കല്യാണാഘോഷങ്ങള്‍ക്കിടെ മരുമകന് എകെ47 തോക്ക് വിവാഹസമ്മാനമായി നല്‍കി ഭാര്യയുടെ മാതാവ്. വധുവും വരനും ഇരിക്കുന്ന വേദിയിലേക്ക് കടന്നെത്തി വരന്റെ തലയില്‍ ചുംബിച്ച ശേഷമാണ് എകെ47 തോക്ക് സമ്മാനമായി നല്‍കിയത്. തോക്ക് കണ്ടതോടെ ആദ്യം അമ്പരന്ന വരന്‍ പിന്നീട് ചിരിയോടെ അതേറ്റുവാങ്ങി.

എകെ 47 വരന് സമ്മാനമായി നല്‍കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു. ഒരു സത്രീ പുതുമണവാളന് സമീപമെത്തി എകെ 47 സമ്മാനമായി നല്‍കുന്നതാണ് വിഡിയോയില്‍. 30 സെക്കന്റുള്ള വിഡിയോയില്‍ ചിരിച്ചുകൊണ്ട് സമ്മാനം വാങ്ങുന്ന വരനെയും കാണാം. എകെ 47 ആണ് കൈയിലേറ്റുവാങ്ങുന്നുവെന്നതിന്റെ ഞെട്ടല്‍ വരന്റെയും വധുവിന്റെയും മുഖത്ത് കാണുന്നുമില്ല.

പാക്കിസ്ഥാനില്‍ നിന്നാണ് വിഡിയോ എന്ന് പറയുമ്പോഴും കൃത്യമായ സ്ഥലമോ തിയതിയോ വിഡിയോയില്‍ ഇല്ല. പാക്കിസ്ഥാനില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകനാണ് ഈ വിഡിയോ ട്വിറ്ററില്‍ പങ്കുവച്ചത്. പിന്നീട് ഒട്ടേറെ പേര്‍ ഈ വിഡിയോ ട്വിറ്ററില്‍ ഷെയര്‍ ചെയ്തു.