Connect with us

Sports

ഇപ്പോഴെങ്കിലും അര്‍ജന്റീന തോറ്റില്ലെങ്കില്‍ അത് അനീതിയാണ്

Published

on

ഫ്രാന്‍സ് 4 – അര്‍ജന്റീന 3

#FRAARG

മാച്ച് റിവ്യൂ
മുഹമ്മദ് ഷാഫി

അര്‍ജന്റീന നാലേമൂന്നിന് തോറ്റ് ലോകകപ്പില്‍ നിന്ന് പുറത്തായപ്പോള്‍ എന്തുകൊണ്ടോ പതിവിന്‍പടിയുള്ള സങ്കടമൊന്നുമുണ്ടായിരുന്നില്ല. ഡോക്ടര്‍മാര്‍ മടക്കി അനേകകാലം രോഗക്കിടക്കയില്‍ കഴിച്ചുകൂട്ടിയൊരു പ്രിയപ്പെട്ടയാള്‍ മരിച്ചുപോയി എന്നു കേള്‍ക്കുമ്പോഴുണ്ടായ വിഷമമേ തോന്നിയുള്ളൂ. ഞാനിതു കാത്തിരിക്കുകയായിരുന്നു. ഇങ്ങനെയൊരു മടക്കത്തിന് സ്വയമറിയാതെ തന്നെ ഒരുങ്ങുകയും ചെയ്തിരുന്നു. എന്നിട്ടും ഒരുപറ്റം ശരാശരിക്കാരെയും തെളിച്ച് റഷ്യയിലേക്കു വന്ന സാംപോളിയുടെ ടീമില്‍ നിന്ന് ഞാന്‍ അത്ഭുതം പ്രതീക്ഷിച്ചത് മെസ്സി എന്ന മനുഷ്യനുള്ളതുകൊണ്ടു മാത്രമായിരുന്നു. അയാളാകട്ടെ, കനത്ത മാര്‍ക്കിങ്ങിനിടയിലും ക്ഷമയോടെ ജോലി ചെയ്ത് തന്നെക്കൊണ്ടാവുന്നത് ചെയ്തു. രണ്ടു ഗോളിന് വഴിയൊരുക്കി. തലതാഴ്ത്തി ഹതാശനായി പുറത്തേക്കു നടക്കുന്ന അയാളോട് സഹതാപമില്ല, സ്നേഹമേയുള്ളൂ. ലയണല്‍ മെസ്സിയുടെ സ്ഥാനം ലോകകിരീടം നേടാത്ത ഇതിഹാസങ്ങളുടെ ഇടയില്‍ മാത്രമാവുമെന്നറിയാം; പക്ഷെ, എല്ലാ കാലത്തെയും മികച്ച കളിക്കാരന്‍ അയാളാണെന്നതില്‍ എനിക്കൊരു സംശയവുമില്ല.

4-3 എന്നൊരു സ്‌കോര്‍ലൈന്‍ ഈ മത്സരത്തില്‍ നിന്നു പ്രതീക്ഷിച്ചിരുന്നില്ലെന്ന് ആദ്യമേ പറയട്ടെ. മാത്രവുമല്ല, അര്‍ജന്റീന ആദ്യം ഗോളടിക്കുകയും അവര്‍ ജയിക്കുകയും ചെയ്യുകയായിരുന്നെങ്കില്‍ അത് 2-1 നായിരിക്കുമെന്നും ഫ്രാന്‍സ് ആദ്യം ഗോളടിച്ചാല്‍ തിരിച്ചൊന്നടിക്കാന്‍ അവസരം നല്‍കാതെ അവര്‍ മത്സരം അവസാനിപ്പിക്കുമെന്നും കളി അറുബോറനായിരിക്കുമെന്നുമൊരു പ്രവചനം ഞാന്‍ അകമേ നടത്തിയിരുന്നു. പക്ഷേ, കളി മൊത്തത്തില്‍ കരുതിയതിലും നന്നായെന്നു മാത്രമല്ല, അനിവാര്യമായ കാരണങ്ങളാല്‍ തന്നെ അര്‍ജന്റീന ഗോളുകള്‍ നേടുകയും പുറത്തേക്കുള്ള വഴി കണ്ടെത്തുകയും ചെയ്തു.

4-2-3-1 ഫോര്‍മേഷനില്‍, തന്റെ കൈവശമുള്ള എല്ലാ ആയുധങ്ങളും നിരത്തിവെച്ചാണ് ദിദിഷര്‍ ദെഷാംപ്സ് ടീമിനെ പ്രീക്വാര്‍ട്ടറിന് ഇറക്കിയത്. മത്സരം മൈതാനമധ്യത്തില്‍ തളക്കുക, അര്‍ജന്റീനയുടെ പ്രതിരോധ ദൗര്‍ബല്യം മുതലെടുത്ത് അതിവേഗ പ്രത്യാക്രമണം നടത്തി ഗോളടിക്കുക എന്ന ലളിത സമവാക്യമേ അദ്ദേഹത്തിനുണ്ടായിരുന്നുള്ളൂ. അതിനാവശ്യമായ എല്ലാം അദ്ദേഹത്തിന്റെ കൈവശമുണ്ടായിരുന്നു താനും. 4-3-3 ശൈലിയില്‍ ഓപണ്‍ ഗെയിമിന് ടീമിനെ ഇറക്കിയ സാംപോളിയുടെ പരിമിതി, തന്റെ പദ്ധതിക്കും ‘പ്ലാന്‍ ബി’ക്കും ആവശ്യമായ മികവുള്ള കളിക്കാര്‍ കൈവശമില്ലെന്നതായിരുന്നു. ഇത്ര വലിയൊരു മത്സരത്തില്‍ ഹിഗ്വയ്നെ മാറ്റി പവോണിനെ കൊണ്ടുവന്നത് എനിക്കു (മാത്രം) ദഹിക്കുന്നതായിരുന്നില്ല. മുന്‍ മത്സരങ്ങളില്‍ പരാജയപ്പെട്ടെങ്കിലും ഹിഗ്വയ്ന്റെ ഉയരവും പവര്‍ഗെയിമുകള്‍ കളിച്ചുള്ള പരിചയസമ്പത്തും ഗുണകരമാകുമെന്നാണ് ഞാന്‍ കണക്കുകൂട്ടിയിരുന്നത്. സാംപോളി പക്ഷേ, തന്റെ പദ്ധതിയില്‍ വിശ്വാസമുള്ളയാളായിരുന്നു.

പോഗ്ബയുമായി തന്റെ സ്ഥാനം വെച്ചുമാറി എന്‍ഗോളോ കാന്റെ ഇടതുവശത്തേക്കു മാറിയപ്പോള്‍ തന്നെ ഫ്രാന്‍സിന്റെ പ്രധാന നോട്ടം മെസ്സിയാണെന്നു വ്യക്തമായി. മെസ്സിയിലേക്ക് പന്തെത്തുന്നത് തടയുക എന്ന ഫ്രഞ്ച് തന്ത്രത്തെ സാംപോളി കടന്നുചിന്തിച്ചതായി തുടക്കത്തിലെ ചില നീക്കങ്ങളില്‍ കണ്ടു. മെസ്സിയെ കളിപ്പിക്കാന്‍ തിടുക്കംകൂട്ടാതെ ഇടതുവിങില്‍ പെരസിനെയും ഡിമരിയയെയും ഉപയോഗിച്ചായിരുന്നു ആക്രമണം. മഷരാനോ, എവര്‍ ബനേഗ എന്നിവര്‍ വലതുഭാഗത്ത് ഓവര്‍ലാപ്പ് ചെയ്യുന്ന മെര്‍ക്കാഡോയ്ക്ക പന്തെത്തിച്ചു നല്‍കുന്നതും ശ്രദ്ധിച്ചു.

മൂന്നംഗ ആക്രമണനിരയില്‍ മെസ്സിയെ ഒരു ഫാള്‍സ് നയന്‍ പ്ലേയര്‍ ആയി ഉപയോഗിക്കാനും അതുവഴി മരിയക്കും പാവോണിയും സ്പേസുണ്ടാക്കാനുമാകണം സാംപോളി കണക്കുകൂട്ടിയിരുന്നത്. മുന്‍നിരയില്‍ ഡീപ്പായി കളിച്ച് മെസ്സി സെന്‍ട്രല്‍ ഡിഫന്റര്‍മാരെ തന്നിലേക്ക് വിളിച്ചുവരുത്തുമെന്നും അപ്പോള്‍ ബോക്സില്‍ രൂപപ്പെടുന്ന ഒഴിവിലൂടെ ഇരുവശത്തുനിന്നും ആക്രമിക്കുകയെന്ന തന്ത്രം. എന്നാല്‍ മിഡ്ഫീല്‍ഡില്‍ വെച്ചുതന്നെ കാന്റെ മെസ്സിയെ ഏറ്റെടുത്തതോടെ ആ പദ്ധതി തുടക്കത്തിലേ പാളി. സദാസമയവും കൂട മെസ്സിക്കൊപ്പം ഒരാളും ബോള്‍ ചാനല്‍ മുറിച്ചുകളയാന്‍ പരിസരത്ത് രണ്ടുപേരുമുണ്ടായിരുന്നു. ഫാള്‍സ് നയനു പകരം മെസ്സിയെ പ്ലേമേക്കര്‍ റോളില്‍ (ടിപ്പിക്കല്‍ നമ്പര്‍ 10 റോള്‍) കളിപ്പിച്ച് മുന്നില്‍ ഒരു സ്ട്രൈക്കറെ കൂടി നിയോഗിച്ചിരുന്നെങ്കില്‍ (421 (മെസ്സി)-3) അദ്ദേഹത്തിന് കുറച്ചുകൂടി സ്വാതന്ത്ര്യം ലഭിക്കുമായിരുന്നു എന്നു തോന്നുന്നു.

കുറിയതും വേഗം കുറഞ്ഞതുമായ പാസുകളിലൂടെ മൈതാനത്തിന്റെ വീതി ഉപയോഗപ്പെടുത്തി അര്‍ജന്റീന കളിക്കുമ്പോള്‍ ക്ഷമയോടെ ഫ്രാന്‍സ് കാത്തുനിന്നത് തങ്ങളുടെ പ്രായോഗിക പദ്ധതിക്കുള്ള അവസരം പാത്തായിരുന്നു. അധികം സമയം വേണ്ടിവന്നില്ല. ഗ്രീസ്മന്റെ കുറ്റമറ്റ ഫ്രീകിക്ക് ക്രോസ്ബാറിലിടിച്ചു മടങ്ങിയതില്‍ ലാറ്റിനമേരിക്കക്കാര്‍ക്ക് ആശ്വസിക്കാനാവുന്നതിനു മുമ്പുതന്നെ അവര്‍ പദ്ധതി നടപ്പാക്കി. സ്വന്തം ഗോള്‍മുഖത്തുനിന്ന് വീണ്ടെടുത്ത പന്ത്, റിലേ ഓട്ടത്തിലെന്നവണ്ണം ഒരുങ്ങിനിന്ന എംബാപ്പെക്ക് എത്തിക്കുന്നു. സര്‍വശക്തിയുമെടുത്ത് അയാള്‍ മൈതാനം നീളെ പന്തുമായി ഓടുന്നു. തന്നേക്കാള്‍ 15 വയസ്സ് മൂപ്പുള്ള മഷരാനോയെ വേഗം കൊണ്ടും റോഹോയെ കരുത്തു കൊണ്ടും തോല്‍പ്പിച്ചാണ് അയാള്‍ ബോക്സില്‍ കയറുന്നത്. മികച്ച ഫുള്‍ബാക്കുകള്‍ വരുത്താറില്ലാത്തൊരു ഭീമന്‍ അബദ്ധം റോഹോ വരുത്തിയത് അയാള്‍ക്കും ഫ്രാന്‍സിനും ഗുണകരമായി. ബോക്സിനു പുറത്തുനിന്നാണ് റോഹോ എംബാപ്പെയെ ആദ്യം ഫൗള്‍ ചെയ്യുന്നത്. അതില്‍തന്നെ അയാള്‍ക്ക് നിയന്ത്രണം നഷ്ടപ്പെട്ടിരുന്നു. എന്നാല്‍, ബോക്സിനകത്തു വെച്ചൊരു തള്ളുകൂടി കൊടുത്ത് അയാള്‍ എംബാപ്പെയുടെ വീഴ്ചയും പെനാല്‍ട്ടിയും മഞ്ഞക്കാര്‍ഡും ഉറപ്പുവരുത്തി. ഗ്രീസ്മന് സ്പോട്ടില്‍ നിന്ന് പിഴക്കാനുള്ള സാധ്യത വിരളമാണല്ലോ.

ഡിഫന്‍സിലെ അര്‍ജന്റീനയുടെ ഗതികേടിനാണ് ഞാനീ ഗോള്‍ സമര്‍പ്പിക്കുക. സ്വന്തം ഹാഫില്‍ നിന്നൊരു മനുഷ്യന്‍ ഓടിക്കയറുമ്പോള്‍ വഴിയില്‍ വെച്ച് വീഴ്ത്താന്‍ അവരുടെ മധ്യനിരക്കാര്‍ക്കായില്ല. എംബാപ്പെ ഓട്ടം തുടരുമ്പോള്‍ രണ്ട് ഫുള്‍ബാക്കുമാരും പൊസിഷനിലുണ്ടായിരുന്നു. അവര്‍ക്കും ഒന്നും ചെയ്യാനായില്ല. അമിത വേഗത്തില്‍ വരുന്ന പ്ലെയറെ റോഹോ ഗോള്‍മുഖത്തു നിന്ന് അകലേക്കു നയിക്കുമ്പോള്‍ ഗോള്‍കീപ്പറുടെ പൊസിഷനിങും പ്രധാനമായിരുന്നു. ധൈര്യം പ്രയോഗിച്ച് പന്ത് കളക്ട് ചെയ്യാന്‍ ശ്രമിക്കുന്നതിനു പകരം അയാള്‍ കുറ്റിയടിച്ച പോലെ പോസ്റ്റിനടിയില്‍ നിന്നു. വലിയ മത്സരങ്ങളിലെ അര്‍മാനിയുടെ പരിചയക്കുറവിനൊപ്പം ഡിഫന്‍സിലെ ആശയവിനിമയമില്ലായ്മയുമാണ് തിരിച്ചടിച്ചത്. തൊട്ടുമുന്നത്തെ മത്സരത്തില്‍ മാത്രം അരങ്ങേറ്റം നടത്തിയ 31 വയസ്സുള്ള ഗോള്‍കീപ്പറെ വല്ലാതെ കുറ്റപ്പെടുത്തുന്നതിലര്‍ത്ഥമില്ല. നല്ല കീപ്പര്‍മാരെ ഉല്‍പ്പാദിപ്പിക്കാത്ത അര്‍ജന്റീനയുടെ സംവിധാനങ്ങളെ തന്നെ പറയണം.

ഗോളടിച്ചപ്പോള്‍ തന്നെ ഫ്രാന്‍സ് പകുതിയോളം വിജയിച്ചു കഴിഞ്ഞിരുന്നു. എന്നിട്ടും ക്ഷമയോടെയുള്ള ആക്രമണങ്ങളിലൂടെ അര്‍ജന്റീന പഴുതുകള്‍ തേടിക്കൊണ്ടിരുന്നു. ബോക്സിലേക്ക് അടുപ്പിക്കാതിരിക്കുക എന്ന പ്രതിലോമപരതയില്‍ ഫ്രാന്‍സ് അതീവമായി ആഴ്ന്നുപോയതാണ് അര്‍ജന്റീനയുടെ ആദ്യഗോളിന് വഴിയൊരുക്കിയത്. എവര്‍ ബനേഗയുടെ പരിചയ സമ്പത്തിനും അതില്‍ വലിയൊരു പങ്കുണ്ട്. ഇടതുഭാഗത്തു വെച്ച് ബനേഗക്ക് പന്ത് നല്‍കിയ പാവോണ്‍ ഒരു ത്രൂപാസ് പ്രതീക്ഷിച്ച് ബോക്സിലേക്ക് ഓടിക്കയറുന്നുണ്ടായിരുന്നു. എന്നാല്‍, ബോക്സിനു പുറത്ത് ഏക്കര്‍കണക്കിന് സ്ഥലവുമായി ഷോട്ടെടുക്കാന്‍ പാകത്തില്‍ ഡിമരിയ നില്‍ക്കുന്നത് ബനേഗ കണ്ടെത്തി. ആ സമയം ബോക്സിലും തൊട്ടുപുറത്തുമായി എട്ട് ഫ്രഞ്ച് കളിക്കാരുണ്ടായിരുന്നു. സ്വസ്ഥമായ ഫസ്റ്റ് ടച്ചിനും കാലില്‍ കരുത്ത് ആവാഹിക്കാനുമുള്ള അവസരങ്ങള്‍ വലിയ കളിക്കാര്‍ പാഴാക്കാറില്ല. മനോഹരമായ ലോങ് റേഞ്ചറിലൂടെ മരിയ ലക്ഷ്യം കണ്ടു.

ഇടവേളക്കു ശേഷമെത്തിയ ഗോളില്‍ ഭാഗ്യത്തിന്റെ തലോടലുണ്ടായിരുന്നെങ്കിലും അര്‍ജന്റീന അത് അര്‍ഹിച്ചതു തന്നെയായിരുന്നു. ബോക്സില്‍ പ്രവേശിക്കേണ്ട ഡിമരിയയെ കുപ്പായത്തില്‍ പിടിച്ചുവലിച്ചാണ് ഡിഫന്റര്‍ വീഴ്ത്തിയത്. ഫ്രീകിക്കില്‍ പന്ത് കിട്ടിയ മെസ്സി വെട്ടിത്തിരിഞ്ഞു തൊടുത്ത ഷോട്ടിന് വേണ്ടത്ര വേഗതയുണ്ടായിരുന്നില്ലെങ്കിലും മെര്‍ക്കാഡോയുടെ കാല്‍ നിര്‍ണായകമായി. യഥാര്‍ത്ഥത്തില്‍ മെസ്സിയുടെ ഷോട്ടിന്റെ ഗതിയില്‍ നിന്ന് കാല്‍വലിച്ചതായിരുന്നു മെര്‍ക്കാഡോ; അതില്‍ത്തട്ടി വഴിമാറിയ പന്ത് ഗോളിയെ നിരാശനാക്കി വലകുലുക്കി.

ഒരു ഗോളിന് പിന്നിലായ ശേഷമാണ് ഫ്രാന്‍സ് ശരിക്കും നന്നായി കളിച്ചത്. മധ്യനിരയുടെ ശക്തി അവര്‍ ക്രിയാത്മകമായി ഉപയോഗപ്പെടുത്തി. ഈ സമയത്താണ് മെസ്സിക്ക് ബ്രെത്തിങ് സ്പേസ് ലഭിച്ചതും. എന്നാല്‍, അര്‍ജന്റീനക്ക് ആക്രമിക്കണോ പ്രതിരോധിക്കണോ എന്നു തീരുമാനമില്ലാത്തതു പോലെയാണ് അനുഭവപ്പെട്ടത്. ലീഡ് വര്‍ധിപ്പിക്കാന്‍ ഒന്നാഞ്ഞുപിടിച്ചിരുന്നെങ്കില്‍ ഒരുപക്ഷേ, കളിയുടെ വിധിതന്നെ മറ്റൊന്നായേനെ. പക്ഷേ, തങ്ങളുടെ ദുര്‍ബലനായ സന്തതിയെ വിശ്വസിക്കാന്‍ തന്നെ അവര്‍ തീരുമാനിച്ചു. നാല് അര്‍ജന്റീനാ ഡിഫന്റര്‍മാര്‍ ബോക്സിലുണ്ടായിരിക്കെയാണ് പവാര്‍ഡ് ബോക്സിന്റെ പുറത്തുനിന്ന് ഫസ്റ്റ്ടൈം വോളി തൊടുക്കുന്നത്. പന്ത് അയാളുടെ വഴിയിലേക്ക് എത്തിച്ചതാകട്ടെ അര്‍ജന്റീനയുടെ ഫുള്‍ബാക്കും.

മൂന്നാമതൊരു ഗോള്‍ കൂടി നേടാനുള്ള ശേഷി തങ്ങള്‍ക്കില്ലെന്ന് ആ ഗോള്‍ വീണപ്പോഴുള്ള മെസ്സിയുടെ ശരീരഭാഷയില്‍ നിന്നു വ്യക്തമായിരുന്നു. പതിവുപോലെ, പാസുകള്‍ ചെയ്ത് കയറുക എന്ന രീതിയാണ് അവര്‍ അവലംബിച്ചത്; അതാകട്ടെ അര്‍ധമനസ്സോടെ മാത്രവുമായിരുന്നു. ഫ്രാന്‍സിനാകട്ടെ, സമനില ഗോള്‍ ഊര്‍ജം നല്‍കി. ഒരിക്കല്‍ക്കൂടി, ബോക്സില്‍ പ്ലെയറെ എങ്ങനെ മാര്‍ക്ക് ചെയ്യണമെന്നു തിട്ടമില്ലാത്ത അര്‍ജന്റീനാ ഡിഫന്‍സിന്റെ അജ്ഞതയ്ക്കു മേല്‍ എംബാപ്പെ ഫ്രാന്‍സിന്റെ മൂന്നാം ഗോള്‍ അടച്ചുകയറ്റി. റീബൗണ്ടില്‍ നിന്ന് പന്ത് സ്വന്തമാക്കിയ പന്തുമായി എംബാപ്പെ വലതുബോക്സില്‍ സ്പേസുണ്ടാക്കുമ്പോള്‍ മെര്‍ക്കാഡോ അയാള്‍ക്കു പിന്നില്‍ കാഴ്ചക്കാരനായി നില്‍ക്കുന്നുണ്ടായിരുന്നു. മര്യാദക്കൊരു ടാക്ലിങ് പോലും നടത്താന്‍ മുതിരാതെ. സ്വന്തം ഹാഫില്‍ ഇഷ്ടം പോലെ കളിക്കാന്‍ അനുവദിച്ച് നാലാം ഗോളും നേടാന്‍ അര്‍ജന്റീന തന്നെ ഫ്രാന്‍സിന് അനുവാദം കൊടുത്തു. ഗോള്‍കീപ്പറില്‍ നിന്നു സ്വീകരിച്ച് മൈതാനംവഴി കളിച്ചാണ് ഒരു വെല്ലുവിളിയുമില്ലാതെ ഫ്രാന്‍സ് ഈ ഗോള്‍ നേടിയതെന്നോര്‍ക്കണം. അര്‍ജന്റീനയുടെ മധ്യനിരയും മുറിച്ചുകടന്ന് ആവശ്യത്തിന് സമയമെടുത്ത് ഫ്രാന്‍സ് നേടിയ ഗോള്‍. അതോടെ കളി കഴിഞ്ഞു. മെസ്സിയുടെ ക്രോസില്‍ നിന്നുള്ള അഗ്വേറോയുടെ ഗോള്‍ വളരെ വൈകിപ്പോയി.

എന്റെ നോട്ടത്തില്‍ രണ്ടാം പകുതിയിലെ അര്‍ജന്റീനയുടെ വീഴ്ചക്കു കാരണം കോച്ച് സാംപോളിയുടെ ഒരു സാഹസ തീരുമാനമായിരുന്നു. ആദ്യപകുതിയില്‍ മഞ്ഞക്കാര്‍ഡ് കണ്ട റോഹോയെ പിന്‍വലിച്ച് അയാള്‍ ഇടവേള കഴിഞ്ഞിറങ്ങുമ്പോള്‍ ഫാസിയോയെ ഇറക്കി. അവസാന രണ്ടു ഗോളുകള്‍ വഴങ്ങുമ്പോഴും ഫാസിയോ എന്തെടുക്കുകയായിരുന്നുവെന്ന്, അയാള്‍ എത്ര അണ്‍പ്രൊഫഷണലായാണ് ഇടപെട്ടിരുന്നതെന്ന് റീപ്ലേ കണ്ടാല്‍ നിങ്ങള്‍ക്കു മനസ്സിലാകും. 2006-ല്‍ പരിക്കു ഭയന്ന് റിക്വല്‍മിയെ പെക്കര്‍മാന്‍ പിന്‍വലിച്ചതു പോലൊരു ചരിത്രപരമായ അബദ്ധമായിരുന്നു ഇതും. ഒരുപക്ഷേ, ഒരു മഞ്ഞക്കാര്‍ഡിന്റെ പുറത്തു നില്‍ക്കുകയായിരുന്നെങ്കില്‍ പോലും റോഹോ ആ പരിസരത്തുണ്ടായിരുന്നെങ്കില്‍ ആ രണ്ടു ഗോളും, ഒരുപക്ഷേ മൂന്നും വഴങ്ങുമായിരുന്നു.

ഈ ലോകകപ്പിനു വരുമ്പോള്‍ അര്‍ജന്റീനയുടെ ദുര്‍ബലമേഖല പ്രതിരോധമായിരുന്നു. കരുത്ത് മുന്‍നിരയും. മുന്‍നിരക്കാര്‍ ഇന്ന് മൂന്നു ഗോള്‍ കണ്ടെത്തി. എന്നാല്‍, വീണുകിട്ടിയ ലീഡ് സംരക്ഷിക്കാന്‍ ഡിഫന്റര്‍മാര്‍ക്കും മിഡ്ഫീല്‍ഡര്‍മാര്‍ക്കും കഴിഞ്ഞില്ല. ഇന്നത്തെ മത്സരം അര്‍ജന്റീന ജയിച്ചിരുന്നെങ്കില്‍ അതൊരു അനീതിയാകുമായിരുന്നു. ഈ സംഘം – അതില്‍ ലയണല്‍ മെസ്സി ഉണ്ടെങ്കില്‍ പോലും – പ്രീക്വാര്‍ട്ടറിനപ്പുറം അര്‍ഹിക്കുന്നില്ല.

സാംപോളിയെയും മെസ്സിയെയും കുറ്റപ്പെടുത്തുന്നതില്‍ അര്‍ത്ഥമില്ല. അര്‍ജന്റീനയുടെ ലോകകപ്പ് യോഗ്യത തന്നെ തുലാസിലായ ഘട്ടത്തിലാണ് സാംപോളി ചുമതലയേല്‍ക്കുന്നത്. ലാറ്റിനമേരിക്കന്‍ മേഖലയില്‍ നിന്ന് മൂന്നാം സ്ഥാനക്കാരായി അര്‍ജന്റീന റഷ്യയിലെത്തിയെങ്കില്‍ അതിലൊരു പങ്ക് കോച്ചിന് നല്‍കുക തന്നെ വേണം. അയാള്‍ക്ക് പിഴച്ചത് ടീമിന്റെ ശക്തിദൗര്‍ബല്യങ്ങളെ ശരിയായി വിലയിരുത്തുന്നതിലാണെന്ന് തോന്നുന്നു. ടീമിലെ മിക്കതാരങ്ങളും മുപ്പതു കഴിഞ്ഞവരാണെന്ന കാര്യം സാംപോളി ശ്രദ്ധിച്ചില്ലെന്നു തോന്നുന്നു. ഡിബാല എന്നൊരു ലോകോത്തര കളിക്കാരനെ ഉള്‍പ്പെടുത്തിക്കൊണ്ടൊരു പ്ലാന്‍ ബി പോലും ഉണ്ടാക്കാന്‍ അയാള്‍ക്ക് കഴിഞ്ഞില്ല. ബാര്‍സലോണ മെസ്സിയെ കേന്ദ്രബിന്ദുവാക്കി ടീമിനെ കെട്ടിപ്പടുത്തത് മികച്ച ലോകോത്തര താരങ്ങളുമായാണ്. ചിലിയില്‍ സാംപോളിക്കും മികച്ച ടീമിന്റെ പിന്തുണയുണ്ടായിരുന്നു. അര്‍ജന്റീനക്ക് അങ്ങനെ ഒരു ഗണമുള്ളത് ആക്രമണനിരയില്‍ മാത്രവും. അവരാകട്ടെ, ഡിബാലയൊഴിച്ചാല്‍ വയസ്സന്‍പട ആയിക്കഴിഞ്ഞിട്ടുണ്ടു താനും.

kerala

കലൂർ സ്റ്റേഡിയം നവീകരണം; സ്പോൺസർ പൂർത്തിയാക്കിയത് പകുതി ജോലികൾ മാത്രം

Published

on

കൊച്ചി കലൂർ സ്റ്റേഡിയം നവീകരണത്തിൽ സ്പോൺസർ പകുതി ജോലികൾ മാത്രമേ പൂ‍ർത്തിയാക്കിയിട്ടുള്ളുവെന്ന് ജിസിഡിഎ. ഫ്ലഡ് ലൈറ്റ്, പാർകിംഗ് ഗ്രൗണ്ട്, ടോയ്‍ലറ്റ് , പ്രവേശന കവാടം അടക്കമുള്ള ആറ് ജോലികളാണ് ബാക്കിയുള്ളത്. 12 ജോലികളാണ് കരാർ വ്യവസ്ഥ പ്രകാരം സ്പോണ്‍സർ ഏറ്റിരുന്നത്. നിർമാണ ജോലികള്‍ പൂർത്തീകരിക്കാന്‍ ഡിസംബർ 20 വരെ സമയം നീട്ടി നല്‍കിയിട്ടുണ്ട്. സ്റ്റേഡിയം സ്പോൺസർ തിരിച്ച് ഏൽപ്പിച്ചിട്ടുണ്ടെന്നും ജിസിഡിഎ അറിയിച്ചു.

Continue Reading

Sports

അമേരിക്ക വിസ നിഷേധിച്ചു; ലോകകപ്പ് നറുക്കെടുപ്പില്‍ നിന്ന് പിന്മാറുമെന്ന് ഇറാന്‍

ഡിസംബര്‍ 5-ന് നടക്കുന്ന ലോകകപ്പ് നറുക്കെടുപ്പ് ചടങ്ങ് ഇറാന്‍ ബഹിഷ്‌കരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയതോടെ വിഷയത്തില്‍ നയതന്ത്രതലത്തിലും സംഘര്‍ഷം ഉയര്‍ന്നിട്ടുണ്ട്.

Published

on

വാഷിങ്ടണ്‍: ലോകകപ്പിന് യോഗ്യത നേടിയ ഇറാനും ഹെയ്തിയുടെയും സംഘങ്ങള്‍ക്ക് വിസ അനുവദിക്കാത്ത അമേരിക്കയുടെ നിലപാടില്‍ ഫിഫ കടുത്ത പ്രതിസന്ധിയിലായി. ഡിസംബര്‍ 5-ന് നടക്കുന്ന ലോകകപ്പ് നറുക്കെടുപ്പ് ചടങ്ങ് ഇറാന്‍ ബഹിഷ്‌കരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയതോടെ വിഷയത്തില്‍ നയതന്ത്രതലത്തിലും സംഘര്‍ഷം ഉയര്‍ന്നിട്ടുണ്ട്.

കഴിഞ്ഞ ജൂണില്‍ പ്രാബല്യത്തില്‍ വന്ന അമേരിക്കയുടെ പുതിയ വിസനിയമപ്രകാരം 12 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് പ്രവേശനാനുമതി നിയന്ത്രിക്കപ്പെട്ടിരിക്കുകയാണ്. ഇതില്‍ ലോകകപ്പിന് യോഗ്യത നേടിയ ഇറാനും ഹെയ്തിയും ഉള്‍പ്പെടുന്നു. ഫിഫയുടെ പ്രത്യേക അപേക്ഷയുണ്ടായിട്ടും ഇറാന്‍ ടീമംഗങ്ങള്‍ക്കും ഫെഡറേഷന്‍ ഭാരവാഹികള്‍ക്കും യുഎസ് വിസ അനുവദിക്കാതെ നീങ്ങുകയായിരുന്നു.

ഇറാന്‍ ഫുട്ബാള്‍ ഫെഡറേഷന്‍ പ്രസിഡന്റ് മെഹ്ദി താജ്, കോച്ചിംഗ് സ്റ്റാഫ്, മറ്റ് ഉദ്യോഗസ്ഥര്‍ അടക്കം അപേക്ഷിച്ചവരില്‍ നാലുപേര്‍ക്കുമാത്രമാണ് വിസ ലഭിച്ചത്. ‘എല്ലാവര്‍ക്കും വിസ അനുവദിച്ചില്ലെങ്കില്‍ നറുക്കെടുപ്പിന് ഇറാന്റെ സംഘത്തെ അയക്കില്ല,’ എന്ന ഇറാന്റെ നിലപാട് ഇറാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. കായിക വേദികളെ രാഷ്ട്രീയ വല്‍ക്കരിക്കുന്ന യുഎസ് നടപടിയെ അദ്ദേഹം ശക്തമായി വിമര്‍ശിക്കുകയും ചെയ്തു.

അമേരിക്കമെക്‌സിക്കോകാനഡ സംയുക്തമായി നടത്താനിരിക്കുന്ന ലോകകപ്പില്‍ ഇറാനില്‍ നിന്നുള്ള ആരാധകര്‍ക്ക് പോലും യാത്രാക്രമത്തില്‍ വിസനിയമം വലിയ പ്രതിസന്ധിയാകുമെന്ന ആശങ്കയുണ്ട്. വിസ നിഷേധം ഇറാനും അമേരിക്കയും തമ്മിലുള്ള നയതന്ത്ര പോരാട്ടത്തിന് പുതിയ മാനം നല്‍കി. ഫിഫ ഇപ്പോള്‍ ഈ വിവാദത്തില്‍ ഇടപെടുമോയെന്നത് കാത്തിരിക്കുകയാണ്.

 

Continue Reading

Sports

അണ്ടര്‍17 ഏഷ്യന്‍ കപ്പ്: ഇറാനെ തോല്‍പ്പിച്ച് ഇന്ത്യയ്ക്ക് യോഗ്യത

ശക്തരായ ഇറാനെ 2-1 ന് പരാജയപ്പെടുത്തി യുവ ഇന്ത്യന്‍ ടീമ് ഇതോടെ പത്താം തവണയും ഇന്ത്യ ടൂര്‍ണമെന്റില്‍ പ്രവേശനം ഉറപ്പിച്ചു.

Published

on

അടുത്ത വര്‍ഷം സൗദി അറേബ്യയില്‍ നടക്കാനിരിക്കുന്ന അണ്ടര്‍17 ഏഷ്യന്‍ കപ്പ് ഫുട്ബോളിന് ഇന്ത്യ യോഗ്യത നേടി.ശക്തരായ ഇറാനെ 2-1 ന് പരാജയപ്പെടുത്തി യുവ ഇന്ത്യന്‍ ടീമ് ഇതോടെ പത്താം തവണയും ഇന്ത്യ ടൂര്‍ണമെന്റില്‍ പ്രവേശനം ഉറപ്പിച്ചു.

ഇറാനാണ് മത്സരത്തിന് തുടക്കത്തില്‍ ഇന്ത്യയെ ഞെട്ടിച്ച് ലീഡെടുത്തത്. മത്സരത്തിന്റെ 19-ാം മിനിറ്റില്‍ അമിറേസ വാലിപൂര്‍ ഇറാനെ മുന്നിലെത്തിച്ചു. തുടര്‍ച്ചയായ ആക്രമണത്തിലൂടെ ഇന്ത്യ തിരിച്ചടിക്കാന്‍ ശ്രമിച്ചതോടെ ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ സമനില ലഭിച്ചു. പെനാല്‍റ്റിയിലൂടെ ക്യാപ്റ്റന്‍ ദല്ലാല്‍മുന്‍ ഗാംഗ്‌തേ ഇന്ത്യയ്ക്കായി വലകുലുക്കി.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ഇന്ത്യ വിജയം ലക്ഷ്യമിട്ട് മുന്നേറ്റം ശക്തമാക്കി. ഗുന്‍ലൈബ നേടിയ ഗോളിലൂടെ ഇന്ത്യ ലീഡ് സ്വന്തമാക്കി. ശേഷിക്കുന്ന സമയത്ത് ഇറാനെ പ്രതിരോധിച്ച് ഇന്ത്യന്‍ യുവസംഘം വിജയവും ടൂര്‍ണമെന്റിലേക്കുള്ള യോഗ്യതയും കരസ്ഥമാക്കി.

 

 

Continue Reading

Trending