X

മതത്തിന്റെ പേരില്‍ മുഹമ്മദ് അലിയുടെ മകനെ യു.എസ് വിമാനത്താവളത്തില്‍ തടഞ്ഞുവെച്ചു

ഫ്‌ളോറിഡ: അന്തരിച്ച ബോക്‌സിങ് ഇതിഹാസം മുഹമ്മദ് അലി ക്ലേയുടെ മകന്‍ മുഹമ്മദ് അലി ജൂനിയറെ അമേരിക്കന്‍ വിമാനത്താവളത്തില്‍ തടഞ്ഞുവെച്ച് രണ്ട് മണിക്കൂറോളം ചോദ്യംചെയ്തു. ക്ലേയുടെ ആദ്യ ഭാര്യയായ ഖലീല കമാച്ചോ അലിയോടൊപ്പം ജമൈക്കയില്‍ ഒരു പരിപാടിയില്‍ പങ്കെടുത്ത് തിരിച്ചെത്തിയപ്പോഴാണ് സംഭവം. ഫ്‌ളോറിഡയിലെ ലോഡര്‍ഡേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇരുവരെയും അധികൃതര്‍ തടഞ്ഞുവെക്കുകയായിരുന്നു.

അറബി പേരുള്ളതിനെ തുടര്‍ന്നാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ മുഹമ്മദ് അലിയെ തടഞ്ഞുവെച്ച് ചോദ്യംചെയ്തത്. നിങ്ങള്‍ മുസ്്‌ലിമാണോ എന്നും എവിടെനിന്നാണ് താങ്കള്‍ക്ക് ഈ പേരു കിട്ടിയതെന്നുമായിരുന്നു ചോദ്യം. പിതാവിനെപ്പോലെ താനും മുസ്്‌ലിമാണെന്ന് അദ്ദേഹം മറുപടി നല്‍കി. തുടര്‍ന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍ നിരവധി ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടിരുന്നു. എവിടെയാണ് ജനിച്ചതെന്നും മതത്തെക്കുറിച്ചുള്ള മറ്റു പല സംശയങ്ങളും ആവര്‍ത്തിച്ചുകൊണ്ടിരുന്നു. ഒടുവില്‍ കമാച്ചോ അലി തന്റെ മുന്‍ ഭര്‍ത്താവിനോടൊപ്പമുള്ള ഫോട്ടോ കാണിച്ചതിനുശേഷമാണ് അധികൃതര്‍ ജൂനിയര്‍ അലിയെ മോചിപ്പിച്ചത്. അമേരിക്കയിലേക്ക് മുസ്്‌ലിംകള്‍ക്ക് പ്രവേശനം നിഷേധിക്കാന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടത്തിക്കൊണ്ടിരിക്കുന്ന ശ്രമങ്ങളുടെ ഭാഗമാണ് ഇതെന്ന് മുഹമ്മദ് അലിയുടെ കുടുംബ സുഹൃത്തും അഭിഭാഷകനുമായ ക്രിസ് മാന്‍സീനി പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് യു.എസ് ഫെഡറല്‍ കോടതിയെ സമീപിക്കാനാണ് അലി കുടുംബത്തിന്റെ തീരുമാനം. ഈ രൂപത്തില്‍ എത്ര പേര്‍ യു.എസ് വിമാനത്താവളത്തില്‍ തടഞ്ഞുവെക്കപ്പെട്ടിട്ടുണ്ടെന്ന് തങ്ങള്‍ അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും മാന്‍സീനി അറിയിച്ചു.

chandrika: