ന്യൂഡല്‍ഹി: ബാബരി മസ്ജിദ്-രാമജന്‍മഭൂമി തര്‍ക്കത്തിന് കോടതിക്ക് പുറത്ത് സമവായമാകാം എന്ന നിര്‍ദേശത്തെ അംഗീകരിക്കാനാവില്ലെന്ന് ബാബരി മസ്ജിദ് ആക്ഷന്‍ കമ്മിറ്റിയും സുന്നി വഖഫ് ബോര്‍ഡും വ്യക്തമാക്കി. അതേസമയം നിര്‍ദേശത്തെ സ്വാഗതം ചെയ്ത് ബി.ജെ.പി, ആര്‍.എസ്.എസ്, വി.എച്ച്.പി തുടങ്ങിയ സംഘടനകളും രംഗത്തെത്തി. ബാബരി മസ്ജിദ്-രാമജന്മഭൂമി പ്രശ്‌നത്തില്‍ കോടതി പരിഹാരം കാണണമെന്ന് ബാബരി മസ്ജിദ് ആക്ഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു. സുന്നി വഖഫ് ബോര്‍ഡും തീരുമാനത്തെ എതിര്‍ത്തു. കോടതി തന്നെ ഇതിനൊരു തീരുമാനമുണ്ടാക്കണമെന്ന് ബാബരി മസ്ജിദ് ആക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ സഫര്യാബ് ജീലാനി പറഞ്ഞു.

സുപ്രീംകോടതിയില്‍ പൂര്‍ണമായ വിശ്വാസമുണ്ട്. ചര്‍ച്ചകള്‍ക്കായി പുറത്തു നിന്നുള്ള ഒരു മധ്യസ്ഥന്റെ ആവശ്യമില്ല. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പ്രശ്‌നത്തില്‍ മധ്യസ്ഥത വഹിക്കാമെന്നു പറഞ്ഞാല്‍ ഞങ്ങള്‍ തയാറാണെന്നും അദ്ദേഹം പറഞ്ഞു. പരസ്പരം ചര്‍ച്ച ചെയ്ത് പരാജയപ്പെട്ട കാര്യമാണിതെന്നും പ്രശ്‌നത്തിന് നിയമപരമായ പരിഹാരം കാണുന്നതിനാണ് കോടതിയെ സമീപിച്ചതെന്നും ബാബരി മസ്ജിദ് ആക്ഷന്‍ കമ്മിറ്റി ജോയിന്റ് കണ്‍വീനര്‍ ഡോ.എസ്. ക്യു.ആര്‍ ഇല്യാസ് അഭിപ്രായപ്പെട്ടു. അതേസമയം കോടതി നിര്‍ദേശം ശരിയായ ദിശയിലേക്കുള്ള ചലനമാണെന്നായിരുന്നു ബാബരി കേസില്‍ ആദ്യം മുതല്‍ ഇടപെട്ടിരുന്ന അന്തരിച്ച ഹാഷിം അന്‍സാരിയുടെ മകന്‍ ഇഖ്ബാല്‍ അന്‍സാരിയുടെ പ്രതികരണം. എന്നാല്‍ ഇത് വൈകാരിക വിഷയമാണെന്നും കോടതിക്കു പുറത്തെ പ്രശ്‌നപരിഹാരം നേരത്തെ തന്നെ പരാജയപ്പെട്ടതാണെന്നും അതിനാല്‍ ഈ വിഷയത്തില്‍ തങ്ങള്‍ക്ക് ധൃതിയില്ലെന്നുമായിരുന്നു മുസ്്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് അംഗം മൗലാനാ ഖാലിദ് റഷീദിന്റെ പ്രതികരണം. എന്നാല്‍ സുപ്രീം കോടതി നിര്‍ദേശത്തെ സ്വാഗതം ചെയ്യുന്നതായും എന്നാല്‍ രാമജന്മ സ്ഥലത്തിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്നും കേസിലെ മറ്റൊരു കക്ഷിയായ രാം ലല്ല വിരാജ്മാനു വേണ്ടി കോടതി ഹാജരായ മദന്‍ മോഹന്‍ പാണ്ഡേ പറഞ്ഞു. തങ്ങള്‍ക്കു കൂടി യോജിച്ച തരത്തിലുള്ള പ്രശ്‌ന പരിഹാരമാണ് കൊണ്ടുവരുന്നതെങ്കില്‍ അതിനെ അംഗീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം കോടതി നിര്‍ദേശത്തെ സ്വാഗതം ചെയ്ത് ബി.ജെ.പിയും ആര്‍.എസ്.എസും രംഗത്തെത്തി. സമവായ നിര്‍ദേശം ഉന്നതകോടതിയുടെ ഏറ്റവും നല്ല തീരുമാനമാണ്. ചര്‍ച്ചകളിലൂടെ പ്രശ്‌നത്തിന് പരിഹാരം കണ്ടെത്തണമെന്നു തന്നെയാണ് ബി.ജെ. പിയും ആഗ്രഹിക്കുന്നതെന്ന് മുതിര്‍ന്ന ബി. ജെ.പി നേതാവും നിയമ വകുപ്പ് സഹമന്ത്രിയുമായ പി.പി ചൗധരി അഭിപ്രായപ്പെട്ടു. കോടതിയുടെ നിര്‍ദേശം സ്വാഗതാര്‍ഹമെന്ന് ബി.ജെ.പി നേതാവ് ഉമാ ഭാരതിയും പറഞ്ഞു. ആര്‍.എസ്.എസും വി. എച്ച്.പിയും കോടതിയുടെ നിര്‍ദേശത്തെ സ്വാഗതം ചെയ്തു. രാമക്ഷേത്ര നിര്‍മാണത്തിന് വഴിയൊരുക്കാന്‍ കോടതി നിര്‍ദേശം കാരണമാകുമെന്ന് കേന്ദ്ര സാംസ്‌കാരിക മന്ത്രി മഹേഷ്ശര്‍മ പറഞ്ഞു.
മോദി കേന്ദ്രത്തിലും യോഗി ആദിത്യനാഥ് സംസ്ഥാനത്തും ഭരിക്കുമ്പോള്‍ പ്രശ്‌നപരിഹാരമുണ്ടാകുമെന്നാണ് വിശ്വസിക്കുന്നതെന്നായിരുന്നു രാമജന്മഭൂമി ന്യാസ് പ്രസിഡന്റ് മഹന്ത് നൃത്യഗോപാല്‍ ദാസിന്റെ പ്രതികരണം.