നടി ആശാ ശരത്തിന്റെ എവിടെ സിനിമയുടെ പ്രൊമോഷന്‍ വീഡിയോക്ക് സാമൂഹ്യമാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനം. നടിയുടെ ഭര്‍ത്താവിനെ കാണാനില്ലെന്ന അറിയിപ്പാണ് പ്രൊമോഷന്‍ വീഡിയോയില്‍ ഉള്ളത്. ഇത് പ്രൊമോഷന്‍ ആണെന്ന് മനസ്സിലാകാത്ത ആളുകളാണ് നടിക്ക് വിമര്‍ശനവുമായി രംഗത്തെത്തിയത്.

‘കുറച്ചു ദിവസമായി എന്റെ ഭര്‍ത്താവിനെ കാണുന്നില്ല. പത്തു നാല്‍പത്തിയഞ്ചു ദിവസമായി, സാധാരണ ഇങ്ങനെ പോകുകയാണെങ്കിലും ഉടന്‍ തിരിച്ചുവരാറുള്ളതാണ്. അല്ലെങ്കില്‍ വിളിച്ചു പറയും. ഇതിപ്പോള്‍ ഒരു വിവരവുമില്ല. എന്തെങ്കിലും വിവരം കിട്ടിയാല്‍ അറിയിക്കണം. എപ്പോഴും എന്റെ കൂടെ ഉള്ളവരാണ് നിങ്ങള്‍, ആ ധൈര്യത്തിലാണ് ഞാന്‍ മുന്നോട്ടുപോകുന്നത്. ഭര്‍ത്താവിന്റെ പേര് സക്കറിയ എന്നാണ്. തബലയൊക്കെ വായിക്കുന്ന ആര്‍ടിസ്റ്റ് ആണ്. എന്തെങ്കിലും വിവരം കിട്ടിയാല്‍ കട്ടപ്പന പൊലീസ് സ്‌റ്റേഷനില്‍ അറിയിക്കണം. അദ്ദേഹം എവിടെ എന്നുള്ള അന്വേഷണത്തിലാണ് ഞാനും എന്റെ കുടുംബാംഗങ്ങളും. ‘എവിടെ’ എന്നുള്ളതാണ് ആര്‍ക്കും അറിയാത്തത്, നിങ്ങള്‍ അത് കണ്ടുപിടിച്ചു തരുമെന്ന വിശ്വാസത്തിലാണ് ഞാന്‍.’ ആശ ശരത്ത് തന്റെ ഫേസ്ബുക്ക് ലൈവില്‍ പറയുന്നു.

വീഡിയോ പ്രത്യക്ഷപ്പെട്ടതോടെ സംഭവം യാഥാര്‍ത്ഥ്യമാണെന്നായിരുന്നു കാണികളുടെ വിശ്വാസം. പക്ഷേ വീഡിയോക്ക് അവസാനം എവിടെ സിനിമാ പ്രൊമോഷന്‍ എന്ന് കാണിച്ചതോടെയാണ് ആരാധകര്‍ വിമര്‍ശനവുമായി രംഗത്തെത്തിയത്. ഇത് കടന്ന കൈ ആയിപ്പോയെന്നും ശരിയായ രീതിയായില്ലെന്നും ആരാധകര്‍ കമന്റ് ചെയ്തിട്ടുണ്ട്. ഒരുപാട് ആളുകള്‍ മക്കളേയോ ഭര്‍ത്താവിനേയോ അച്ഛനേയോ അല്ലെങ്കില്‍ വേണ്ടപ്പെട്ടവരെയൊ കാണാനില്ലെന്ന് പറഞ്ഞ് ലൈവില്‍ വരാറുണ്ട്. അത്തരക്കാരോട് ചെയ്യുന്ന ശരികേടാണ് പ്രൊമോഷന്‍ വീഡിയോ എന്ന് പലരും കുറ്റപ്പെടുത്തുന്നുണ്ട്. അതേസമയം, ലൈവിലെ അഭിനയം മികച്ചതാണെന്നും അഭിപ്രായപ്പെടുന്നവരുണ്ട്. എന്തായാലും സിനിമാ പ്രൊമോഷനാണ് വീഡിയോ എന്നതാണ് ചുരുക്കം.