കൊച്ചി: താരസംഘടനയായ അമ്മയുടെ വാര്‍ഷികയോഗത്തിനു ശേഷം പ്രതികരിച്ച് നടന്‍ മോഹന്‍ലാല്‍. ഒരുപാട് പ്രതിസന്ധികളിലൂടെ അമ്മ സംഘടന കടന്നുപോയിട്ടുണ്ടെന്ന് താരം പറഞ്ഞു.

ഒരുപാട് പ്രതിസന്ധികളിലൂടെ അമ്മ കടന്നുപോയിട്ടുണ്ട്. എന്നാല്‍ പ്രതിസന്ധികളെല്ലാം ഒന്നിച്ചുനിന്ന് നേരിടാന്‍ കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ യോഗത്തിനുശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മോഹന്‍ലാലും മമ്മുട്ടിയും നിശബ്ദരായിരുന്നു.

വാര്‍ത്താസമ്മേളനത്തില്‍ നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ടുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് താരങ്ങള്‍ പ്രകോപിതരായിരുന്നു. ദിലീപും ആക്രമിക്കപ്പെട്ട നടിയും അമ്മയുടെ മക്കളാണ്. ആരേയും ഒറ്റപ്പെടുത്തി വേട്ടയാടാന്‍ അനുവദിക്കില്ല. അമ്മ ഒറ്റക്കെട്ടാണെന്നും ഗണേഷ്‌കുമാറും മുകേഷും ഉള്‍പ്പെടെയുള്ള താരങ്ങള്‍ പറഞ്ഞിരുന്നു. പിന്നീട് മറ്റു ചോദ്യങ്ങള്‍ക്ക് മാധ്യമങ്ങളോട് താരങ്ങള്‍ തട്ടിക്കയറിയെങ്കിലും വേദിയിലിരുന്ന മമ്മുട്ടിയും മോഹന്‍ലാലും നിശബ്ദരായത് ഏറെ ശ്രദ്ധിക്കപ്പെട്ടു.