kerala

സ്ത്രീ വിരുദ്ധ അശ്ലീല പ്രസംഗം; സി.പി.എം നേതാവ് സയ്യിദ് അലി മജീദിനെതിരെ കേസെടുത്തു

By webdesk18

December 16, 2025

മലപ്പുറം: മലപ്പുറം തെന്നലയില്‍ സ്ത്രീ വിരുദ്ധ അശ്ലീല പ്രസംഗം നടത്തിയ സി.പി.എം തെന്നല ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സയ്യിദ് അലി മജീദിനെതിരെ പൊലീസ് കേസ് എടുത്തു. വനിതാ ലീഗ് പ്രവര്‍ത്തക ബി.കെ ജമീലയുടെ പരാതിയിലാണ് തിരൂരങ്ങാടി പൊലീസ് കേസെടുത്തത്. സ്ത്രീയുടെ മാന്യതയെ അപമാനിക്കല്‍, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. പ്രസംഗം വിവാദമായതോടെ സയ്യിദ് അലി മജീദ് ഇന്നലെ ഖേദ പ്രകടനം നടത്തിയിരുന്നു.

മലപ്പുറം തെന്നല പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ വിജയിച്ച യു.ഡി.എഫ് സ്ഥാനാര്‍ഥിക്കുവേണ്ടി പ്രവര്‍ത്തിച്ച വനിത ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെയായിരുന്നു പ്രസംഗം. സയ്യിദ് അലി മജീദിനെ തോല്‍പിക്കാന്‍ വേണ്ടി കെട്ടിക്കൊണ്ടുവന്ന പെണ്ണുങ്ങളെ മറ്റുള്ളവരുടെ മുന്നില്‍ കാഴ്ചവെച്ചു എന്നാണ് സ്വീകരണയോഗത്തില്‍ സയ്യിദ് അലി മജീദ് പ്രസംഗിച്ചത്.

‘കല്യാണം കഴിക്കുമ്പോ തറവാട് നോക്കുന്നത് എന്തിനാണെന്നറിമോ? ഇത്തരം കാര്യങ്ങള്‍ക്കാണ് തറവാട് നോക്കുന്നത്. വനിതാ ലീഗിനെ പറയാന്‍ പാടില്ല, ജമീലത്താത്ത മാസ്‌ക് വെച്ച് ഇറങ്ങിക്കഴിഞ്ഞാല്‍ ജമീലത്താത്താനെ മാത്രമല്ല, പാണക്കാട്ടെ തങ്ങന്‍മാരെ വരെ പറഞ്ഞിട്ടുണ്ട്. ഇനിയും പറയും. അത് കേള്‍ക്കാന്‍ ആണത്തവും ഉളുപ്പും ഉള്ളവന്‍ മാത്രം ഈ പരിപാടിക്കിറങ്ങിയാല്‍ മതി. അല്ലെങ്കില്‍ വീട്ടുമ്മയായി കഴിഞ്ഞാല്‍ മതി.

അന്യ ആണുങ്ങളുടെ മുന്നില്‍ പോയി നിസ്സാരമായ ഒരു വോട്ടിനുവേണ്ടി, സെയ്തലവി മജീദിനെ തോല്‍പിക്കാന്‍ വേണ്ടി, കെട്ടിക്കൊണ്ടുവന്ന പെണ്ണുങ്ങളെ മറ്റുള്ളവരുടെ മുന്നില്‍ കാഴ്ചവെക്കാനല്ല എന്ന് ഇവര്‍ മനസ്സിലാക്കണം. ഞങ്ങളൊക്കെ മക്കളെ കൊണ്ട് കല്യാണം കഴിപ്പിച്ചിട്ടുണ്ട്. ഞങ്ങള്‍ക്കൊക്കെ പ്രായപൂര്‍ത്തിയായ മക്കള്‍ വീട്ടിലുണ്ട്. അതൊക്കെ ഞങ്ങളുടെ മക്കളുടെ കൂടെ അന്തിയുറങ്ങാനും ഭര്‍ത്താക്കന്‍മാരുടെ കൂടെ അന്തിയുറങ്ങാനുമാണ്’ -എന്നിങ്ങനെയാണ് പ്രസംഗം.

പാര്‍ട്ടി ചുമതല താല്‍ക്കാലികമായി മറ്റൊരാള്‍ക്ക് കൈമാറിയാണ് സയ്യിദ് അലി തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഇറങ്ങിയത്. ഈ വാര്‍ഡില്‍ 20 ഓളം വനിതാലീഗ് പ്രവര്‍ത്തകരുടെ കൂട്ടായ്മ വോട്ട് തേടി രംഗത്തിറങ്ങിയിരുന്നു. ഇതാണ് സി.പി.എം നേതാവിനെ പ്രകോപിപ്പിച്ചത്. അന്യപുരുഷന്‍മാര്‍ക്ക് മുന്നില്‍ സ്ത്രീകളെ ഇറക്കി വോട്ടുതേടിയതിനെയാണ് താന്‍ വിമര്‍ശിച്ചത് എന്നാണ് സയ്യിദ് അലിയുടെ ന്യായീകരണം. മറ്റുള്ളവര്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചു എന്നാണ് താന്‍ ഉദ്ദേശിച്ചത് എന്നാണ് അദ്ദേഹം പറയുന്നത്. ഇതിനെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് മുസ്‌ലിം ലീഗ് നേതൃത്വം അറിയിച്ചിരുന്നു.

പ്രസംഗം പരിധി കടന്നുവെന്ന് അംഗീകരിക്കുന്നുവെന്നും അത് ഒഴിവാക്കേണ്ടിയിരുന്നതായിരുന്നെന്നും പിന്നീട് സയ്യിദ് അലി മജീദ് ഖേദപ്രകടനത്തില്‍ പറഞ്ഞു. കോപവും വികാരവും ചേര്‍ന്നപ്പോള്‍ വാക്കുകള്‍ക്ക് വേണ്ടത്ര നിയന്ത്രണം കിട്ടാതെ പോയി. അവിടെയാണ് പരിധി കടന്നതെന്നും സ്ത്രീ സമത്വത്തെയും സ്ത്രീകളോടുള്ള ആദരവിനെയും എന്നും പിന്തുണക്കുന്ന ഒരാളാണ് താനെന്നുമാണ് സയ്യിദ് അലി മജീദ് പറഞ്ഞത്.