തിരുവനന്തപുരം : മ്യൂസിയം സ്റ്റേഷന്‍ പരിധിയില്‍ നിന്നും മോഷണം പോയ സ്‌കൂട്ടര്‍ പുത്തന്‍ തോപ്പില്‍ ഒഴിഞ്ഞ പുരയിടത്തില്‍ കുഴിച്ചിട്ട നിലയില്‍. സംഭവവുമായി ബന്ധപ്പെട്ട് അന്തര്‍ സംസ്ഥാന വാഹന മോഷ്ടാവായ ഒരാളെ മ്യൂസിയം പൊലീസ് കസ്റ്റഡിയില്‍ എടുത്തു. സഹായിയായ കഠിനംകുളം സ്വദേശിയെ പൊലീസ് തിരയുന്നു. കഴിഞ്ഞ ദിവസം പുത്തന്‍തോപ്പ് കരിഞ്ഞ വയല്‍ ഭാഗത്ത് സ്വകാര്യ വ്യക്തി വീട് നിര്‍മിക്കാനായി മണ്ണ് എടുക്കുമ്പോള്‍ പുതിയ സ്‌കൂട്ടര്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി.

കഠിനംകുളം പൊലീസ് അന്വേഷണം നടത്തുമ്പോഴാണ് ഈ മാസം 14 ന് മ്യൂസിയം സ്റ്റേഷന്‍ പരിധിയില്‍ നിന്നും മോഷണം പോയ അഭിഭാഷകന്റെ സ്‌കൂട്ടര്‍ ആണെന്ന് കണ്ടെത്തിയത്. കേരളത്തിലും തമിഴ്‌നാട്ടിലുമായി നിരവധി വാഹന മോഷണ കേസില്‍ പിടിയിലായ ബാഹുലേയനെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുമ്പോഴാണ് ഇയാള്‍ മോഷ്ടിച്ച സ്‌കൂട്ടര്‍ കഠിനംകുളം സ്വദേശിയായ മറ്റൊരു മോഷ്ടാവിന്റെ സഹായത്തോടെ പുത്തന്‍തോപ്പിനടുത്ത് ഒരു പറമ്പില്‍ കുഴിച്ചിട്ടതാണെന്ന് കണ്ടെത്തിയത്.