കോഴിക്കോട്: എം.എസ്.എഫ് മെഡിഫെഡ് സംസ്ഥാന നേതാവും കോഴിക്കോട് മെഡിക്കല്‍ കോളേജിലെ മൂന്നാം വര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ത്ഥിയുമായ മുഹമ്മദ് അസ്‌ലം (22) മരണപ്പെട്ടു. മെഡിക്കല്‍ കോളേജിന് സമീപത്തുള്ള പാലക്കോട്ട് വയല്‍ ക്ഷേത്രക്കുളത്തില്‍ കൂട്ടുകാര്‍ക്കൊപ്പം കുളിക്കാന്‍ പോയപ്പോള്‍ മുങ്ങിപ്പോവുകയായിരുന്നു. നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബത്തില്‍ അംഗമായ അസ്‌ലം കഠിന പരിശ്രമത്തിലൂടെയാണ് എം.ബി.ബി.എസിന് അഡ്മിഷന്‍ നേടിയത്. പഠനത്തിനിടയിലും സംഘടനാ പ്രവര്‍ത്തനത്തില്‍ സജീവമായിരുന്നു. യൂത്ത് ലീഗ് വൈറ്റ് ഗാര്‍ഡ് അംഗമായിരുന്നു. മുസ്‌ലിം യൂത്ത് ലീഗ് യുവജനയാത്രയില്‍ മെഡിക്കല്‍ സംഘത്തില്‍ അംഗമായിരുന്നു. സി.എച്ച് സെന്ററിന്റെ പ്രവര്‍ത്തനങ്ങളിലും സജീവമായി പങ്കുവഹിക്കാറുള്ള വ്യക്തിയായിരുന്നു അസ്‌ലം.

നിഴലായി കൂടെ നടന്ന എന്റെ കൊച്ചൂട്ടൻ ഇനിയില്ല..

കൂടെപ്പിറപ്പിന്റെ കരുതലോടെ ഞാൻ എന്നും ചേർത്ത് പിടിച്ച എന്റെ അസ്‌ലം,നിന്റെ പേരിൽ മറ്റുള്ളവരുടെ മുമ്പിൽ ഈ ഉള്ളവൻ ഒരുപാട് അഭിമാനം കൊണ്ടിട്ടുണ്ട്,നിന്റെ ഓരോ നേട്ടങ്ങളിലും നിന്നെക്കാൾ സന്തോഷിച്ചിട്ടുണ്ട്..
ഞാൻ എന്തിനു വിളിച്ചാലും എന്താണ് എന്ന് പോലും ചോദിക്കാതെ എന്റെ കൂടെ ഇറങ്ങി വരാറായിരുന്നല്ലോ നിന്റെ പതിവ്…
ഓരോ നേട്ടങ്ങളും നീ നേടി എടുക്കുമ്പോഴും വിനയം കൊണ്ട് ഒരുപാട് ചെറുതാകാൻ ആയിരുന്നല്ലോ നിനക്കിഷ്ട്ടം…നിന്നോട് ചങ്ങാത്തമില്ലാത്തവരായി നമ്മുടെ പ്രദേശത്തു കുഞ്ഞുങ്ങൾ പോലും ബാക്കി ഇല്ലായിരുന്നല്ലോ…ഈ കാലഘട്ടത്തിലെ വിദ്യാർത്ഥികൾക്ക് നമ്മുടെ നാട്ടിൽ നിന്നോളം മാതൃകാ വിദ്യാർത്ഥി വേറെ ആരായിരുന്നുണ്ടായിരുന്നത്..

ഒരു കുടുംബത്തിന്റെ ഒരു നാടിന്റെ പ്രതീക്ഷയും അത്താണിയുമാണ് അല്ലാഹുവിലേക്ക് യാത്ര ആയിരിക്കുന്നത്..

കരയാൻ ഇനി കണ്ണുനീർ ബാക്കി ഇല്ല റബ്ബേ…ഓർക്കുമ്പോൾ മനസ്സാകെ പിടയുകയാണ് റബ്ബേ..അവനില്ലാത്ത ഫോട്ടോസ് ഗ്യാലറിയിൽ കുറവാണ് റബ്ബേ..ഒരുമിച്ചു ഉണ്ടും ഉറങ്ങിയവരുമാണ് ഞങ്ങൾ റബ്ബേ… നാളെ നിന്റെ സ്വർഗത്തിൽ ഞങ്ങളെ വീണ്ടും ഒരുമിപ്പിക്കണെ നാഥാ..

എന്റെ കുടപിറപ്പിനു നീ രക്തസാക്ഷിത്യത്തിന്റെ പ്രതിഫലം നൽകി സ്വർഗം കൊണ്ട് അനുഗ്രഹിക്കട്ടെ നാഥാ ……
ആമീൻ യാ റബ്ബൽ ആലമീൻ

(എം എസ് എഫ് മെഡിഫെഡ് സ്റ്റേറ്റ് കമ്മിറ്റി മെമ്പറും എം എസ് എഫ് അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റും കോഴിക്കോട് മെഡിക്കൽ കോളേജ് എം ബി ബി എസ് വിദ്യാർത്ഥിയുമാണ് മുഹമ്മദ് അസ്‌ലം,കുളിക്കാൻ കുളത്തിൽ ഇറങ്ങിയവഴി മുങ്ങി മരിച്ചതാണ്)

അൽത്താഫ് സുബൈർ (msf ജില്ലാ പ്രസിഡന്റ്)