ദോഹ: വ്യാഴാഴ്ച മഴയ്ക്കു വേണ്ടിയുള്ള നമസ്‌കാരത്തിന് ആഹ്വാനം ചെയ്ത് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി. രാജ്യത്തെ 78 പള്ളികളില്‍ മഴയ്ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥന നടത്താനാണ് അമീറിന്റെ ആഹ്വാനം. അല്‍ വജ്ബ മൈതാനത്ത് നടക്കുന്ന നമസ്‌കാരത്തിലാണ് അമീര്‍ പങ്കെടുക്കുക.

കാലാവസ്ഥാ വിഭാഗത്തിന്റെ കണക്കുകൂട്ടലനുസരിച്ച് കഴിഞ്ഞ മാസം 16 ന് തന്നെ ഖത്തറില്‍ ഈ വര്‍ഷത്തെ മഴക്കാലം ആരംഭിക്കേണ്ടതായിരുന്നു. എന്നാല്‍ ഏതാനും ചില മേഖലകളില്‍ ചെറിയ തോതില്‍ പെയ്തതൊഴിച്ചാല്‍ കാര്യമായ മഴ ഇതുവരെ ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് മഴയ്ക്കായി പ്രാര്‍ത്ഥിക്കാന്‍ അമീര്‍ ആഹ്വനം ചെയ്തത്.

പ്രാദേശിക സമയം രാവിലെ ആറ് മണിക്കാണ് നമസ്‌കാരം. നമസ്‌കാരം നടക്കുന്ന മസ്ജിദുകളുടെ പേരു വിവരങ്ങള്‍ ഔഖാഫ് പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.