കോട്ടയം: പകല്‍ ചെങ്കൊടി പിടിക്കുന്നവര്‍ രാത്രിയില്‍ ഐ.എസ് തീവ്രവാദികളായി മാറുന്നുവെന്ന് ബി.ജെ.പി ജനറല്‍ സെക്രട്ടറി എം.ടി രമേശ്. തീവ്രവാദികളുമായി സിപിഎം സന്ധിചെയ്യുന്നതിന്റെ തെളിവാണ് പാര്‍ട്ടി ശക്തികേന്ദ്രമായ കണ്ണൂര്‍ കനകമലയില്‍ നിന്ന് തീവ്രവാദികള്‍ അറസ്റ്റിലായ സംഭവം, ഇതിന് സിപിഎം മറുപടി പറയണമെന്നും എം.ടി രമേശ് പറഞ്ഞു. ഈ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിന്റെ നിലപാട് ദുരൂഹമാണ്, തീവ്രവാദികളെ വെള്ളപൂശാനാണ് സിപിഎം ശ്രമിക്കുന്നതെന്നും രമേശ് കുറ്റപ്പെടുത്തി. കോട്ടയം എന്‍.ഡി.എ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഭീകരവാദ വിരുദ്ധ പ്രതിഷേധ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.