രാജ്യത്തെ ഏറ്റവും വലിയ മോട്ടോര്‍ വാഹന നിര്‍മ്മാതാക്കളായ മാരുതി മറ്റൊരു പരീക്ഷണവുമായി രംഗത്തെത്തുകയാണ്. ഇലക്ട്രിക് ചാര്‍ജിങ് ആവശ്യമില്ലാത്ത, വാഹനം ഓടവെ ചാര്‍ജാകുന്ന ഹൈബ്രിഡ് ഇലക്ട്രിക് വാഹനങ്ങളുമായി വിപണി കീഴടക്കാന്‍ ഒരുങ്ങുകയാണ് മാരുതി. ഇലക്ട്രിക് വാഹനങ്ങളുടെ ചാര്‍ജിങ്ങ് സംവിധാനങ്ങള്‍ കാര്യക്ഷമമല്ലാത്തതും ഹൈബ്രിഡ് വാഹനങ്ങള്‍ തനിയെ ചാര്‍ജായി ഇലക്ട്രിക് കരുത്തിലേക്ക് മാറുമെന്നുള്ളതും മലിനീകരണം കുറവാണെന്നുമുള്ളതുമാണ് ഈ ഹൈബ്രിഡ് വാഹനങ്ങളുടെ പ്രത്യേകത.

മറ്റ് ഇന്ത്യന്‍ വാഹന നിര്‍മാതാക്കളായ ടാറ്റ മോട്ടോഴ്‌സ്, മഹീന്ദ്ര തുടങ്ങിയവര്‍ ഇലക്ട്രിക് വാഹനങ്ങള്‍ നിരത്തിലിറക്കിയപ്പോഴും മാരുതി ഇതുവരെ അതിന് മുതിര്‍ന്നിട്ടില്ല. നിലവിലെ സാഹചര്യത്തിന് ഏറ്റവും ഇണങ്ങുന്നത് ഹൈബ്രിഡ് ഇലക്ട്രിക് വാഹനങ്ങളാണെന്നാണ് മാരുതി പറയുന്നത്. അതുകൊണ്ട് മാരുതി ടൊയോട്ടയുമായി സഹകരിച്ച് ഹൈബ്രിഡ് ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

‘ടൊയോട്ടയുമായി സഹകരിച്ച് കുറച്ച് ഇലക്ട്രിക് വാഹനങ്ങള്‍ ടെസ്റ്റ് ചെയ്യാന്‍ ഒരുങ്ങുകയാണ്. ഉപയോക്താക്കളുടെ പ്രതികരണത്തിന്റെ അടിസ്ഥാനത്തില്‍ വേണ്ട മാറ്റങ്ങള്‍ സ്വീകരിച്ചായിരിക്കും മുന്നോട്ട് പോവുക. രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങള്‍ ചാര്‍ജ് ചെയ്യാനുള്ള സംവിധാനങ്ങള്‍ വികസിക്കുന്നതുവരെ സ്വയം ചാര്‍ജാകുന്ന വാഹനങ്ങള്‍ നമുക്ക് ആവശ്യമാണ്. ഈ ചോദ്യത്തിനുള്ള ഉത്തരമാകും ഹൈബ്രിഡ് ഇലക്ട്രിക് വാഹനങ്ങള്‍.’ മാരുതി സുസുകിയുടെ കോര്‍പറേറ്റ് പ്ലാനിങ് ആന്റ് ഗവ. അഫയേഴ്‌സ് എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ രാഹുല്‍ ഭാരതി പറഞ്ഞു.

2020ല്‍ സുസുക്കി യുറോപ്പില്‍ സ്വേസ് എന്ന ഹൈബ്രിഡ് ഇലക്ട്രിക് വാഹനം അവതരിപ്പിച്ചിരുന്നു. ടൊയോട്ടയുമായി സഹകരിച്ചാണ് ഈ വാഹനത്തിലെ സാങ്കേതികവിദ്യ ഒരുക്കിയിട്ടുള്ളത്. ടൊയോട്ടയുടെ കൊറോള എസ്‌റ്റേറ്റിനെ അടിസ്ഥാനമാക്കിയുള്ള വാഹനമാണ് സ്വേസ്. 1.8 ലിറ്റര്‍ പെട്രോള്‍ എന്‍ജിനൊപ്പം 3.6 കിലോവാട്ട് ശേഷിയുള്ള ബാറ്ററിയുമാണ് ഈ വാഹനത്തില്‍ നല്‍കിയിട്ടുള്ളത്. സ്വയം ചാര്‍ജ് ചെയ്യാന്‍ ശേഷിയുള്ള ഈ വാഹനത്തിന് 27 കിലോമീറ്റര്‍ ഇന്ധനക്ഷമത ഉറപ്പാക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.