ന്യൂഡല്‍ഹി: ബി.ജെ.പി ഗവണ്‍മെന്റ് അതിന്റെ ഉറ്റ ചങ്ങാതിമാര്‍ക്ക് ഇന്ത്യയെ വിറ്റു തുലക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സിങ് സുര്‍ജേവാല. രാജ്യത്തെ മൂന്നു വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനാനുമതി കേന്ദ്ര മന്ത്രിസഭ അദാനി ഗ്രൂപ്പിനു വിട്ടു നല്‍കിയ സാഹചര്യത്തില്‍ അമര്‍ഷം രേഖപ്പെടുത്തുകയായിരുന്നു അദ്ദേഹം. ഇതാണോ പുതിയ ഇന്ത്യ എന്നും അദ്ദേഹം ട്വിറ്ററില്‍ ചോദിച്ചു.

മംഗലാപുരം, അഹമ്മദാബാദ്, ലക്‌നൗ വിമാനത്താവളങ്ങളാണ് പൊതുസ്വകാര്യ പങ്കാളിത്തത്തോടെ അദാനി സംരംഭത്തിനു വിട്ടു നല്‍കാന്‍ തീരുമാനമായത്. തിരുവനന്തപുരം, മംഗലാപുരം, ലക്‌നൗ, ഗുവാഹത്തി, ജയ്പൂര്‍, അഹമ്മദാബാദ് എന്നീ ആറ് വിമാനത്താവളങ്ങളുടെയും പ്രവര്‍ത്തനാനുമതി കഴിഞ്ഞ വര്‍ഷം തന്നെ ലേലത്തിലൂടെ അദാനി ഗ്രൂപ്പ് നേടിയെടുത്തിരുന്നു. ഇതില്‍ ഉള്‍പ്പെട്ട മൂന്നെണ്ണത്തിനാണ് ഇപ്പോള്‍ അദാനിക്കു വിട്ടു നല്‍കാന്‍ കേന്ദ്ര മന്ത്രിസഭാംഗീകാരമായത്. ബാക്കി മൂന്നെണ്ണം കൂടി വിട്ടു കൊടുക്കാനുള്ള മന്ത്രിസഭാ നടപടി ഉടന്‍ ഉണ്ടായേക്കും.