Connect with us

More

പേസ് വാഗ്ദാനമായി മുഹമ്മദ് സിറാജ്

Published

on

രാജ്‌ക്കോട്ട്: അവന്‍ എന്നോ രാജ്യത്തിനായി കളിച്ച് കഴിഞ്ഞു. പ്രതിയോഗികളെ വിറപ്പിച്ച് എത്രയോ വിക്കറ്റുകള്‍ സ്വന്തമാക്കിക്കഴിഞ്ഞു. രാജ്യത്തെ ലോക ജേതാക്കളാക്കിക്കഴിഞ്ഞു…. 23 വയസ്സാണ് ഇപ്പോള്‍ ഇവന്റെ പ്രായം. ഈ പ്രായത്തില്‍ ഇത്രയധികം നേട്ടങ്ങള്‍ ഇവന്‍ സ്വന്തമാക്കിയോ എന്ന് നിങ്ങള്‍ക്ക് തോന്നാം- പക്ഷേ ഹൈദരാബാദിന്റെ പുത്തന്‍ ക്രിക്കറ്റ് പ്രതിഭയായ മുഹമ്മദ് സിറാജ് ഈ കാര്യങ്ങളെല്ലാം സ്വപ്‌നത്തില്‍ കണ്ട് കഴിഞ്ഞു. ഇന്നലെ രാജ്‌ക്കോട്ടിലെ മൈതാനത്ത് ഇന്ത്യയെ പ്രതിനിധീകരിക്കുന്ന 71-ാമത്തെ ടി-20 താരമായി മാറുമ്പോള്‍ സിറാജ് എന്ന ചെറുപ്പക്കാരന്‍ വളര്‍ച്ചയുടെ വലിയ ഘട്ടമാണ് പിന്നിട്ടിരിക്കുന്നത്. ആദ്യ മല്‍സരത്തില്‍ തന്നെ കിവി ക്യാപ്റ്റന്‍ കെയിന്‍ വില്ല്യംസണിന്റെ വിക്കറ്റും സിറാജ് നേടി. നാല് ഓവറില്‍ 53 റണ്‍സ് വഴങ്ങിയെങ്കിലും പലപ്പോഴും നിര്‍ഭാഗ്യവാനായിരുന്നു കന്നി മല്‍സരത്തില്‍ സിറാജ്. നല്ല പന്തുകള്‍ പലതും ബൗണ്ടറി കടന്നു.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റിലൂടെയാണ് സിറാജ് വളര്‍ന്നത്. അതിവേഗതയില്‍ പന്തെറിയുന്ന കൗമാര പ്രതിഭ. പ്രതിയോഗികള്‍ കടന്നാക്രമണത്തിന് മുതിരുമ്പോള്‍ പോലും ആത്മവിശ്വാസം കൈവിടാതെ പന്തെറിയുന്ന യുവതാരം. സിറാജിനെ ആദ്യം നോട്ടമിട്ടത് രാഹുല്‍ ദ്രാവിഡാണ്. ഐ.പി.എല്‍ മികവിന് ശേഷം സിറാജിനെ ഇന്ത്യന്‍ എ സംഘത്തിലേക്ക് വിളിച്ചത് ടീമിന്റെ പരിശീലകനായിരുന്ന ദ്രാവിഡായിരുന്നു. അച്ചടക്കത്തിന്റെ വക്താവായ ദ്രാവിഡ് ഒരു കാര്യം മാത്രമാണ് സിറാജിനോട് പറഞ്ഞത്-നിന്റെ സ്വാഭാവിക ശൈലിയില്‍ പന്തെറിയുക. വേഗത കുറക്കരുത്. ഇഷ്ട ക്രിക്കറ്ററുടെ വാക്കുകള്‍ അതേ പടി നടപ്പിലാക്കിയ സിറാജ് ഇപ്പോള്‍ ഇന്ത്യന്‍ താരമാണ്. ആ സന്തോഷത്തിലും കൊച്ചു താരം മതി മറക്കുന്നില്ല. ഇന്നലെ പുതിയ താരത്തിന് പരിശീലകന്‍ രവിശാസ്ത്രി രാജ്യത്തിന്റെ ക്യാപ്പ് നല്‍കുമ്പോള്‍ സിറാജിന്റെ കണ്ണുകള്‍ ഈറനണിഞ്ഞിരുന്നു. വിരാത് കോലി ഉള്‍പ്പെടെ എല്ലാവരും ചുമലില്‍ തട്ടി അനുമോദിക്കുമ്പോഴും സിറാജിന് വിശ്വാസമാവാത്തത് പോലെ-താന്‍ രാജ്യത്തിനായാണോ കളിക്കുന്നതെന്ന്.

രാജ്യത്തിനായി എറിഞ്ഞ ആദ്യ പന്ത് തന്നെ കിവി ഓപ്പണര്‍ മാര്‍ടിന്‍ ഗപ്ടില്‍ ബൗണ്ടറി കടത്തിയപ്പോള്‍ പക്ഷേ സിറാജ് തല ഉയര്‍ത്തി നിന്നു. അടുത്ത പന്ത് ഫുള്‍ ലെംഗ്ത്തില്‍ നല്‍കി പേടിച്ച് പിന്മാറില്ലെന്ന സൂചനയും നല്‍കി. ആശിഷ് നെഹ്‌റയെ പോലെ ഒരാള്‍ ഒഴിച്ചിട്ട കസേരയാണ് തനിക്ക് ലഭിച്ചിരിക്കുന്നതെന്ന് സിറാജിന് വ്യക്തമായി അറിയാം. നെഹ്‌റ കഠിനാദ്ധ്വാനിയായിരുന്നു. ഏത് സാഹചര്യത്തിലും ആത്മാര്‍ത്ഥമായി പന്തെറിയുന്ന ശൈലിക്കാരനാണ് നെഹ്‌റ. ആ മികവിലാണ് അദ്ദേഹം ദീര്‍ഘകാലം ദേശീയ ടീമില്‍ ഇടം നിലനിര്‍ത്തിയത്. ഈ ആത്മാര്‍ത്ഥയെ സിറാജ് ഇഷ്ടപ്പെടുന്നു. അങ്ങനെ വളരാനാണ് അവന്റെയും താല്‍പ്പര്യം.

ഓട്ടോ റിക്ഷാ ഡ്രൈവറുടെ മകനാണ് സിറാജ്. ജനിച്ചതും വളര്‍ന്നതും കളി പഠിച്ചതും ദരിദ്രമായ സാഹചര്യത്തില്‍. സ്‌ക്കൂള്‍ ക്രിക്കറ്റിലൂടെ വളര്‍ന്ന അസ്ഹറുദ്ദീന്റെ നാട്ടുകാരന് ബ്രേക്കായത് ആഭ്യന്തര ക്രിക്കറ്റാണ്. രജ്ഞി ട്രോഫി ക്രിക്കറ്റിലെ മികവില്‍ ഐ.പി.എല്‍ ആരവങ്ങളിലെത്തി. 2016-17 രജ്ഞി സീസണില്‍ 41 വിക്കറ്റുകളാണ് സിറാജ് സ്വന്തമാക്കിയത്. കഴിഞ്ഞ സീസണില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് 2.6 കോടിക്കാണ് സിറാജിനെ ടീമിലെടുത്തത്. വലിയ കാശ് മുടക്കിയതിനുളള പ്രതിഫലവും ടീമിന് സിറാജ് തിരിച്ചുനല്‍കി-കളിച്ച എല്ലാ മല്‍സരങ്ങളിലും ഉജ്ജ്വല ബൗളിംഗ് പ്രകടനമായിരുന്നു യുവതാരത്തിന്റേത്.

ഇന്ത്യന്‍ എ ടീമില്‍ കളിച്ചത് മുതല്‍ ദേശീയ നിരയില്‍ എത്തുമെന്ന് സിറാജിന് അറിയാമയിരുന്നു. ദ്രാവിഡ് സാറാണ് തന്റെ ആത്മവിശ്വാസം ഉയര്‍ത്തിയതെന്ന് അദ്ദേഹം പറഞ്ഞു. ടീമിലെത്തിയത് മുതല്‍ അദ്ദേഹം വ്യക്തിഗതമായി തന്നെ എന്നെ പരിഗണിച്ചു. ഒരു സാഹചര്യത്തിലും ബൗളിംഗ് ആക്ഷന്‍ മാറ്റേണ്ടതില്ലെന്ന് ഉപദേശിച്ചു. കഠിനാദ്ധ്വാനം റിസല്‍ട്ട് തരുമെന്ന അദ്ദേഹത്തിന്റെ വാക്കുകളാണ് ഇപ്പോള്‍ സത്യമായിരിക്കുന്നതെന്നും സിറാജ് പറഞ്ഞു. നിലവില്‍ ഇന്ത്യന്‍ ടീമിന്റെ ബൗളിംഗ് കോച്ചായ ഭാരത് അരുണിനും സിറാജിന്റെ വളര്‍ച്ചയില്‍ പങ്കുണ്ട്. ഇന്ത്യന്‍ സീനിയര്‍ സംഘത്തിലെ ഭുവനേശ്വര്‍, ആശിഷ് നെഹ്‌റ എന്നിവരെല്ലാം വലിയ പ്രോല്‍സാഹനമാണ് നല്‍കുന്നതെന്നും സിറാജ് പറഞ്ഞു. ആദ്യ മല്‍സരം നല്‍കുന്നത് വലിയ വിശ്വാസമാണെന്നും യുവ സീമര്‍ വ്യക്തമാക്കി

india

വനിതാ ചെസ് ലോകകപ്പ് ഫൈനലില്‍ കൊനേരു ഹംപിയെ പരാജയപ്പെടുത്തി ദിവ്യ ദേശ്മുഖ്

അഭിമാനകരമായ കിരീടനേട്ടത്തിനുമപ്പുറം ഈ വിജയത്തോടെ ദിവ്യ ദേശ്മുഖ് ഗ്രാന്‍ഡ്മാസ്റ്റര്‍ പദവിയും സ്വന്തമാക്കി

Published

on

വനിതാ ചെസ് ലോകകപ്പില്‍ ചരിത്രമെഴുതി ഇന്ത്യന്‍ താരം ദിവ്യ ദേശ്മുഖ്. പരിചയസമ്പത്തിന്റെ കരുത്തില്‍ പൊരുതിയ കൊനേരു ഹംപിയെ പരാജയപ്പെടുത്തിയാണ് 19-കാരിയായ ദിവ്യ ദേശ്മുഖ് വനിതാ ചെസ് ലോകകിരീടം ചൂടിയത്. ആവേശകരമായ കലാശപോരാട്ടത്തില്‍ ടൈബ്രേക്കറിലാണ് ദിവ്യയുടെ വിജയം.
ശനിയാഴ്ചയും ഞായറാഴ്ചയും നടന്ന മത്സരങ്ങള്‍ സമനിലയില്‍ അവസാനിച്ചതിനുശേഷമാണ് വിജയിയെ കണ്ടെത്താന്‍ ടൈബ്രേക്കറിലേക്ക് കടന്നത്. തിങ്കളാഴ്ച നടന്ന സമയ നിയന്ത്രിത ടൈബ്രേക്കറില്‍ ആദ്യഘട്ടത്തില്‍ വീണ്ടും സമനിലയില്‍ പിരിഞ്ഞു. എന്നാല്‍ റിവേഴ്‌സ് ഗെയിമില്‍ ഹംപിയെ മറികടക്കാന്‍ അവര്‍ക്ക് കഴിഞ്ഞു.
ദിവ്യയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയമാണിത്. അഭിമാനകരമായ കിരീടനേട്ടത്തിനുമപ്പുറം ഈ വിജയത്തോടെ ദിവ്യ ദേശ്മുഖ് ഗ്രാന്‍ഡ്മാസ്റ്റര്‍ പദവിയും സ്വന്തമാക്കി. ഇന്ത്യയുടെ 88-ാം ഗ്രാന്‍ഡ്മാസ്റ്ററാണ് നാഗ്പൂരില്‍ നിന്നുള്ള ദിവ്യ. ഇന്ത്യയില്‍ നിന്ന് ഗ്രാന്‍ഡ്മാസ്റ്ററാകുന്ന നാലാമത്തെ വനിതയും. വനിതാ ഗ്രാന്‍ഡ് മാസ്റ്റര്‍, ഇന്റര്‍നാഷണല്‍ മാസ്റ്റര്‍ എന്നീ പദവികളും ദിവ്യ സ്വന്തമാക്കിയിട്ടുണ്ട്.
Continue Reading

kerala

കൂടത്തായി കൊലപാതകം: ജോളിയുടെ ആദ്യ ഭര്‍ത്താവിന്റെ മരണം സയനൈഡ് ഉള്ളില്‍ച്ചെന്നെന്ന് ഫൊറന്‍സിക് സര്‍ജന്‍

കോഴിക്കോട് മെഡിക്കല്‍ കോളജ് ഫൊറന്‍സിക് വിഭാഗം മുന്‍ സര്‍ജന്‍ ഡോ.കെ പ്രസന്നനാണ് സാക്ഷി വിസ്താരത്തിനിടെ കോടതിയില്‍ മൊഴി നല്‍കിയത്

Published

on

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയില്‍ പ്രതി ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയ് തോമസ് മരിച്ചത് സയനൈഡ് ഉള്ളില്‍ച്ചെന്നാണെന്ന് ഫൊറന്‍സിക് സര്‍ജന്റെ മൊഴി. റോയ് തോമസിന്റെ ശരീരഭാഗങ്ങളുടെ രാസപരിശോധനാ റിപ്പോര്‍ട്ട് പ്രകാരം സയനൈഡ് സാന്നിധ്യം സ്ഥിരീകരിച്ചുവെന്നാണ് മൊഴി. കോഴിക്കോട് മെഡിക്കല്‍ കോളജ് ഫൊറന്‍സിക് വിഭാഗം മുന്‍ സര്‍ജന്‍ ഡോ.കെ പ്രസന്നനാണ് സാക്ഷി വിസ്താരത്തിനിടെ കോടതിയില്‍ മൊഴി നല്‍കിയത്.

കടലക്കറിയില്‍ സയനൈഡ് കലര്‍ത്തി ജോളി ആദ്യ ഭര്‍ത്താവ് റോയ് തോമസിനെ കൊലപ്പെടുത്തിയെന്നായിരുന്നു കേസ്. റോയി തോമസിന്റെ പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോ.ആര്‍.സോനു അന്തരിച്ചതിനാലാണ് അന്നു വകുപ്പിന്റെ ചുമതല വഹിച്ചുവന്ന ഡോ.കെ.പ്രസന്നന്റെ സാക്ഷി വിസ്താരം കോടതിയില്‍ രേഖപ്പെടുത്തിയത്. റോയിയുടെ മരണം ആത്മഹത്യയാണെന്നായിരുന്നു അന്ന് കണ്ടെത്തിയത്. റോയ് തോമസ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു എന്നായിരുന്നു പ്രതി ജോളിയുടെ മൊഴി.

കൂടത്തായിയില്‍ 2002 മുതല്‍ 2016വരെ ഒരേ കുടുംബത്തിലെ ആറുപേരെയാണ് ജോളി കൊലപ്പെടുത്തിയത്. റിട്ട. വിദ്യാഭ്യാസവകുപ്പ് ഉദ്യോഗസ്ഥന്‍ കൂടത്തായി പൊന്നാമറ്റം ടോം തോമസ് (66), ഭാര്യ റിട്ട. അധ്യാപിക അന്നമ്മ തോമസ് (60), ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയ് തോമസ് (40), അന്നമ്മയുടെ സഹോദരന്‍ എം.എം. മാത്യു മഞ്ചാടിയില്‍ (68), ടോം തോമസിന്റെ സഹോദരപുത്രന്‍ ഷാജു സ്‌കറിയയുടെ ഭാര്യ സിലി (44), മകള്‍ ആല്‍ഫൈന്‍ (2) എന്നിവരാണ് കൊല്ലപ്പെട്ടത്.

Continue Reading

kerala

എംആര്‍ അജിത് കുമാറിനെ പൊലീസില്‍ നിന്ന് മാറ്റി; എക്‌സൈസ് കമ്മീഷണറായി പുതിയ നിയമനം

ശബരിമല ട്രാക്ടര്‍ യാത്ര വിവാദമായതിന് പിന്നാലെയാണ് അജിത് കുമാറിനെ പൊലീസില്‍ നിന്ന് മാറ്റാനുള്ള തീരുമാനം ഉണ്ടായത്

Published

on

തിരുവന്തപുരം: എഡിജിപി എംആര്‍ അജിത് കുമാറിനെ പൊലീസില്‍ നിന്ന് മാറ്റി. എക്‌സൈസ് കമ്മീഷണറായിട്ടാണ് പുതിയ നിയമനം. ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി. ശബരിമല ട്രാക്ടര്‍ യാത്ര വിവാദമായതിന് പിന്നാലെയാണ് അജിത് കുമാറിനെ പൊലീസില്‍ നിന്ന് മാറ്റാനുള്ള തീരുമാനം ഉണ്ടായത്. സംഭവത്തില്‍ അജിത് കുമാറിന് വീഴ്ച സംഭവിച്ചതായി ഡിജിപി റിപ്പോര്‍ട്ട് നല്‍കുകയും നടപടിക്ക് ശുപാര്‍ശ നല്‍കിയിരുന്നു.

നിലവിലെ എക്‌സൈസ് കമ്മീഷണര്‍ മഹിപാല്‍ യാദവ് ചികിത്സാര്‍ഥം ലീവിലാണ്. ആ ഒഴിവിലാണ് പുതിയ നിയമനം. ബറ്റാലിയന്‍ എഡിജിപി സ്ഥാനത്ത് നിന്ന് മാറ്റിയാണ് അജിത് കുമാറിനെ എക്‌സൈസ് കമ്മീഷണറാക്കുന്നത്.

Continue Reading

Trending