മാനന്തവാടി: വിവാദ പരാമര്‍ശങ്ങളുമായി വീണ്ടും വൈദ്യുത മന്ത്രി എം.എം മണി. സ്വതസിദ്ധമായ ശൈലിയില്‍ ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള കഴിഞ്ഞ സര്‍ക്കാറിനെ വിമര്‍ശിച്ചായിരുന്നു മണിയുടെ വിവാദ പരാമര്‍ശം. ‘കഴിഞ്ഞ അഞ്ചുവര്‍ഷം എന്തായിരുന്നു എന്ന് നിങ്ങള്‍ക്ക് ഓര്‍മയുണ്ടോ കോണ്‍ഗ്രസുകാരാ, യുഡിഎഫുകാരാ’ എന്നു പറഞ്ഞാണ് മന്ത്രി വിവാദ പരാമര്‍ശത്തിലേക്ക് കടന്നത്. എല്‍ഡിഎഫ് സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായി നടത്തിയ റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ അഞ്ചു വര്‍ഷം ബഹുകേമമായിരുന്നുവെന്നു പറഞ്ഞ മന്ത്രി നാടന്‍ ശൈലിയില്‍ പിണറായി സര്‍ക്കാറിനെ പ്രകീര്‍ത്തിക്കാനും മറന്നില്ല. ‘സോളാര്‍ എന്ന പദം ഉമ്മന്‍ചാണ്ടി സര്‍ക്കാറിനു അശ്ലീലമായിരുന്നു. യുഡിഎഫുകാരെ കോണ്‍ഗ്രസുകാരെ നിങ്ങള്‍ മറന്നുപോയോ? അന്ന് മുഖ്യമന്ത്രിയുടെ ഓഫീസിലായിരുന്നു എല്ലാവര്‍ക്കും പണി. ക്യാമറയൊക്കെ ഓഫാക്കിവെച്ച് ജോപ്പനും കീപ്പനും കോപ്പനുമൊക്കെ അവിടെയുണ്ടായിരുന്നു. എന്നാല്‍ പിണറായി വിജയന്‍ അങ്ങനെയല്ല. സോളാര്‍ ഇപ്പോള്‍ അശ്ലീല പദമല്ല. വൈദ്യുതി ഉണ്ടാക്കുന്ന മാര്‍ഗമാണ്’-മന്ത്രി മണി പറഞ്ഞു. വിവാദ പരാമര്‍ശത്തോടെ എംഎം മണിക്കെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. സമൂഹമാധ്യമങ്ങളിലും മറ്റും മണിയുടെ പരാമര്‍ശം വൈറലാണ്.