കൊല്ലം: കൊല്ലം കടയ്ക്കലില്‍ മന്ത്രി മാത്യു ടി തോമസിന്റെ ഗണ്‍മാനായ പൊലീസ് ഉദ്യോഗസ്ഥന്‍ സുജിത്തിന്റെ മരണത്തിന്റെ കാരണം വ്യക്തമാക്കി പൊലീസ്. സുജിത്തിന്റെ മരണം ആത്മഹത്യയാണെന്നാണ് പൊലീസ് പറയുന്നത്. പ്രണയ പരാജയത്തെത്തുടര്‍ന്ന് ജീവനൊടുക്കുകയാണെന്ന് സൂചിപ്പിക്കുന്ന ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെത്തി.

കടക്കലിന് അടുത്ത് കോട്ടുക്കലിലുള്ള പെണ്‍കുട്ടിയുമായി സുജിത്ത് ഏറെ നാളായി പ്രണയത്തിലായിരുന്നു. ഒന്നിച്ച് ജീവിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും വീട്ടുകാരുടെ എതിര്‍പ്പിനെത്തുടര്‍ന്ന് പെണ്‍കുട്ടി തീരുമാനത്തില്‍ നിന്ന് പിന്മാറി. ഇതിലുള്ള മനോവിഷമമാണ് ആത്മഹത്യയില്‍ കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്. പെണ്‍കുട്ടിയുടെ വിവാഹനിശ്ചയം കഴിഞ്ഞതോടെ സുജിത്ത് മാനസികമായി തകര്‍ന്നിരുന്നതായി സുഹൃത്തുക്കള്‍ പൊലീസിനോട് പറഞ്ഞു.

ഇന്നലെ രാവിലെ ഏഴോടെയാണ് സംഭവം. കടക്കലിലെ വീട്ടില്‍ വെച്ച് ഇരു കൈത്തണ്ടയിലെയും ഞരമ്പുകള്‍ മുറിച്ച ശേഷം തലക്കു സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ച് വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് പൊലീസ് റിപ്പോര്‍ട്ട്.

രാവിലെ വെടിയൊച്ച കേട്ടതിനെത്തുടര്‍ന്ന് പരിഭ്രാന്തരായ മാതാപിതാക്കളും സഹോദരനും ചേര്‍ന്ന് മുറി തുറക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടര്‍ന്ന് പൊലീസെത്തി പൂട്ടു പൊളിച്ച് സുജിത്തിനെ കടയ്ക്കല്‍ താലൂക്ക് ആസ്പത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.