കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് എംപിയും ബംഗാളി നടിയുമായ മിമി ചക്രബര്‍ത്തിയോട് അപമര്യാദയായി പെരുമാറിയ ടാക്‌സി ഡ്രൈവര്‍ അറസ്റ്റില്‍. ദേബ യാദവാണ് അറസ്റ്റിലായത്.തിങ്കളാഴ്ച വൈകിട്ട് അഞ്ചോടെയാണു സംഭവം. ബാലിഗഞ്ചിലെ ജിമ്മില്‍നിന്നു ഗരിയാഹട്ടിലേക്കു വീട്ടിലേക്കു മടങ്ങുന്നതിനിടെ നടിയുടെ കാര്‍ ട്രാഫിക് സിഗ്‌നലില്‍ കാര്‍ നിര്‍ത്തി. ഈസമയം അടുത്തുനിര്‍ത്തിയ മറ്റൊരു കാറിലെ ഡ്രൈവറായ യുവാവ് നടിക്കുനേരെ അശ്ലീല പ്രയോഗം നടത്തുകയായിരുന്നു.

ആദ്യം ഡ്രൈവറുടെ പെരുമാറ്റം അവഗണിച്ചെങ്കിലും വീണ്ടും കാറിനെ ഓവര്‍ടേക്ക് ചെയ്തു മോശമായി ആംഗ്യം കാണിച്ചതോടെ എംപി ഡ്രൈവറെ പിന്തുടരുകയും ടാക്‌സി നമ്പര്‍ അടക്കം വിവരങ്ങള്‍ പൊലീസിനു കൈമാറുകയായിരുന്നു. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണു കൊല്‍ക്കത്ത പൊലീസ് പ്രതിയെ പിടികൂടിയത്.

ലൈംഗിക കുറ്റകൃത്യം തടയല്‍ നിയമപ്രകാരമാണ് കേസ്. ഐപിസി സെക്ഷന്‍ 354, 354 എ, 354 ഡി, 509 എന്നീ വകുപ്പുകളാണു ടാക്‌സി ഡ്രൈവര്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്. താന്‍ ഇപ്പോള്‍ ഇത് അവഗണിക്കുകയാണെങ്കില്‍, മറ്റൊരു സ്ത്രീ ആ ടാക്‌സിയില്‍ യാത്ര ചെയ്താല്‍ ഉപദ്രവമുണ്ടാകുമെന്നു തോന്നിയതുകൊണ്ടാണ് പൊലീസിനെ സമീപിച്ചതെന്നു മിമി ചക്രബര്‍ത്തി പറഞ്ഞു. ജാദവ്പുര്‍ മണ്ഡലത്തില്‍ നിന്നാണ് മിമി ചക്രബര്‍ത്തി എംപിയായി ലോക്‌സഭയിലെത്തിയത്.