ആലപ്പുഴ: കായംകുളത്തെ എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിടെ സി.പി.എം നേതാവും എം.പിയുമായ എ.എം ആരിഫ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അരിത ബാബുവിനെ അധിക്ഷേപിച്ചു. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

ഇത് പാല്‍ സൊസൈറ്റിയിലേക്കുള്ള തെരഞ്ഞെടുപ്പല്ല. കേരള നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പാണെന്നായിരുന്നു ആരിഫിന്റെ പരാമര്‍ശം. വിഷയത്തില്‍ ആരിഫിന്റെ പ്രതികരണം അറിവായിട്ടില്ല. യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ അരിത ബാബു ക്ഷീരകര്‍ഷകയെന്ന നിലയില്‍ പ്രദേശത്ത് പ്രവര്‍ത്തിച്ച് വരുന്നയാളാണ്. പ്രിയങ്ക ഗാന്ധി അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ അരിതയുടെ പശുവളര്‍ത്തല്‍ കേന്ദ്രം സന്ദര്‍ശിച്ചിരുന്നു.

ആലപ്പുഴ ജില്ല പഞ്ചായത്ത് മുന്‍ അംഗമായ അരിത ബാബു സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ വനിത സ്ഥാനാര്‍ത്ഥിയാണ്. കായംകുളത്തെ സിറ്റിങ് എം.എല്‍.എ യു.പ്രതിഭയോടാണ് അരിത പോരിനിറങ്ങുന്നത്.