. ആക്രമണമുണ്ടാകുമെന്ന് ഇന്റലിജന്റ്‌സ് വിവരങ്ങള്‍ ലഭിച്ചിട്ടും അത് തള്ളികളഞ്ഞു. രാജ്യത്തിന്റെ സമ്പദ്ഘടനയെ പരാജയപ്പെടുത്തിയ മോദി സൈനിക നടപടികള്‍ക്ക് പിന്നില്‍ ഒളിക്കുകയാണെന്നും മന്‍മോഹന്‍ സിംഗ് കുറ്റപ്പെടുത്തി.