പാലക്കാട്: പാലക്കാട്ട് നിന്ന് പിതാവും പിതൃമാതാവും ചേര്‍ന്ന് വിറ്റ കുഞ്ഞിനെ ഈറോഡില്‍ നിന്ന് കണ്ടെത്തി. കുഞ്ഞിനെ വാങ്ങിയ ഈറോഡ് സ്വദേശി ജനാര്‍ദ്ദനനെ പൊലീസ് പിടികൂടി. പാലക്കാട് സ്വദേശിനിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഭര്‍ത്താവായ പൊള്ളാച്ചി സ്വദേശിയും ഭര്‍ത്താവിന്റെ അമ്മയും ഒളിവിലാണ്. ഡിസംബര്‍ 25നാണ് യുവതി ജില്ലാ ആസ്പത്രിയില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ഇവര്‍ക്ക് നാലു മക്കളുണ്ട്. സാമ്പത്തിക ബുദ്ധിമുട്ടുള്ളതിനാല്‍ ഒരു കൂട്ടിയെ കൂടി നോക്കാനാവില്ലെന്ന ഭര്‍തൃമാതാവിന്റെ നിര്‍ദേശാനുസരണമാണ് കുഞ്ഞിനെ വിറ്റതെന്നാണ് വിവരം. പ്രസവത്തിന് പോയ യുവതി കുഞ്ഞില്ലാതെ തിരികെ വന്നത് നാട്ടുകാരില്‍ സംശയമുണ്ടാക്കുകയായിരുന്നു. ഇവര്‍ അങ്കണവാടി അധികൃതരെ സമീപിച്ചതോടെയാണ് സംഭവം വിവാദമായത്. സാമൂഹ്യനീതി വകുപ്പ് വിഷയത്തില്‍ ഇടപെടുകയും പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു.