തീവനൂര്‍: ഗുജറാത്ത് കലാപം രാജ്യത്തെ ജനങ്ങള്‍ മറക്കില്ലെന്ന് ഡി.എം.കെ അധ്യക്ഷന്‍ എം.കെ സ്റ്റാലിന്‍. ‘ഉങ്കള്‍ തോഗുദിയില്‍ സ്റ്റാലിന്‍’ എന്ന പരിപാടിയുടെ ഭാഗമായി വെള്ളിയാഴ്ച തമിഴ്നാട്ടിലെ തിണ്ടിവനത്തിനടുത്ത് തീവനൂരില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘2002 ലെ ഗുജറാത്ത് കലാപം രാജ്യം മറന്നിട്ടില്ല. ഗൂഢാലോചനയിലും ക്രൂരതയിലും ബി.ജെ.പി റെക്കോര്‍ഡ് സ്ഥാപിച്ചിട്ടുണ്ട്. ഗുജറാത്തില്‍ നിന്നും ഡല്‍ഹിയിലെത്തിയപ്പോള്‍ മോദിക്ക് ഇതെല്ലം എങ്ങനെ മറക്കാന്‍ സാധിക്കും? ‘ അദ്ദേഹം ചോദിച്ചു

തന്റെ പാര്‍ട്ടിക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നതില്‍ നിന്നും പ്രധാനമന്ത്രി വിട്ടു നില്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം ചെയ്യുന്ന കര്‍ഷകര്‍ക്കെതിരെയും പൗരത്വ നിയമത്തിനെതിരെ സമരം ചെയ്തവര്‍ക്കെതിരെയും ക്രൂരമായ അക്രമം അഴിച്ചുവിട്ടത് പ്രധാനമന്ത്രി മറന്നോയെന്നും അദ്ദേഹം ചോദിച്ചു.

തമിഴ്നാട്ടിലും പുതുച്ചേരിയിലും ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണ് ബിജെപിയിലേക്ക് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. അടുത്ത കാലത്ത് പാര്‍ട്ടിയില്‍ ചേര്‍ന്നവരുടെ പശ്ചാത്തലം കേന്ദ്ര ഏജന്‍സികളെ വെച്ച് അന്വേഷിക്കുന്നത് മോദിക്ക് നല്ലതാണെന്നും അദ്ദേഹം തുറന്നടിച്ചു.