മൂന്നാറിന്റെ പാരിസ്ഥിതിക സവിശേഷത കണക്കിലെടുത്ത് അപടകരമായി നില്‍ക്കുന്ന കെട്ടിടങ്ങള്‍ പൊളിച്ചു നീക്കണമെന്നും അനുവദനീയമല്ലാത്ത ഉയരമുള്ള എല്ലാ വ്യാപാര വാണിജ്യ സ്ഥാപനങ്ങളുടെയും നിര്‍മ്മാണവും പ്രവര്‍ത്തനവും ഉടന്‍ നിര്‍ത്തിവെക്കണമെന്നും പരിസ്ഥിതി സംബന്ധിച്ച നിയമസഭാ സമിതിയുടെ ശിപാര്‍ശ. ഇതിനായി റവന്യൂ അധികാരികള്‍ക്ക് നിലവില്‍ ലഭ്യമായ അധികാരം ഉപയോഗിക്കാവുന്നതാണ്. മൂന്നാറിനായി ഒരു പരിസ്ഥിതി പരിപാലന വികസന അതോറിറ്റി ആറുമാസത്തിനകം രൂപീകരിക്കണമെന്നും ശിപാര്‍ശ ചെയ്യുന്ന മുല്ലക്കര രത്‌നാകരന്‍ ചെയര്‍മാനായ സമിതിയുടെ റിപ്പോര്‍ട്ട് ഇന്നലെ സഭയുടെ മേശപ്പുറത്ത് വെച്ചു.
വ്യവസ്ഥകള്‍ക്ക് വിധേയമായി നല്‍കിയിരിക്കുന്ന പട്ടയഭൂമി ഗാര്‍ഹികേതര ആവശ്യങ്ങള്‍ക്കുള്ളത് ഒഴികെ വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ അത്തരം പട്ടയങ്ങള്‍ ഉടന്‍ റദ്ദു ചെയ്യുകയും ഭൂമി തിരിച്ചെടുക്കുകയും വേണം. മൂന്നാറിന്റെ പരിസ്ഥിതി പ്രാധാന്യം കണക്കിലെടുത്ത് അപകടമായേക്കാവുന്ന ഗാര്‍ഹികേതര നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കരുതെന്നും ശിപാര്‍ശയിലുണ്ടെന്ന് മുല്ലക്കര രത്‌നാകരന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. സംസ്ഥാനത്തിന് മുഴുവന്‍ ബാധകമായ നിലവിലുള്ള കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ അതേപടി മൂന്നാറിന് ബാധകമാക്കുന്നത് തീര്‍ത്തും അപകടകരവും അശാസ്ത്രീയവുമാണ്. അതിനാല്‍ മൂന്നാറിനെ പ്രത്യേക സോണുകളായി തിരിച്ച് പ്രത്യേക കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ അടിയന്തരമായി രൂപീകരിച്ച് നടപ്പാക്കണം. മൂന്നാറിലെ മാലിന്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനായി കാലാവസ്ഥ, ജൈവ പാരിസ്ഥിതിക സവിശേഷതകള്‍ എന്നിവ കണക്കിലെടുത്ത് അനുയോജ്യമായ മാലിന്യ നിര്‍മ്മാര്‍ജ്ജന സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തണം. മൂന്നാര്‍ ഉള്‍പ്പെടുന്ന പഞ്ചായത്തുകള്‍ക്കുവേണ്ടി മാലിന്യ നിര്‍മ്മാര്‍ജ്ജന പരിപാടികള്‍ക്കായി അധിക ധനസഹായവും പാക്കേജും നടപ്പിലാക്കണമെന്നും സമിതി ശിപാര്‍ശചെയ്തു.
മൂന്നാറിനായി സ്റ്റേറ്റ് എന്‍വയോണ്‍മെന്റ് പോളിസിയുടെ ചട്ടങ്ങള്‍ക്കുള്ളില്‍ നിന്നുകൊണ്ട് മൂന്നാറിന്റെ പാരിസ്ഥിക ഘടനയും, സവിശേഷതകളും പരിഗണിച്ച് മൂന്നാറിനു മാത്രമായി ഒരു പരിസ്ഥിതി പരിപാലന നയം രൂപീകരിക്കണം. മൂന്നാറിലെ കൃഷി രീതി, വളം, കീടനാശിനി എന്നിവയുടെ ഉപയോഗം ഉള്‍പ്പടെ എല്ലാ കാര്‍ഷിക പ്രവര്‍ത്തനങ്ങളും പരിസ്ഥിതി സൗഹൃദമാക്കുന്നതിനായി വ്യക്തവും ശാസ്ത്രീയവുമായ മാര്‍ഗ നിര്‍ദ്ദേശങ്ങളോടെ ഒരു മൂന്നാര്‍ മാതൃക ആവിഷ്‌ക്കരിച്ച് നടപ്പിലാക്കണമെന്നും സമിതി ശിപാര്‍ശ ചെയ്തു. സര്‍ക്കാര്‍ വകുപ്പുകളുടെയും ഏജന്‍സികളുടെയും പ്രതിനിധികള്‍ക്കു പുറമേ പരിസ്ഥിതി-കാലാവസ്ഥ സ്ഥാപനങ്ങള്‍, സംഘടന പ്രതിനിധികള്‍, പരിസ്ഥിതി ശാസ്ത്ര വിദഗ്ധര്‍ തുടങ്ങിയവരും അതോറിട്ടിയില്‍ അംഗങ്ങളാകും. അതോറിറ്റി രൂപീകരിച്ചുകൊണ്ടുള്ള നിയമം നിലവില്‍ വന്ന് ഒരു മാസത്തിനകം ബന്ധപ്പെട്ട ചട്ടങ്ങള്‍ പുറപ്പെടുവിക്കേണ്ടതാണെന്നും ശിപാര്‍ശയിലുണ്ട്. മൂന്നാറില്‍ പുതിയ യൂക്കാലിപ്റ്റ്‌സ് പ്ലാന്റേഷനുകള്‍ വെച്ചുവിടിപ്പിക്കുന്നത് അടിയന്തിരമായി നിരോധിക്കണമെന്നും സമിതി ശിപാര്‍ശ ചെയ്തു.
Be the first to write a comment.